ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts

Wednesday, 2 October 2013

ആത്മബന്ധം..







ഓര്‍മ്മകളില്‍ പോലും മറച്ചുവെക്കാന്‍ ഒന്നുമില്ലാതെ..
വാക്കുകളില്‍ പോലും ദാര്‍ഷ്ട്യമില്ലാതെ ...
സ്വപ്നങ്ങളില്‍ പോലും കളങ്കമില്ലാതെ....
അകലങ്ങളില്‍ ആണെങ്കില്‍ കൂടെ..
അടുത്തറിയുന്ന സ്നേഹ സ്പര്‍ശം...
വാത്സല്യ തലോടലില്‍ മറഞ്ഞിരുന്ന സാന്ത്വനം ...
തുറന്ന വാഗ്വാങ്ങള്‍ ..
പിണക്കങ്ങളില്‍ കൂടുകൂട്ടുന്ന ഇണക്കങ്ങള്‍ ..
കളിചിരികള്‍ക്കിടയിലെ കുഞ്ഞു നൊമ്പരക്കെട്ടുകള്‍ ..
സ്വാതന്ത്ര്യത്തോടെ ഉള്ള കുറ്റപ്പെടുത്തലുകള്‍ ..
മിഴിനീരു കൊണ്ട് കാവ്യങ്ങള്‍ മെനഞ്ഞ....
ഒരു സല്ലാപ നുറുങ്ങുവെട്ടം...
മറ്റാരാലും മാറ്റി വെക്കാനാവാത്ത...
സൌഹൃദം എന്ന ഓമനപേരിട്ടൊരു ...
ആത്മബന്ധത്തിന്റെ കഥ...

Thursday, 29 August 2013

എനിക്കെന്‍റെ അമ്മയെ വേണം...!


ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ഒരേട്.

നിറവയറുമായി എന്‍റെ വീട്ടിലേക്കു അവള്‍ ഓടി വരുമ്പോള്‍ ‍, അവളുടെ മനസ്സ് നിറയെ ഉത്കണ്ഠകള്‍ ആയിരുന്നു.എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ ഞാന്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ പുറകെ കള്ളു കുടിച്ചു ഒരു ബോധവും ഇല്ലാതെ പാഞ്ഞുവരുന്ന അവളുടെ ഭര്‍ത്താവിനെയാണ് കണ്ടത്.അയാള്‍ അലറി വിളിക്കുന്നുണ്ടായിരുന്നു..''അവളെ ഇങ്ങു ഇറക്കി വിട്..''കുറെ ഒച്ചപ്പാടുകള്‍ക്കൊടുവില്‍ അയാള്‍ അവിടെ തിണ്ണയില്‍ കിടന്നുറങ്ങി.നേരം പുലരുംവരെ അയാള്‍ക്കവള്‍ കാവലിരുന്നു .അവളുടെ കണ്ണുകളില്‍ ഇനി കരയാന്‍ കണ്ണുനീര്‍ ബാക്കിയില്ല..എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാന്‍ അവളുടെ ചാരെ വന്നിരുന്നു.അവള്‍ അവളുടെ കഥ പറഞ്ഞു തുടങ്ങി.ചില മാനസിക സമ്മര്‍ദ്ദത്താല്‍ ചെറിയ രീതിയില്‍ തുടങ്ങിയ മദ്യപാനം ഇവിടം വരെ കൊണ്ടെത്തിച്ചു.അതിനിടയില്‍ എപ്പോഴോ..ആഗ്രഹിക്കാതെ ഉരുവാക്കപെട്ട ഒരു കുഞ്ഞു ഹൃദയവും പേറി നടക്കുമ്പോള്‍ പലപ്പോഴും അതിനെ ഇല്ലാതാക്കാന്‍ നോക്കിയിരുന്നു..പക്ഷെ ദൈവ നിയോഗം എന്നപോലെ ...ആ കുഞ്ഞു അവളുടെ ശരീരത്തോട് ഒട്ടിക്കിടക്കുവായിരുന്നു..ഭര്‍ത്താവിന്റെ പീഡനം ആ കുഞ്ഞും ഏറെ സഹിച്ചു കാണണം!അമ്മയെ ഒന്ന് സഹായിക്കാന്‍ സാധിക്കാതെ അത് വിതുമ്പിയിരിക്കാം.അവള്‍ പറഞ്ഞു കൊണ്ടിരിക്കെ എന്‍റെ മേല്‍ തളര്‍ന്നു വീണു.ഞാന്‍ വേഗം ചേട്ടനെ വിളിച്ചു അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.നേരത്തോടു നേരം അവള്‍ ഒരു ആണ്‍ കുഞ്ഞിനു ജന്മം നല്‍കി.ഇതുവരെ അത്രയും  തൂക്കവും ആരോഗ്യവുമുള്ള ഒരു കുഞ്ഞു അവിടെ ഉണ്ടായിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.എല്ലാവരുടെ മുഖത്തും ഒരു സന്തോഷം.!പുറത്തെ കോളിങ്ങ്ബെല്ലിന്റെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി എഴുന്നേറ്റു വാതില്‍ തുറന്നു നോക്കിയപ്പോള്‍..കണ്ണിനെ വിശ്വസിക്കാന്‍ പറ്റാത്തവണ്ണം അവന്‍ എന്‍റെ മുന്നില്‍ ഒരാള്‍ വലുപ്പത്തില്‍ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു, കയ്യില്‍ ഒരു വലിയ കവറുമായി..അവന്‍ പറഞ്ഞു..''ചേച്ചി ഞാന്‍ അമേരിക്കയില്‍ നിന്നും ലീവിന് വന്നതാണ്,എന്‍റെ പഠനം എല്ലാം കഴിഞ്ഞു ഇപ്പൊ നല്ലൊരു ജോലിയില്‍ കയറി, അതിന്റെ ഒരു സന്തോഷത്തിനു '' എന്ന് പറഞ്ഞു അവന്‍ ആ കവര്‍ എനിക്ക് നേരെ നീട്ടി..എന്ത് പറയണം എന്നറിയാതെ..മനസ്സ് കൊണ്ട് ഒരായിരം നന്മകള്‍ ആ മകന് ഞാന്‍ നല്‍കി..എന്‍റെ സ്വപ്നത്തിന്റെ ബാക്കിപത്രമെന്നോണം അവന്‍ മുന്നില്‍ വന്നു നിന്നപ്പോള്‍ ,പണ്ടെപ്പോഴോ ഇല്ലാതാക്കാന്‍ നോക്കിയ ഒരു അമ്മയുടെ നിസ്സഹായ അവസ്ഥയും,''എനിക്കെന്റെ അമ്മയെ വേണമെന്ന് '' പറഞ്ഞു പൊക്കിള്‍ക്കൊടിയില്‍ കടിച്ചു തൂങ്ങിയ ആ മകനും..എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല..!

അനാദികാലം മുതലേ ജനനമരണങ്ങള്‍ തിട്ടപ്പെടുത്തി വച്ചിരിക്കുന്നു ,അത് മനുഷ്യന് അപ്രാപ്യമാം വിധം ബുദ്ധിക്കും ചിന്തക്കും അതീതമാണ്..എല്ലാം അതാതു കാലത്ത് തന്നെ നടക്കും.ഇത് ഒരു സാമാന്യ തത്വമാണ്.

Friday, 2 August 2013

അവളുടെ പ്രാര്‍ത്ഥന..






ഇന്ന് അവരുടെ പത്താം വിവാഹ വാര്‍ഷികം ആണ്. . ജീവിതത്തെ ഏറ്റവും മനോഹരമാക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൊച്ചു കുടുംബം..ഇനിയും എന്തൊക്കെയോ ലക്ഷ്യങ്ങള്‍ കണ്ടു മുന്നോട്ട് പോകുന്ന അവന്‍, തികഞ്ഞ ഈശ്വര വിശ്വാസിയും, അതിലേറെ ശുഭാപ്തി വിശ്വാസക്കാരനും ആണ്..അവരുടെ ജീവിതത്തില്‍ അങ്ങനെ പറയത്തക്ക, വഴക്കുകളോ പിണക്കങ്ങളോ ഉണ്ടായിരുന്നില്ല.. തികച്ചും ശാന്തപൂര്‍ണ്ണമായ കുടുബ ജീവിതം.. അവര്‍ക്ക് കൂട്ടിനു ഒരു കുഞ്ഞു പൂമ്പാറ്റക്കിളിയായി അമ്മുവും കൂടെ ഉണ്ട്..

ഉച്ചക്കുള്ള, വിഭവ സമൃദ്ധമായ സദ്യ കഴിച് മോളെയും ഉറക്കി, അവരൊരു ഉച്ചയുറക്കത്തിനുള്ള പുറപ്പാടാണ്.. മുറിയിലേക്ക് കടന്നു വന്ന അവന്‍ അവളോടായി പറഞ്ഞു..'' ചെറിയൊരു വേദന കുറച്ചു ദിവസങ്ങളായി ഈ നെഞ്ചിന്‍റെ ഭാഗത്തായി തോന്നുന്നുണ്ട്, ഒന്ന് ഡോക്ടറുടെ അടുത്തേക്ക് പോകണം.'' സാധാരണ എല്ലാം അവളോട് തുറന്നു പറയാറുള്ള ആള്‍, ഇപ്പോള്‍, എന്തേ ഇത് എന്നോട് നേരത്തേ പറഞ്ഞില്ല എന്ന് ആത്മഗതം ചെയ്തു.. കിടക്കയില്‍ നീണ്ടു നിവര്‍ന്ന കിടക്കുന്ന അവന്‍റെ മാറിലേക്ക് അവള്‍ തല ചായ്ച്ചു കിടന്നു..അവന്‍റെ ഹൃദയമിടിപ്പുകള്‍ അവള്‍ക്കു കേള്‍ക്കാമായിരുന്നു..അവളുടെ തലോടലില്‍ അവന്‍ ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു..അവള്‍ക്കു പക്ഷെ  ഉറങ്ങാന്‍ സാധിക്കുമായിരുന്നില്ല. മനസ്സാകെ അസ്വസ്ഥമായ അവള്‍ ഈശ്വരനോട്  അപേക്ഷിച്ചു...ദൈവമേ, ചേട്ടന്‍റെ ഈ വേദന എനിക്ക് നീ തരണമേ.. ഞാന്‍ ഇത് സ്വീകരിക്കാന്‍ തയ്യാറാണ്", ഈ ഒരേ ഒരു പ്രാര്‍ത്ഥന നീ കേള്‍ക്കണമേ.. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി..പതിയെ അവന്‍റെ ഹൃദയ താളങ്ങള്‍ അവളുടെ കര്‍ണ്ണപടങ്ങളില്‍ നിന്ന് മാഞ്ഞു പോകുന്നാതായി തോന്നി..

അമ്മുവിന്‍റെ കരച്ചില്‍ കേട്ട് ഉറക്കത്തില്‍ നിന്ന് അവന്‍ ഞെട്ടി ഉണര്‍ന്നു.. തന്‍റെ നെഞ്ചില്‍ തലചായ്ച്ചു കിടക്കുന്ന അവളെ അവന്‍ തട്ടി ഉണര്‍ത്താന്‍ ശ്രമിച്ചു, എങ്കിലും അവള്‍ ഉണര്‍ന്നില്ല..

Monday, 29 July 2013

തല്‍ക്കാലം ഒരു ഭാര്യ...




 
അവന്‍റെ വിവാഹം കഴിഞ്ഞു പതിനെട്ടു - പത്തൊന്‍പതു വര്‍ഷമായിക്കാണും . വീട്ടിലെ ബുദ്ധിമുട്ട് കണ്ടു സഹിക്കവയ്യാതെ  ആണ് അവന്‍ ആദ്യത്തെ കൊച്ചു ഉണ്ടായതോടെ ഗള്‍ഫിലേക്ക് പറന്നത്.ആദ്യ കാലഘട്ടങ്ങള്‍ അങ്ങനെ ഒരു യഥാര്‍ത്ഥ പ്രവാസി ആയി തന്നെ ജീവിച്ചുപോയി..പിന്നെ ഇന്നത്തെ ലോകം അല്ലെ! ജോലി കഴിഞ്ഞാല്‍ വീട്ടില്‍ ഒറ്റക്കിരിക്കുന്നതിനെക്കാള്‍ ഭേദമെന്നു കരുതി അവന്‍ എങ്ങനെ ഒക്കെയോ പൈസ സംഘടിപ്പിച്ച് ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ കമ്പ്യൂട്ടര്‍ വാങ്ങിച്ചു..പതിയെ അതിലെ വിസ്മയങ്ങള്‍ അവനു ഹരം പകര്‍ന്നു.നേരം വെളുക്കുവോളം അവന്‍ അതിനു മുന്നില്‍ ചിലവിട്ടാലും ക്ഷീണമോ തളര്‍ച്ചയോ അവനെ ബാധിച്ചില്ല.എല്ലാ ദിവസവും വീട്ടിലേക്കുള്ള വിളി മെല്ലെ ആഴ്ച്ചയില്‍ ഒന്നാക്കി വെട്ടി ചുരുക്കി.നാട്ടിലെ ഭാര്യയുടെയും കൊച്ചിന്റെയും സുഖവിവരങ്ങള്‍ അറിയാനുള്ള താല്പര്യം കുറഞ്ഞു വന്നു തുടങ്ങി..ഇതൊന്നുമറിയാതെ പാവം ഭാര്യ അവിടത്തെ ചിലവുകള്‍ എല്ലാം വെട്ടി ചുരുക്കി ഒരു മാസം എത്തിക്കാന്‍ നന്നേ പാടുപെടുകയായിരുന്നു.

അവന്‍ ഏതോ മാസ്മരിക ലോകത്തായിരുന്നു. അവിടെ കൂട്ടിനു ഒരു ഓണ്‍ലൈന്‍ ഫ്രണ്ട്നെയും കിട്ടി.അവര്‍ പരസ്പരം അടുത്തറിയാനും ഇടപഴകാനും തുടങ്ങി. അവരുടെ ബന്ധം അതിരുവിടുന്ന കാര്യം പരസ്പരം അറിഞ്ഞിട്ടും,ആ സത്യത്തെ മറച്ചു പിടിച്ച് തല്ക്കാല സുഖങ്ങളുടെ പിറകെ പോവുകയായിരുന്നു.അവന്‍ അവളോട്‌ പറഞ്ഞു '' നീ എന്‍റെ എല്ലാം ആണ്, എന്‍റെ ഭാര്യയുടെ സ്ഥാനത്താണ് , അതുകൊണ്ട്, ഒരു ഭാര്യയുടെ എല്ലാ സ്വാതന്ത്ര്യവും നിനക്കുണ്ട്.'' കേള്‍ക്കാന്‍ എത്ര മധുരമുള്ള വാക്കുകള്‍ അല്ലെ?? ഓര്‍ക്കണം അവളും ഒരു കുടുംബിനിയാണ് എന്ന സത്യം.അവള്‍ക്കും അവളുടെതായ പരിമിതികളും പോരായ്മകളും ഉണ്ട് എന്ന് രണ്ടു പേര്‍ക്കും അറിയാം. വര്‍ഷങ്ങള്‍ കടന്നുപോയി. ഇതിനിടയ്ക്ക് നാട്ടിലേക്ക് ലീവിന് പോയ അവന്  വലിയ അപകടം സംഭവിച്ച് ഒരു ഭാഗം തളര്‍ന്ന് മാസങ്ങളോളം ആയി കിടപ്പിലാണ്..കൊച്ചുങ്ങളുടെ അവധി ആയതിനാല്‍ അവളും കുടുംബവും നാട്ടില്‍ എത്തിയിരുന്നു. അവന്‍റെ അവസ്ഥ അവള്‍ വേദനയോടെ അറിഞ്ഞിരുന്നു. എന്നിരുന്നാലും, അവന്‍ മുന്നേ കൊടുത്ത ആ ഭാര്യയുടെ അവകാശവും പറഞ്ഞ് അടുത്തിരുന്നു ശുശ്രൂഷിക്കാന്‍ അവള്‍ക്കു ആകുമോ?? അല്ലെങ്കില്‍ അതിനു അവളെ സമൂഹം സമ്മതിക്കുമോ?? ഇനി അഥവാ ശുശ്രൂഷിച്ചാല്‍ തന്നെ എത്രനാള്‍?? അവള്‍ എന്നായാലും തിരിച്ചു പോകേണ്ടവള്‍  തന്നെ..വീട്ടിലെ സകല പണികളും കഴിഞ്ഞ് ഭര്‍ത്താവിന്‍റെ കിടയ്ക്കരികെ, ഒരു പോളപോലും കണ്ണടയ്ക്കാതെ ഭര്‍ത്താവിന്‍റെ ആരോഗ്യം തിരിച്ചു കിട്ടുന്നതിനു  വേണ്ടി പ്രാര്‍ത്ഥിച്ചു കാത്തിരിക്കുന്ന സ്വന്തം ഭാര്യോളം വരുമോ ഈ തല്‍ക്കാലത്തേക്ക് അവന്‍ പട്ടം ചാര്‍ത്തി നല്‍കിയ  ഭാര്യക്ക്???

അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അടുത്തിരിക്കുന്ന ഭാര്യയെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആവാതെ അവന്‍ സ്വയം ശപിച്ചുകൊണ്ടെയിരുന്നു.




Sunday, 26 June 2011

പ്രണയാക്ഷരങ്ങള്‍...!


വര്‍ഷം  1987 ഒരു മാര്‍ച്ച്  മാസം 12, അന്ന് അവളുടെ വിവാഹം ആയിരുന്നു.മനസ്സിലെ കുഞ്ഞു പ്രണയം ആരോടും പറയാതെ വീട്ടുകാരുടെ ഇഷ്ടത്തിന് അവള്‍ സമ്മതം മൂളി.അവളുടെ വീട്ടുകാര്‍ക്കെല്ലാം അവന്‍ ഒരു നല്ല സുഹൃത്ത് എന്നതില്‍ കവിഞ്ഞുള്ള ഒരു അടുപ്പം ഉള്ളതായി  തോന്നിയതുമില്ല. സാമ്പത്തികമായി അവളുടെ കുടുംബം കുറച്ചു പിന്നിലായിരുന്നു. അമ്മാവന്മാരുടെയെല്ലാം സഹായത്തോടെയാണ് ഈ വിവാഹം നടക്കുന്നത്..ഈ വിവാഹാലോചന വന്ന സമയം മുതല്‍ അവള്‍ ആകെ അസ്വസ്ഥയായിരുന്നു. താന്‍ ഇതെങ്ങനെ അവനോടു പറയും? അതോ തന്‍റെ ഇഷ്ടം അവനോടു പറഞ്ഞാല്‍ അവന്‍റെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നൊക്കെയുള്ള ചിന്തകള്‍ കൊണ്ട് മനസ്സാകെ നീറിപ്പുകഞ്ഞു. അവള്‍ വീടിനു പുറത്തിറങ്ങാതെ ഒതുങ്ങി.പലതവണ അവന്‍ കത്തുകളയചെങ്കിലും  മനസ്സുത്തുറന്നു ഒന്ന് പറയാന്പ്പോലും പറ്റാതെ അവള്‍ വീര്‍പ്പുമുട്ടി.അവളില്‍ നിന്ന് മറുപടിയൊന്നും കിട്ടാതെ വന്നപ്പോള്‍ അവന്‍ കത്തെഴുത്ത് നിര്‍ത്തി.ഇതിനിടയില്‍ അവന്‍ ജോലിയില്‍ പ്രവേശിച്ചു..ആയിടക്കു തന്നെ അവളുടെ വിവാഹവും നടന്നു.

ഇതൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കഥകള്‍.ഇന്ന് അവര്‍ രണ്ടു കുടുംബങ്ങളായി സസുഖം വാഴുന്നു.ഇതിനിടയ്ക്കെപ്പോഴോ അവര്‍ പരസ്പ്പരം ഫോണില്‍ സംസാരിക്കാനിടയായി.വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അവരുടെ കൂടിചേരലിന്  പക്ഷെ പണ്ടുള്ളതിനേക്കാള്‍ ദൃഡത കൂടിയതുപോലെ തോന്നിയിരുന്നു. വര്‍ഷങ്ങള്‍ കുറെ ആയതല്ലേ, ഒന്ന് നേരിട്ട് കാണണമെന്നുള്ള മോഹം രണ്ടുപേര്‍ക്കുമുണ്ടായി., അതില്‍ തെറ്റുള്ളതായി  അവരുടെ മനസ്സില്‍ തോന്നിയതുമില്ല. ഒരുപാട് വിശേഷങ്ങള്‍ പരസ്പ്പരം പറയാന്‍ അവര്‍ക്കുണ്ടായിരുന്നു. ഒന്ന് കണ്ടു എല്ലാം പറഞ്ഞു തീര്‍ക്കാമെന്ന് കരുതി അവര്‍ കാണുവാനുള്ള ദിവസവും സമയവും നിശ്ചയിച്ചുറപ്പിച്ചു..തന്‍റെ പഴയ ഒരു സഹപാഠിയെ കാണാന്‍ പോകുവാണെന്ന്  ഭര്‍ത്താവിനോട് ചെറിയൊരു കള്ളം പറയേണ്ടി വന്നു അവള്‍ക്ക്. അവനെ കാണുമ്പോള്‍ അവനു സമ്മാനിക്കാന്‍, അവളിലെ പ്രണയം തുറന്നു പറയാന്‍ അവളിന്നും നിധി പോലെ സൂക്ഷിക്കുന്ന അവന്‍റെ കത്തുകള്‍ അവളുടെ ബാഗില്‍ എടുത്തുവെച്ചു വീട്ടില്‍ നിന്നും യാത്രതിരിച്ചു..

സമയം രാവിലെ പത്തുമണി.നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ചു  അവളെയും കാത്ത് അവന്‍ അവള്‍ പഠിച്ച സ്കൂളിനു മുന്‍വശത്തെ ഗേറ്റില്‍ നിലയുറപ്പിച്ചിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ അവള്‍ ഒരു ഓട്ടോറിക്ഷയില്‍ സ്കൂളിലേക്ക് തിരിച്ചു.അന്ന് പതിവിലും കൂടുതല്‍ ട്രാഫിക് ഉണ്ടായിരുന്നു.''ഒന്ന് വേഗം'' എന്ന് അവള്‍ ഇടയ്ക്കിടയ്ക്ക് ഡ്രൈവെരോട് പറയുന്നുണ്ടായിരുന്നു.സ്കൂള്‍ എത്താന്‍ രണ്ടു നിമിഷം ബാക്കി..അവള്‍ക്ക് അവനെ ദൂരെ നിന്ന് കാണാമായിരുന്നു. അവളുടെ മനസ്സിലെ സന്തോഷത്തിനു അതിരില്ലായിരുന്നു...പക്ഷെ  ആ സന്തോഷത്തിനു  അധിക ആയുസ്സുണ്ടായില്ല.നേരെ മുന്നില്‍ വന്ന ഒരു ലോറി ഇവരെ ഇടിച്ചു തെറിപ്പിച്ചു.രക്തത്തില്‍  കുളിച്ചു കിടക്കുന്ന അവളില്‍ ജീവന്‍റെ ഒരംശം ബാക്കിയുണ്ടായിരുന്നു..നാട്ടുകാര്‍ ഓടിയെത്തി അവളെ കോരിയെടുത്ത് ഒരു വാഹനത്തിനായി നെട്ടോട്ടമോടുബോഴാണ് അവളെ കാത്ത് നില്‍ക്കുന്ന അവനെ കണ്ടത്..ഒട്ടും താമസിയാതെ അവര്‍ അവനോടു കാര്യങ്ങളെല്ലാം പറഞ്ഞു അവന്‍റെ കാറില്‍ അവളെ കയറ്റി ജില്ലാശുപത്രിയിലേക്ക് പാഞ്ഞു..തീവ്ര പരിചരണ വിഭാഗത്തിലേക്ക്  സ്ട്രെചെറില്‍ കൊണ്ട് പോകുമ്പോഴും അവള്‍ അവനെ കാണുന്നുണ്ടായിരുന്നു..ഒന്നും ഉരിയാടാനാവാതെ അവന്‍റെ കണ്‍വെട്ടത്തു നിന്നും അവള്‍ മാഞ്ഞു. ചോരക്കറ പൂണ്ട അവന്‍റെ കാര്‍ വൃത്തിയാക്കാനായി ഡോര്‍ തുറന്നപ്പോള്‍ സീറ്റിനു താഴെ വീണുകിടന്ന ആ ഹാന്‍ഡ്‌ ബാഗ്‌ തുറന്നു നോക്കിയവന്‍ സ്തംഭിച്ചു നിന്നു..ഇത് തന്‍റെ  പ്രിയപ്പെട്ടവളുടെതായിരുന്നു...ഒരുനിമിഷം അവന്‍റെ തലയാകെ പെരുക്കുന്നത് പോലെ തോന്നി..''ദൈവമേ...ജീവനുവേണ്ടി മല്ലടിക്കുമ്പോഴും തന്‍റെ ചാരത്ത് അവള്‍ കിടക്കുകയായിരുന്നെന്ന് താന്‍ അറിയാതെ പോയല്ലോ..."അവന്‍ അവളുടെ ബാഗ്‌ മാറോടുചേര്‍ത്ത്  എങ്ങി കരഞ്ഞു.

ഇന്നവള്‍ ഒരു ഓര്‍മ്മയാണ്. R.I.P എന്ന മൂന്നക്ഷരത്തിനകത്തു അവള്‍ക്കു പറയാനുണ്ടായിരുന്നതെല്ലാം അടക്കം ചെയ്തിരിക്കുന്നു..

"പറയാന്‍ കൊതിച്ച പ്രണയാക്ഷരങ്ങള്‍..
നിനക്കെകിടുന്നു ഞാനീ  പാനപാത്രത്തില്‍ നിന്ന്.. "

Wednesday, 22 June 2011

കാര്‍തുമ്പിക്കുക്കിട്ടിയ മയില്‍‌പ്പീലി..!


അനാഥയാണവള്‍! എങ്കിലും  അനാഥത്തിന്റെ വിങ്ങലുകള്‍ ഇല്ല അവളുടെ മുഖത്ത്..എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും മറ്റുള്ള കുട്ടികള്ലോടൊപ്പം അവരില്‍ ഒരാളായി അവള്‍ വളര്‍ന്നു.അവിടത്തെ അന്തേവാസികള്‍ക്ക് അവള്‍ എന്നും ഒരു സാന്ത്വനം ആയിരുന്നു.ഒരാളെ പോലും അവള്‍ അനാഥത്തിന്റെ അര്‍ത്ഥം അറിയിച്ചിരുന്നില്ല.യഥാര്‍ത്ഥത്തില്‍ അതൊരു കൊച്ചു കിളികൂടായിരുന്നു...കിളികള്‍ വന്നു പോയ്കൊണ്ടിരുന്നു.പരസ്പരം സ്നേഹിച്ചും സഹായിച്ചും താങ്ങും തണലുമായി കുറച്ചുപേര്‍.അവരില്‍ ഒരാള്‍ പോലും സ്വന്തം മാതാപിതാക്കളുടെ കുറവ് അറിഞ്ഞിരുന്നില്ല,എന്നല്ല, അവള്‍ അറിയിച്ചിരുന്നില്ല.അത്രമാത്രം അവള്‍ അവരെ സ്നേഹിച്ചിരുന്നു എന്ന് വേണം പറയാന്‍.

സ്കൂള്‍ പഠനം കഴിഞ്ഞു അവള്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കുവാനുള്ള തയ്യാറെടുപ്പായിരുന്നു.നല്ലൊരു കോളേജില്‍ തന്നെ അവള്‍ക്കു പ്രവേശനം കിട്ടി.സാമാന്യം കാണാന്‍ തരക്കേടില്ലാത്ത അവളോട്‌  പല ആണ്‍കുട്ടികളും  ചങ്ങാത്തം കൂടാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ കവിതകളുടെ രാജകുമാരിക്ക് അതില്‍ ഒരിക്കല്‍ പോലും ആകര്‍ഷണം തോന്നിയിരുന്നില്ല.ക്ലാസ്സിന്റെ ഇടവേളകളില്‍ ലൈബ്രറിയില്‍ നിന്നും എടുക്കുന്ന പുസ്തകത്തില്‍ ലയിചിരിക്കുമായിരുന്നു.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ അവളെ , അവളറിയാതെ ഒരാള്‍ പിന്തുടരുന്നുണ്ടായിരുന്നു.അവളെക്കാള്‍ രണ്ടോ മൂന്നോ വയസ്സ് കൂടുതല്‍ കാണുമായിരിക്കും.ഒരിക്കല്‍ പോലും മുഖത്ത് ദുഖം നിഴലിക്കാത്ത അവള്‍ ഒരു അനാഥയാണെന്ന സത്യം അധികമാര്‍ക്കുമറിയുമായിരുന്നില്ല.

ഒരുദിവസം അവളുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ ജന്മദിനവേളയില്‍ ഒരാള്‍ മന്ദഹസ്സിച്ചു കൊണ്ട് അവളുടെ നേരെ മുന്നില്‍ വന്നു നിന്നു.സ്വയം പരിചയപ്പെടുത്തി..''ഞാന്‍ രാഹുല്‍,ഡിഗ്രി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി.,ഇയാളുടെ പേരെങ്ങനെയാ?"പ്രതീക്ഷിക്കാതെ വന്ന ചോദ്യത്തിന് മുന്നില്‍ അവള്‍ തെല്ലോന്നമ്പരപ്പോടെ രാഹുലിനെ നോക്കി മെല്ലെ പറഞ്ഞു...''മീ...രാ..".ചെറു പുഞ്ചിരിയോടെ അവന്‍ അവള്‍ക്കൊരു കൊച്ചു പുസ്തകം കൊടുത്തു പറഞ്ഞു,''മീരക്ക് ഇതിഷ്ടാവും.''ഇത്രയും പറഞ്ഞു രാഹുല്‍ കൂട്ടുകാരുടെ ഇടയിലേക്ക് മറഞ്ഞു.അവള്‍ ആ പുസ്തകം തിരിച്ചും മറിച്ചും നോക്കി.അതിലെ താളുകളില്‍ അവളുടെ പ്രിയപ്പെട്ട കവി രചനകള്‍!സന്തോഷവും ഒപ്പം ആശ്ചര്യവും തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അതവള്‍ക്ക്‌.പുസ്തകം സമ്മാനിച്ച രാഹുലിന് ഒരു നന്ദിയെങ്കിലും പറയാന്‍ വേണ്ടി അവളുടെ കണ്ണുകള്‍ പരതിയെങ്കിലും അവള്‍ക്കവന്‍ കണ്ണെത്താ ദൂരത്തു നില്‍ക്കുന്നത് അവള്‍ ശ്രദ്ധിച്ചിരുന്നില്ല.

മുറിയിലെത്തിയ അവള്‍ കതകടച്ചു ആ പുസ്തകത്തിലൂടെ കണ്ണോടിച്ചു.അവളുടെ കണ്ണുകളില്‍ മിന്നിമായുന്ന ഭാവങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കുമായിരുന്നു.അത്രമാത്രം അവള്‍ അതില്‍ ലയിച്ചിരുന്നു.വായിക്കുന്നതിനിടയിലെപ്പോഴോ ഒരു മയില്‍‌പ്പീലി അവളുടെ ശ്രദ്ധയില്‍പെട്ടു.ആ താളിലെ കവിതയുടെ പേര് ''എന്‍റെ കാര്‍ത്തുമ്പിക്ക്'' എന്നതായിരുന്നു..ആകാംക്ഷയോടെ മീര അതിലെ വരികള്‍ സ്വാംശീകരിക്കാന്‍ തുടങ്ങി.അതില്‍ പറഞ്ഞിരുന്നത്,തന്റെ ഭാവനയിലെ കളിക്കൂട്ടുക്കാരിയെ നേരിട്ട് കണ്ടപ്പോള്‍ കവിയുടെ മനസ്സില്‍ തോന്നിയ വികാരാവിഷ്ക്കാരമായിരുന്നു..അത് വായിച്ച ശേഷം അവള്‍ ആ മയില്‍പ്പീലിയെ നോക്കി അറിയാതെ ഉരുവിട്ടു..''എന്‍റെ കാര്‍തുമ്പി.." എന്തെന്നില്ലാത്ത ഒരു വാത്സല്യം തോന്നി ആ മയില്പ്പീലിയോടു.പുറത്തു നിന്ന് ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ട് അവള്‍ വാതിലിനടുതെക്കു ഓടി ചെന്നു.പതിവില്ലാതെ കതകടച്ചിരിക്കുന്ന മീരയെ കണ്ടു , എന്ത് പറ്റി എന്ന് ചോദിച്ചു എത്തിയതായിരുന്നു അവിടത്തെ ഒരു മുതിര്‍ന്ന സിസ്റ്റര്‍.അവളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാള്‍ ആയിരുന്നു ആ സിസ്റ്റര്‍.അവരില്‍ നിന്ന് അവള്‍ക്കു മറച്ചു വെയ്ക്കാന്‍ ഒന്നുമില്ലതാനും.അവള്‍ ആ പുസ്തം എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു, എനിക്കിതോരാള്‍ തന്നതാ എന്ന്.അത് മറിച്ചു നോക്കി കൊണ്ട് സിസ്റ്റര്‍ പറഞ്ഞു-''മോളെ, നീ കാര്യ ഗൗരവമുള്ള ഒരു കുട്ടിയാണ്,എല്ലാം ആലോചിച്ചു വേണം എന്തും ചിന്തിക്കുവാനും, പറയുവാനും.''.സിസ്റ്റര്‍ എന്താ ഉദ്ദേശിച്ചതെന്നു അവള്‍ക്കു മനസ്സിലായി.ആ പുസ്തകം തലയിണക്കടിയില്‍ വെച്ച് അവള്‍ കിടന്നുറങ്ങി.പിറ്റേന്ന് ക്ലാസ്സില്‍ പോകുന്നതിനു മുന്നേ  ആ പുസ്തകതകം ബാഗില്‍ എടുത്തു വെയ്ക്കാനും  അവള്‍ മറന്നില്ല.

പതിവുപോലെ ക്ലാസുകള്‍ തുടങ്ങി.പെട്ടെന്നോരുകൂട്ടം വിദ്യാര്‍ഥികള്‍ ക്ലാസ്സിലേക്ക് ഇരച്ചുകയറി എല്ലാ കുട്ടികളോടും ക്ലാസ്സ്‌ വിട്ടുപോകാന്‍ ആവശ്യപെട്ടു.ആ തിക്കിലും തിരക്കിലും പെട്ട് അവളുടെ ബാഗില്‍ നിന്നും പുസ്തകങ്ങള്‍ തറയിലേക്കു ചിന്നിച്ചിതറി. ധൃതിയില്‍ നിലത്തു നിന്ന് പുസ്തകങ്ങള്‍ എടുക്കുന്നതിനിടയില്‍ അവള്‍ക്കു തലേന്ന് കിട്ടിയ ആ പുസ്തകം എങ്ങോ തെറിച്ചുവീണു.ഒരുപാട് നോക്കി ,എങ്ങും കണ്ടില്ല, അവള്‍ വിഷമത്തോടെ തിരികെപോയി..ഒരുപാട് സ്നേഹത്തോടെ ഒരു വ്യക്തി അവള്‍ക്കു കൊടുത്ത ആ സമ്മാനം നഷ്ടപെട്ട വേദന അവളുടെ മനസ്സിനെ നന്നായി ഉലച്ചു..വര്‍ഷങ്ങള്‍ കടന്നുപോയി.പഠനം പൂര്‍ത്തിയാക്കിയ അവള്‍ ഒരു സ്കൂളില്‍ അധ്യാപികയായി ജോലിയില്‍ കയറി..ഒഴിവു വേളകളില്‍ അവളുടെ സന്തത സഹചാരിയായ പുസ്തകങ്ങളുടെ ലോകത്ത് അവള്‍ ജീവിച്ചു..മനസ്സില്‍ കുറിച്ചിട്ട വരികള്‍ കവിതകളായി ഡയറിയില്‍ ഒതുങ്ങി. അതിലൊരു കവിതയുടെ പേരായിരുന്നു ..''എന്‍റെ മയില്‍‌പ്പീലി''. ആ കവിത ,അത്  അവളുടെ ഒരു കാണാ കിനാവിന്‍റെ നൊമ്പരമായിരുന്നു ..

അന്ന് ഒരു ഞായരാഴ്ചയായിരുന്നു.ആ അനാധമാന്ധിരത്തിലേക്ക് ഒരു കാര്‍ വന്നു നിന്നു.അവര്‍ ഒരു അഞ്ചുപേരുണ്ടായിരുന്നു..പ്രധാന സിസ്റ്റര്‍നെ കണ്ടു കാര്യങ്ങള്‍ സംസാരിച്ച ശേഷം അവര്‍ അവിടെ കാത്തിരുന്നു..അവിടത്തെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്ക്‌ പാട്ടുകള്‍ പാടി കൊടുക്കുകയായിരുന്ന മീരയോട്‌,പെട്ടെന്ന് ഒന്നൊരുങ്ങി വരാന്‍ പറഞ്ഞു.കാര്യമെന്തെന്നറിയാതെ അവള്‍ സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് ഒരുങ്ങി മുന്‍വശത്തെ മുറിയിലേക്ക് ചെന്നു.അവിടെ അധിഥികളായി വന്നവര്‍ അവളെ പെണ്ണുകാണാന്‍ വന്നവരായിരുന്നു.ഓരോരുത്തരായി അവളോട്‌ ഓരോ ചോദ്യങ്ങള്‍ ചോദിച്ചു.മന്ദസ്മിതത്തോടെ അവള്‍ ഉത്തരം പറഞ്ഞു..ഉത്തരങ്ങള്‍  പറയുന്നിതിനിടയില്‍ അവളുടെ കണ്ണുകള്‍ ചെറുക്കന്റെ മേല്‍ പതിഞ്ഞു..പെട്ടെന്ന് ഒരു നിഴല്‍പോലെ ഓരോ ചിത്രങ്ങള്‍ അവളുടെ മനസ്സിലൂടെ കടന്നുപോയി,പക്ഷെ തീര്‍ത്തങ്ങു  ഉറപ്പു പറയാനും  വയ്യ.പയ്യന്‍ അവളെ നോക്കി ചിരിച്ചു.വീട്ടുകാര്‍ക്കെല്ലാം മീരയെ ഇഷ്ടമായി.നിശ്ചയ്തിന്റെയും വിവാഹത്തിന്റെയും തിയതി വിളിച്ചറിയിക്കാം എന്നുപറഞ്ഞു അവര്‍ മടങ്ങി.അന്നവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.താന്‍ എവിടെയോ എപ്പോഴോ ഒരിക്കല്‍ കണ്ടു മറന്ന ഒരു മുഖം.എത്ര ഓര്‍ത്തിട്ടും അവള്‍ക്കു ഓര്‍മ്മ കിട്ടുന്നില്ല..

ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ വിവാഹ ദിവസമെത്തി.അവള്‍ക്കു ബന്ധുക്കള്‍ എന്ന് പറയാന്‍ ആ അനാഥ മന്ദിരത്തിലെ അന്തേവാസികള്‍ മാത്രമായിരുന്നു.അതൊന്നും ഒരു കുറവായി ചെറുക്കന്റെ വീട്ടുകാര്‍ കണക്കിലെടുത്തിരുന്നില്ല.മകന്റെ ഇഷ്ടമായിരുന്നു അവരുടേത്..ചെറിയ തോതില്‍ അവരുടെ വിവാഹം മംഗളകരമായി നടന്നു..ആ രാത്രിയില്‍ അവന്‍ അവളോട്‌ ഒരല്‍പ്പനേരം കണ്ണുകളടയ്ക്കാന്‍ പറഞ്ഞു..അവന്റെ കയ്യിലെ ആ പുസ്തകം അവന്‍ അവളുടെ കയ്കളിലേക്ക് വെച്ച്, എന്നിട്ട് ആ കണ്ണുകളില്‍ നോക്കി പറഞ്ഞു...'' എന്‍റെ കാര്‍തുമ്പിക്ക് ..!" അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല..അവള്‍ മനസ്സില്‍ പറഞ്ഞു..'' എന്‍റെ മയില്‍‌പ്പീലി..!

ആശംസകള്‍...!

Wednesday, 1 June 2011

''പെന്‍ ഫ്രണ്ട്..''

Pen and Paper Pictures, Images and Photos
ചുവരില്‍ കിടന്ന ഒരു പഴയ കല്യാണ ഫോട്ടോ ഇളകി നില്‍ക്കുന്ന പോലെ അവനു തോന്നി.ചാരുകസേരയില്‍ നിന്ന് മെല്ലെ എഴുന്നേറ്റ് ആ ഫോട്ടോ ഒന്ന് ശെരിക്കു വെക്കാന്‍ നോക്കുന്നതിനിടയില്‍ അതിന്‍റെ പുറകുവശത്ത് നിന്ന് പഴയ ഒരു പത്രത്തിന്‍റെ തുണ്ടു താഴെ വീണു.അവന്‍ കീശയില്‍ നിന്നും കണ്ണട എടുത്ത്‌ കണ്ണില്‍ വെച്ച് മെല്ലെ അതൊന്നു വായിക്കാന്‍ ശ്രമിച്ചു.അതില്‍ ഇങ്ങനെ എഴുതിയിരുന്നു..''പെന്‍ ഫ്രണ്ട്'' നെ ആവശ്യമുണ്ട്.അവന്‍റെ ഓര്‍മ്മകള്‍ അവനെ വര്‍ഷങ്ങള്‍ പുറകിലേക്ക് വലിച്ചു കൊണ്ടുപോയി.

അവന്‍ അന്ന് പ്രീ-ഡിഗ്രിക്ക് ചേര്‍ന്ന വര്‍ഷം,ഒരു പുതിയ ലോകം,എല്ലാം നിറപകിട്ടാര്‍ന്ന കാഴ്ചകള്‍.കൂട്ടുകൂടാന്‍ ഒരുപാടുപേര്‍ ഉണ്ടായിട്ടും, എല്ലാവരിലും നിന്ന് വ്യത്യസ്തനായ അവന്‍ താന്‍ ഇന്ന് വരെ കാണുകയും കേള്‍ക്കുകയും ചെയ്യാത്ത ഒരു കൂട്ടിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി.ആ സമയത്താണ് മനോരമ പത്രത്തിലെ ഒരു പരസ്യം അവന്‍റെ ശ്രദ്ധയില്‍ പെട്ടത്.''പെന്‍ ഫ്രണ്ട് നെ ആവശ്യമുണ്ട്''.ഈ ഒരാശയം അവന്‍റെ മനസ്സിലെവിടെയോ തങ്ങിനിന്നു.ദിവസങ്ങള്‍ക്കുള്ളില്‍ അവനു പറ്റിയൊരു കൂട്ട് അവനെ തേടിയെത്തി.ലക്ഷ്മി എന്നായിരുന്നു അവളുടെ പേര്.കത്തുകളിലൂടെയും പിന്നെ ഫോണിലൂടെയും അവര്‍ ഇഷ്ടങ്ങളും വേദനകളും കൈമാറി.നല്ലൊരു സുഹൃത്തെന്നപ്പോലെ അവന്‍ അവളെ ആശ്വസിപ്പിക്കുകയും,ഉപദേശിക്കുകയും ചെയ്തിരുന്നു.ഒരു സുഹൃദ്ധുബന്ധത്തിനുമപ്പുറം, ഒന്നും അവന്‍ ആഗ്രഹിച്ചിരുന്നില്ല. അവളുടെ പല പെരുമാറ്റങ്ങളും ചില സംസാരരീതികളും അവന്‍ തിരുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അവള്‍ക്കു അവളുടേതായ ചില നിബന്ധനകള്‍ ഉണ്ടായിരുന്നു.ഇത് അവന്‍റെ മനസ്സിനെ ഒന്ന് ഉലച്ചെങ്കിലും അവന്‍ അത് പുറത്തുകാണിച്ചില്ല.പലപ്പോഴും അവളുടെ വേദനകളില്‍ തോന്നിയ ഒരു സഹതാപമാവാം, അതൊരു പ്രണയത്തിലേക്ക് വഴിവെച്ചു.അധികനാള്‍ കഴിയും മുന്നേ അവര്‍ അവരുടെ ഇഷ്ടങ്ങള്‍ വീട്ടുകാരെ അറിയിച്ചെങ്കിലും,അവര്‍ ആഗ്രഹിച്ച ഒരു മറുപടി കിട്ടിയിരുന്നില്ല..എന്തുതന്നെ ആയാലും, വീട്ടുക്കാരുടെ സമ്മതത്തോടെ മാത്രം അവര്‍ ഒന്നാവാന്‍ തീരുമാനിച്ചു.ഈ ഒരു പ്രശ്നംക്കൊണ്ട്തന്നെ ലക്ഷ്മിയുടെ വീട്ടുകാര്‍ അവളെ വീടുതടങ്കിലിലാക്കി.പതിയെ അവര്‍ തമ്മിലുള്ള ബന്ധം അകലുവാനും തുടങ്ങി.

ആയിടക്ക്‌ അവനു ഒരു ആക്സിടെന്റ് ഉണ്ടാവുകയും അവന്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു.അവിടെ വെച്ച് അവന്‍ മായ എന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. തനിക്കു ഇഷ്ടമില്ലാത്ത മറ്റൊരു വ്യക്തിയുമായി നിശ്ചയം കഴിഞ്ഞു നില്‍ക്കുന്ന അവളുടെ വേദനകള്‍ കേട്ട് അവന്‍റെ മനസ്സലിഞ്ഞു.ഒരിക്കലും ഒന്നിക്കാനാവില്ലെന്നറിഞ്ഞിട്ടും അവര്‍ പരസ്പ്പരം എല്ലാം മറന്നു ഒന്നായി.അവന്‍റെ ജീവിതത്തിലേക്ക് അവളെ കൊണ്ടുവരണമെന്ന് അതിയായ ആഗ്രഹംവെച്ചുകൊണ്ട് അവള്‍ക്കു നിശ്ചയിച്ചുറപ്പിച്ച പയ്യനോട് ഈ കാര്യങ്ങളെല്ലാം അവളറിയാതെ അവന്‍ ഒരു കത്തിലൂടെ സൂചിപ്പിച്ചു.എന്നാല്‍,''താന്‍ എന്തുത്തന്നെ ആയാലും അവളെ തന്നെ വിവാഹം ചെയ്യും'' എന്ന ആ പയ്യന്‍റെ മറുപടികേട്ട് അവന്‍ സ്തംബനായി .മാസങ്ങള്‍ കഴിഞ്ഞു അവന്‍ വീണ്ടും ഏകനായി.ആയിടക്ക്‌ മായയുടെ വിവാഹവും കഴിഞ്ഞിരുന്നു..മനസ്സിന്‍റെ വിങ്ങലുകള്‍ ഒന്നിറക്കി വെക്കാന്‍പ്പോലും ആരുമില്ലാതെ ഇരുന്ന സമയത്താണ് അപ്രതീക്ഷിതമായി ലക്ഷ്മി അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ അഭ്യര്‍ഥനയുമായി അവന്‍റെ മുന്നില്‍ എത്തുന്നത്‌..തന്‍റെ ജീവിതത്തിലുണ്ടായ എല്ലാ വീഴ്ചകളും അവന്‍ അവളോട്‌ തുറന്നു പറഞ്ഞു.അവന്‍റെ മനസ്സറിഞ്ഞ അവള്‍ അവനെ പൂര്‍ണ്ണ ഹൃദയത്തോടെ ജീവിതത്തിലേക്ക് ക്ഷണിച്ചു.അവര്‍ സുഖമായി ജീവിക്കാന്‍ തുടങ്ങി.ഇതിനിടയില്‍ മായയുടെ ജീവിതത്തില്‍ വിള്ളലുകള്‍ ഉണ്ടായി, അവള്‍ പോലുമറിയാതെ, അവളെ കുറിച്ചെല്ലാമറിഞ്ഞ അവളുടെ ഭര്‍ത്താവ് അവളെ പഴിചാരാന്‍ തുടങ്ങി. കുത്തവാക്കുകളും പീഡനങ്ങളും സഹിക്കവയ്യാതെ അവള്‍ വിവാഹ മോചനത്തിനായി അപേക്ഷിച്ചു.കേസ് കോടതിയിലെത്തി ,പ്രതിഭാഗം വാദം കേള്‍ക്കാനായി ജട്ജിയദ്ധേഹം ആവശ്യപ്പെട്ടു.വാദിക്കാന്‍ വന്ന വകീലിനെ കണ്ടു അവള്‍ കുഴഞ്ഞുവീണു..അത് അവന്‍ ആയിരുന്നു..ചില അസൌകര്യങ്ങളുണ്ടെന്നു പറഞ്ഞു അവന്‍ ആ കേസില്‍ നിന്നു ഊരിയെങ്കിലും പിന്നീട് അവന്‍ കോടതിപ്പടി കയറിയിട്ടില്ല.

ഓര്‍മ്മകള്‍ ഒന്നൊന്നായി അവനെ വേട്ടയാടികൊണ്ടിരിക്കുമ്പോള്‍, അകത്തു നിന്നു ലക്ഷ്മി ചായയുമായി അടുത്ത് വന്നു.അവന്‍ അവളുടെ നേരെ ആ കടലാസ്സുതുണ്ട് നീട്ടി പറഞ്ഞു- ''പെന്‍ ഫ്രണ്ട്..!''

Thursday, 27 January 2011

ജനുവരി ഒരു ഓര്‍മ്മ.!

ഇത് ഒരു സിനിമയുടെ പേരല്ലേ എന്ന് തോന്നുന്നുണ്ടാവാം അല്ലെ?എന്‍റെ ജീവിതത്തിലും കാര്‍മേഘാ പടലം പരത്തിയ ഒരു മാസമാണ് ജനുവരി.ഒരു തീരാ നഷ്ടത്തിന്‍റെ കണക്കുണ്ട് ഈ മാസത്തില്‍ .ആര്‍ക്കും നികത്താനാവാത്ത നഷ്ടം.എന്റെ ഡാഡി ഈ ലോകത്തോട്‌ വേര്‍പിരിഞ്ഞ മാസം.ഒരുപാട് ഓര്‍മ്മകള്‍ ഒന്നും തരാതെ തന്നെ മറ്റൊരു ലോകത്തിലെവിടെയോ ഒരു നക്ഷത്രമായി മിന്നുന്നുണ്ടാവാം..ഒരു ഭാര്യയും,നാലു മക്കളും ഈ ലോകത്തില്‍ ഒറ്റപെട്ട ദിവസം-ജനുവരി 13.

ഓര്‍ക്കാന്മാത്രം എന്‍റെ കയ്യില്‍ ഒന്നുമില്ല,ഒന്നറിയാം ഡാഡിക്ക് ഞങ്ങളെ ജീവനായിരുന്നു.പ്രതേകിച്ചും ആ പത്തു വയസ്സുകാരിയായ എന്നെ.കടിഞ്ഞൂല്‍ പുത്രി ആയതുകൊണ്ടാവാം..കൂടുതല്‍ ലാളനയും എനിക്കാണ് കിട്ടിയിരുന്നത് .ഡാഡി മരിക്കുമ്പോള്‍ എന്‍റെ കുഞ്ഞനുജന് ഒന്നര വയസ്സ്.അവന്റെ ഓര്‍മ്മകളിലെ ഡാഡി എന്ന് പറയുന്നതിനേക്കാള്‍ സങ്കല്‍പ്പത്തിലെ ഡാഡിയെ പറ്റി ചോദിക്കുന്നതായിരിക്കും നല്ലത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ദിവസം രാവിലെ എന്തോ അസ്വസ്ഥത തോന്നി വെറുതെ ഡോക്ടര്‍ടെ അടുത്ത് ചെന്ന ഡാഡി പിന്നെ തിരിച്ചു വന്നില്ല,മമ്മിയെ അന്വേഷിച്ചു ബന്ധുക്കളില്‍ ആരോ വന്നു ആശുപത്രിയിലേക്ക് കൂട്ടി കൊണ്ട് പോയി.ഞങ്ങളില്‍ മൂന്നുപേര്‍ അന്ന് സ്കൂളില്‍ പോയിരിക്കുകയായിരുന്നു..വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഞങ്ങളെയും കൂട്ടി ആശുപത്രിയിലേക്ക് മമ്മി പോയി.ജീവന്‍ മാത്രം ബാക്കി നില്‍ക്കെ അബോധാവസ്ഥയില്‍ കിടക്കുന്ന ഡാഡിയെ കണ്ടു മക്കളായ ഞങ്ങള്‍ക്കൊന്നും മനസിലായില്ല.ആരോ മമ്മി യോട് പറയുന്നത് കേട്ടു-മഞ്ഞപിത്തം രക്തത്തില്‍ കലര്‍ന്നെന്നും ,അത് പിന്നെ പനി ആയി തലയ്ക്കു സാരമായ കേടുണ്ടാക്കിയെന്നും മറ്റുമൊക്കെ..യഥാര്‍ത്ഥത്തില്‍ എന്താണ് ഉണ്ടായതെന്ന് എനിക്കിപ്പോഴും അറിയില്ല, അതറിയാന്‍ ഞാന്‍ മമ്മിയെ സമീപിച്ചതുമില്ല.

ഒരുപാട് ചോദിച്ചിട്ടും ഒന്നും വ്യക്തമായി പറയാതിരുന്ന ആ ഡോക്ടര്‍ (ഈ ഡോക്ടര്‍ ഡാഡി മരിച്ചതിന്‍റെ നാലാം ദിവസം ഒരു ലോഡ്ജ്ജ് മുറിയില്‍ തൂങ്ങി മരിച്ചെന്നു പത്ര വാര്‍ത്തകളില്‍ വന്നിരുന്നു.) നേരെ കോയമ്പത്തൂര്‍ ഹോസ്പിറ്റലിലേക്ക് റെഫര്‍ ചെയ്തു.വേണ്ടതെല്ലാം അദ്ദേഹം തന്നെ ചെയ്തു തന്നു..ഞങ്ങളെ തറവാട്ടിലാക്കി, ഡാഡിയുടെ കൂടെ മമ്മിയും കോയമ്പത്തൂരിലേക്ക് പോയി.ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഡാഡിയെ കാണാന്‍ മക്കളായ ഞങ്ങള്‍ ജനുവരി 12 നു കോയമ്പത്തൂരിലേക്ക് ചെന്നു.വാശി പിടിച്ചത് കൊണ്ടാവാം എന്നെ മാത്രം  കാണാന്‍ അനുവദിച്ചു.ശ്വാസം മാത്രം ബാക്കിയാക്കി ഒന്നുമറിയാതെ കിടക്കുന്ന ഡാഡി യെ നോക്കി ഞാന്‍ നിറ കണ്ണുകളോടെ വിളിച്ചു,ഉറക്കെ വിളിച്ചു..''ഡാഡി''..എന്‍റെ കണ്ണുനീര്‍ ആ മുഖത്തില്‍ വീണത്‌ കൊണ്ടാണോ എന്നറിയില്ല,അടഞ്ഞിരുന്ന കണ്ണുകള്‍ പാതി തുറന്നു എന്നെ നോക്കി ..ഡാഡി യുടെ കണ്ണുകളിലും കണ്ണീര്‍ എനിക്ക് കാണാമായിരുന്നു.പെട്ടെന്ന് ഡാഡി എന്നോട് എന്തോ പറയുന്നതുപോലെ തോന്നി.ഡാഡി പറയുമ്പോള്‍ നാവു കുഴയുന്നുണ്ടായിരുന്നു...അത് ഇങ്ങനെ ആയിരുന്നു..''മോളെ ഡാഡി പോവുകയാണ്..''തോന്നലല്ല അത് ..അത് തന്നെയാണ് പറഞ്ഞത്.. പത്തു വയസ്സുകാരിക്ക് ആ പറഞ്ഞതിന്റെ പൊരുള്‍ അന്ന് മനസ്സിലായിരുന്നില്ല..

ജനുവരി 13
ഡാഡി യെ കണ്ടു മടങ്ങിയ ഞങ്ങള്‍ പതിവുപോലെ അന്നും സ്കൂളില്‍ പോയി.ഉച്ചയായി കാണില്ല ഞങ്ങളെ വീട്ടില്‍ കൊണ്ട് ചെല്ലാന്‍ ഞങ്ങളുടെ ബന്ധുക്കള്‍ സ്കൂളില്‍ വന്നിരുന്നു.കാര്യം എന്താണെന്ന് ഞാനവരോട് പലവട്ടം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ''ഡാഡി ക്ക് അസുഖമെല്ലാം മാറി വീട്ടില്‍ എത്തിയെന്ന്.'' അവരത് പറയുമ്പോള്‍ ഒരു സന്തോഷവും അവരുടെ മുഖത്തു ഞാന്‍ കണ്ടിരുന്നില്ല. ഒരുപാട് ചോദ്യങ്ങള്‍..!!വീടിനു മുന്നില്‍ ഓട്ടോ റിക്ഷയില്‍ നിന്നിറങ്ങിയ ഞങ്ങളെ വരവേറ്റത് ഒരു ജനകൂട്ടം ആയിരുന്നു.ഞാന്‍ വീടിനകത്തേക്ക്‌ ഓടിച്ചെന്നപ്പോള്‍, അലമുറയിട്ടു കരയുന്ന എന്‍റെ മമ്മിയെയും എന്‍റെ ബന്ധുക്കളെയും ആണ്. എന്നെ കെട്ടിപിടിച്ചു മമ്മി പറഞ്ഞു..''മോളെ നമ്മുടെ ഡാഡി നമ്മളെ വിട്ടു പോയി.'' എന്ന്! എന്ത് ചെയണം എന്നറിയാതെ മമ്മിയെ കെട്ടിപിടിച്ചു ഒരുപാട് നേരം ഞാനും കരഞ്ഞു..എന്‍റെ അരികത്തായി ഭംഗി യായി അലങ്കരിച്ച ശവമഞ്ചത്തില്‍ കിടക്കുന്ന വെള്ള പുതച്ച എന്‍റെ ഡാഡിയെ ഞാന്‍ തൊട്ടപ്പോള്‍ ആക്കെ തണുപ്പായിരുന്നു ആ ശരീരത്ത്!..നിര്‍ജ്ജീവമായി കിടക്കുന്ന ഡാഡിയോട് ഞാന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു,ഒന്നിനും എനിക്ക് മറുപടി കിട്ടിയിരുന്നില്ല..കരഞ്ഞു തളര്‍ന്ന ഞാന്‍ എപ്പോഴോ കിടന്നുറങ്ങി..പിന്നീട് കണ്ണു തുറന്നപ്പോള്‍ വീട് ശ്യൂന്യമായിരുന്നു..അവിടെ ജനകൂട്ടം ഇല്ല,എന്‍റെ ഡാഡിയെയും ഞാന്‍ കണ്ടില്ല.ഒരു മുറിയില്‍ കണ്ണീര്‍ വാര്‍ത്തിയിരിക്കുന്ന മമ്മിയുടെ മടിയില്‍ ഞങ്ങള്‍ നാലു മക്കള്‍..!

ഇന്നും ജനുവരി മാസം എനിക്ക് പേടി സ്വപ്നമാണ്..ഒപ്പം ഒരു നഷ്ട സ്വപ്നവും.!


(ഇതെഴുതുമ്പോഴും എന്‍റെ കണ്ണുകള്‍ ഈറന്‍ അണിയുന്നുണ്ടായിരുന്നു..അറിയാതെ ..!)

Wednesday, 1 September 2010

''യു നോ................"????

മിക്കപ്പോഴും തോന്നുന്ന ഒരു കാര്യമാണിത് - മാനസീകമായി  പീഡയനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന ശാരീരിക വേദനകളെക്കാള്‍ എത്രയോ കൂടുതല്‍ ആണ്. ‍!ഹൃദയം നുറുങ്ങുന്ന അവസ്ഥകള്‍.നിശബ്ധതയിലെ ആ തേങ്ങലിനെ ഭേദിക്കാന്‍ ഒരു ഇളം തെന്നല്‍ പോലും കടന്നു വന്നെന്നു വരില്ല.സ്വയം ഉരുകി,ആ വേദനയെ കടിച്ചമര്‍ത്തുമ്പോള്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനു കാഠിന്യം ഏറെയാണ്‌.അതൊന്നു ഒപ്പിയെടുക്കാന്‍,ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും നാം ആഗ്രഹിക്കാറുണ്ട്.ആഗ്രഹങ്ങളും മുറിവുകളും ബാക്കിയാക്കി നാമറിയാതെ നിദ്രയിലാണ്ടുപോവാറുമുണ്ട്.

ഞാനിതിവിടെ പറയാന്‍ കാരണവുമുണ്ട്.കഴിഞ്ഞ ദിവസം സംസാരിച്ചുക്കൊണ്ടിരിക്കെ ഇടയ്ക്കെപ്പോഴോ ഞാന്‍ അമ്മയോട് ''യു നോ ''? എന്ന് ഉച്ച സ്വരത്തില്‍ ചോദിച്ചു.ഒരു ''യു നോ'' യില്‍ എന്തിരിക്കുന്നു അല്ലെ? നമ്മള്‍ പലപ്പോഴും സംസാരിക്കുമ്പോള്‍,നാം ആഗ്രഹിക്കുന്ന രീതിയില്‍ ആയിരിക്കണം മറ്റെയാള്‍ എടുക്കണ്ടത് എന്ന് നമുക്ക് ശഠിക്കാന്‍ വയ്യ.എല്ലാവരും മനുഷ്യന്മാര്‍ തന്നെയാണ്, എങ്കിലും എല്ലാവരുടെയും വീക്ഷണം ഒന്ന് പോലെ ആയിരിക്കണം എന്ന് നമുക്ക് ഒരിക്കലും പറയാന്‍ പറ്റില്ല.ഞാന്‍ പറയുന്ന രീതിയിലും മറ്റെയാള്‍ അത് എങ്ങനെ മനസ്സില്‍ ഗ്രഹിക്കുന്നു എന്നാ രീതിയിലും ശ്രദ്ധിക്കേണ്ടതുണ്ട്.ഞാന്‍ പറഞ്ഞത് മറ്റെയാള്‍ക്ക് മനസ്സിലായിട്ടില്ലെങ്കില്‍ അവിടെ എനിക്ക് നഷ്ടപ്പെടുന്നത് ''വിവേകമാണ്''.മറ്റെയാള്‍ ഞാന്‍ പറയുന്നത് ഗ്രഹിക്കുന്നില്ലെങ്കില്‍ അവിടെ അയാള്‍ക്ക്‌ നഷ്ടമാവുന്നത് ''വിവേചനം' ആണ്.

''യു നോ'' അതൊരു ഇംഗ്ലീഷ് വാക്കാണ്‌.രണ്ടു രീതിയില്‍ നമുക്കതിനെ പറയാം.ഒന്ന് ചോദ്യശരത്തില്‍ ഉറക്കെ ചോദിക്കുന്നതാവാം.അല്ലെങ്കില്‍ ''അറിയുമോ' എന്ന് മൃദുവായി ചോദിക്കുന്നതുമാവാം.അതെടുക്കേണ്ട രീതിയില്‍ വ്യത്യാസമുണ്ട്.ഞാന്‍ ഒരുപക്ഷെ ആദ്യത്തെ രീതിയില്‍ പറഞ്ഞിട്ടുണ്ടാവാം.എന്‍റെ മനസ്സില്‍ ഒന്നും കാണില്ലായിരിക്കാം, പക്ഷെ ഞാന്‍ അതുപയോഗിച്ച സന്ദര്‍ഭവും ,ഉപയോഗിച്ച രീതിയും കാരണമാവാം അത് രണ്ടാളുടെയും മാനസ്സികസമര്‍ദ്ധങ്ങള്‍ക്ക് വഴി വെച്ചത്.


===> നമ്മുടെ സംസാരത്തില്‍ ''വിവേകം'' ആവശ്യം ആണ്.
===> നമ്മുടെ കേള്‍വിയില്‍ ''വിവേചനം'' അനിവാര്യം ആണ്..
===> വിവേചനവും വിവേകവും ഇല്ലെങ്കില്‍ അത് തെറ്റുദ്ധാരണകളിലേക്ക് വഴിതെളിക്കും.

Sunday, 15 August 2010

മരണത്തെ സ്നേഹിച്ച പെണ്‍കുട്ടി...!

കണ്ണടച്ചാല്‍ അവന്റെ കണ്ണുകളില്‍ അവളുടെ രൂപമായിരുന്നു.ഇന്നലെ വരെ കളിയാക്കിയും ചിരിച്ചും കൂടെ നിന്നിരുന്ന തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ അകാല മരണം അവനെ വല്ലാതെ തളര്‍ത്തി.അവള്‍ മരണത്തെ മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.വിടര്‍ന്ന കണ്ണുകളും ആരെയും ആകര്‍ഷിക്കുന്ന ചിരിയും തുറന്ന സംസാരവും ഉള്ള അവളെ ആരും ഇഷ്ടപ്പെടാതെ വരികയില്ല..അധികം ആരുമായും അത്ര വേഗം ഇടപഴകാത്ത മീര എന്ന അവള്‍ രാഹുലിന്റെ ഉറ്റ മിത്രമായത് തികച്ചും സ്വാഭാവികമായിട്ട്!ആദ്യമൊക്കെ കുറച്ചു അകലം സൂക്ഷിചെങ്കിലും, പിന്നീടങ്ങോട്ടുള്ള മീരയുടെയും രാഹുലിന്റെയും ചങ്ങാത്തം വളരെ ആഴമുള്ളതായി തീര്‍ന്നു.അവര്‍ക്കിടയില്‍ ഒളിച്ചു വെക്കേണ്ടതായി ഒന്നുമുണ്ടായില്ല.തമാശക്കിടയില്‍ പലപ്പോഴും അവളെ പിന്തുടരുന്ന മരണത്തെ പറ്റി രാഹുലിനോട് സൂചിപ്പിക്കുമായിരുന്നു.ഇത് കേള്‍ക്കുമ്പോള്‍ പിണങ്ങി പോകുന്നതും തിരിച്ചു കൊണ്ടുവരുവാന്‍ അവള്‍ പാട്ട് പാടി കൊടുക്കുന്നതും അവര്‍ക്കിടയില്‍ സ്ഥിരമായി.

വേദനകളെ സ്വയം ഏറ്റുവാങ്ങുന്ന അവളുടെ മനസ്സിനെ അവനു ഒരുപാട് ഇഷ്ടമായിരുന്നു.മനസ്സുകൊണ്ട് അവള്‍ക്കു ഒരാപത്തും വരല്ലേ എന്നവന്‍ ഈശ്വരനോട് എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു.അങ്ങനെയിരിക്കെ ആ ആഴ്ചയിലെ വാരാന്ത്യത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം അവന്‍ വായിക്കുവാന്‍ ഇടവന്നു . അതിന്ടെ തലക്കെട്ട്‌ ഇങ്ങനെ ആയിരുന്നു-''മരണത്തെ സ്നേഹിച്ച പെണ്‍കുട്ടി..'' വെറുതെ വായിച്ചു പോയെങ്കിലും എവിടെയോ ഒരു ദുഃഖം അവന്റെ മനസ്സില്‍ അറിയാതെ കയറികൂടിയിരുന്നു.രണ്ടു ദിവസമായി ഒരു വിവരവും ഇല്ലാതിരുന്ന മീരയെ അന്വേഷിച്ചു രാഹുല്‍ അവളുടെ ഹോസ്റ്റലില്‍ ചെന്നന്വേഷിച്ചപ്പോള്‍ മനസ്സിലായി, എന്തോ ഒരു വയ്യായ്ക കൊണ്ട് അവള്‍ വീട്ടിലേക്കു പോയിരുന്നെന്ന്.തന്നോട്‌ ഒരു വാക്കുപോലും പറയാതെ പോയ അവള്‍ക്കു ഒരു കുഞ്ഞു ശിക്ഷയെങ്കിലും കൊടുക്കണം എന്ന് അവന്‍ മനസ്സില്‍ കരുതി അവളെ അന്വേഷിക്കാന്‍ പോയതും ഇല്ല.

ഒരാഴ്ച കഴിഞ്ഞും മീരയെ കാണാതായപ്പോള്‍,ആകെ അസ്വസ്ഥമായ അവനെ വരവേറ്റത് അവളുടെ മരണവാര്‍ത്തയായിരുന്നു.എന്തു ചെയ്യണം എന്നറിയാതെ ..അവന്‍ പൊട്ടി കരയാന്‍ തുടങ്ങി.അവനെ ഒന്ന് ആശ്വസിപ്പിക്കാന്‍ അവന്റെ കൂട്ടുക്കാര്‍ക്കായില്ല..തന്റെ വാശിയാണ്...ഇതിനൊക്കെ കാരണം എന്ന് സ്വയം കുറ്റം പറഞ്ഞു അവന്‍ അവിടെ ബോധരഹിതനായി താഴെ വീണു.കൂട്ടുക്കാര്‍ അവനെ പൊക്കിയെടുത്തു ഒരു കട്ടിലില്‍ കിടത്തി, മുഖത്തല്‍പ്പം വെള്ളം തളിച്ചു.കണ്ണു തുറന്ന അവന്‍ ആദ്യം അന്വേഷിച്ചത് ''എന്റെ മീരയെവിടെ??'' എന്നായിരുന്നു.എന്തുത്തരം പറയണം എന്നറിയാതെ കൂട്ടുകാര്‍ ആകെ വിഷമിച്ചു.പെട്ടെന്ന് എന്തോ ഓര്‍മ്മ വന്നതുപോലെ അവന്‍ അവന്റെ ബാഗു തുറന്നു ആ വാരാന്ത്യം എടുത്തു മറിച്ചു നോക്കി...''മരണത്തെ സ്നേഹിച്ച പെണ്‍കുട്ടി..'' താഴെ ആയി കണ്ടു ,ഇത് എഴുതിയത് -''മീര''!

Sunday, 18 July 2010

വിരഹത്തിന്‍റെ കാത്തിരുപ്പ്...!

അവന്‍ അവളില്‍ നിന്നും മാറിനിന്നിട്ടു നേരം ഏറെ ആയില്ല, എങ്കില്‍ പോലും അവളുടെ കണ്ണുകളിലെ വിരഹത്തിനു ജന്മങ്ങളുടെ നോവുണ്ടായിരുന്നു.കാത്തിരുപ്പിന്റെ ഒടുവിലാണ് അവര്‍ പരസ്പ്പരം കണ്ടുമുട്ടിയതെങ്കിലും,അവരുടെ മനസ്സിന്‍റെ ഉള്ളറകളിലെ ആത്മാവിന് ഇന്നും തൊണ്ണൂറുകളിലെ യൌവനത്തിന്റെ ഹൃദയ മിടിപ്പുകളും കുറെ സ്വപ്നങ്ങളും മോഹങ്ങളും മാത്രമായിരുന്നു...രണ്ടു പേരുടെയും ജീവിതത്തിന്റെ ഒരധ്യായം പിന്നിട്ടു കഴിഞ്ഞെങ്കിലും ,ഇന്നും അവര്‍ അവര്‍ക്ക് നഷ്ടപെട്ടുപോയ പവിഴങ്ങള്‍ അന്വേഷിച്ചുള്ള യാത്ര തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഭൂതകാലത്തിന്റെ ഈരടികള്‍ അവര്‍ ഒരുമിച്ചു പാടാന്‍ തുടങ്ങിയിരിക്കുന്നു..ഒരേ മനസ്സും, ഒരേ ആത്മാവുമായി അവരങ്ങനെ അവരുടെ നിഷ്കളങ്കമായ ലോകത്തിങ്ങനെ വര്‍ണ്ണങ്ങള്‍ ചാലിച്ചു കൊണ്ടിരിക്കുന്നു..

വര്‍ഷം 1990, ഒരു ജൂണ്‍ മാസം.

കടുത്ത വേനലിന് വിരാമമിട്ടു ദൂരെ ആകാശത്ത് കാര്‍മേഘക്കൂട്ടങ്ങള്‍ കശപിശ കൂടുന്നു..ആ ബഹളത്തിനിടയില്‍ ഒരു വലിയ മഴത്തുള്ളി അവളുടെ മേല്പ്പതിച്ചു..അവള്‍ മനസ്സില്‍ പറഞ്ഞു.--മഴക്കാലത്തിന്റെ തുടക്കമായിരിക്കുന്നു..ഒപ്പം വിദ്യാരംഭത്തിന്റെയും.അവളുടെ കുഞ്ഞനുജന്മാര്‍ പുതിയ ബാഗും അതില്‍ പുസ്തകങ്ങളും ഒതുക്കി വെയ്ക്കുന്നതിന്റെ തിരക്കിലാണ്..ദൂരേക്ക്‌ കണ്ണും നട്ട് മഴയെ വരവേല്‍ക്കുവാന്‍ നില്‍ക്കുന്ന അവളെ കണ്ടു അമ്മ ചോദിച്ചു-''ഇതെന്താ ഒരു പതിവില്ലാതെ നീ തനിയെ ഇങ്ങനെ മാറി നിക്കുന്നെ, ഇവരെ ഒന്ന് സഹായിചൂടെ?" .''ഏയ്‌ ഒന്നുമില്ലമ്മേ, എന്ന് പറഞ്ഞെങ്കിലും അവള്‍ മനസ്സില്‍ പറയുന്നുണ്ടായിരുന്നു-''ഹോ..ഒന്ന് സമാധാനത്തില്‍ ഈ മഴയെ ഒന്ന് കാണാന്‍ പോലും സമ്മതിക്കുന്നില്ലല്ലോ.''.അവള്‍ ഇങ്ങനെയാണ്, അവളുടെ സാമ്രാജ്യമാണ്‌ ഈ ചുറ്റുമുള്ള പ്രകൃതിയും,മഴയും, കാറ്റും ,രാത്രിയില്‍ മിന്നുന്ന മിന്നാമിനുങ്ങുകളും,ദൂരെ കണ്ണിറുക്കി കാട്ടുന്ന നക്ഷത്രക്കൂട്ടങ്ങളും ഒക്കെ...

ഇനി നാളെ വീണ്ടും കോളേജ്ജിലേക്ക് .അന്നും പതിവുപോലെ ക്ലാസ്സില്‍ നിന്നും തിരിച്ചെത്തി അവള്‍ ചായകപ്പുമായി വരാന്ധയിലേക്ക് നടന്നു.ഗേറ്റ് തുറന്നു കടന്നു വന്ന പോസ്റ്റ്മാന്‍ അവളുടെ പേരില്‍ വന്ന ഒരു കത്ത് അവള്‍ക്ക് കൊടുത്തു..''എന്താ ഇത്? എനിക്കൊരു കത്തോ? ഇതാരാണിപ്പോള്‍, എനിക്കിങ്ങനെ ഒരു കത്തയക്കാന്‍, ? അവള്‍ ആ കത്ത് തിരിച്ചും മറിച്ചും നോക്കി.എവിടെ നിന്ന് എന്നറിയില്ല, ഏതായാലും അമ്മ കാണാതെ അത് തുറന്നു നോക്കാന്‍ തീരുമാനിച്ചു. അതില്‍ ഇത്ര മാത്രം എഴുതിയിരുന്നു..

" നഷ്ടപ്പെട്ട വേരുകള്‍ തേടി ഞാനലഞ്ഞു..
ഞാനെത്തിപ്പെട്ടെത് നിന്‍ വാകമരചോട്ടില്‍..
ആ തണലില്‍ ഞാനല്പ്പനേരമിങ്ങനെ..ഒരു ദേശാടനക്കിളിയെ പോലെ...."

എന്ന് ഒരുപാടിഷ്ടത്തോടെ..

ഓര്‍മ്മകള്‍ അവളെ മാസങ്ങള്‍ക്ക്  മുമ്പ് നടന്ന കോളേജ് ആര്‍ട്സ് ഫെസ്ടിവല്ലിലേക്ക് കൊണ്ടുപോയി. താന്‍ എഴുതി സ്റെജില്‍ അവതരിപ്പിച്ച ഈ കവിതയെങ്ങനെ..??ആലോചിച്ചു നില്‍ക്കും മുന്നേ വീട്ടിലെ കാളിംഗ് ബെല്‍ മുഴങ്ങിക്കൊണ്ടിരുന്നു.ഓടിച്ചെന്നു വാതില്‍ തുറന്നു നോക്കിയപ്പോള്‍ മനോഹരമായ ഒരു പ്പൂചെണ്ടുമായി ഒരാള്‍.എനിക്കുനേരെ നീട്ടി പറഞ്ഞു-''താന്‍ വളരെ മനോഹരമായി ആ കവിത അവതരിപ്പിചെന്ന്''.കയ്യിലെ കത്തിന്റെ ഉടമയെ തന്‍ കണ്ടെത്തിയെന്നു അവള്‍ക്കു ബോധ്യപ്പെട്ടു.സ്വയം പരിചയപ്പെടുത്തിയ ശേഷം അവന്‍ അവളുടെ കണ്ണുകളിലേക്കു കുറെ നേരമിങ്ങനെ നോക്കി.''ആരാ മോളെ...എന്ന് ചോദിച്ചു വരുന്ന അമ്മയെ കണ്ടു അവന്‍ ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു.''ഞാന്‍ കൃഷ്ണ,മീരയുടെ കവിത കേട്ട് ഒന്ന് അഭിനന്ദിക്കാന്‍ വന്നതാണ്, ബുദ്ധിമുട്ടായതില്‍ കഷമിക്കണം..''കുറച്ചുനേരംക്കൂടി അവിടെയിരുന്നു അവരോടു സംസാരിച്ച ശേഷം അവന്‍ യാത്രപറഞ്ഞിറങ്ങി.അത് ഒരു കടിഞ്ഞൂല്‍ പ്രണയത്തിന്റെ തുടക്കമായിരുന്നു..മനസ്സുകള്‍ കൈമാറാന്‍ അധിക നാള്‍ വേണ്ടിവന്നില്ല..അവനിലെ കവിയെ അവള്‍ തിരിച്ചറിഞ്ഞു,അവന്‍റെ പല കവിതകളും അവളുടെ സ്വരത്തില്‍ പുറത്തു വന്നു..ഇതുപോലെയുള്ള ധന്യ മുഹൂര്‍ത്തങ്ങള്‍ അവരുടെ ജീവിതത്തില്‍ ദിനചര്യയായി മാറി.ആ നിശബ്ദ പ്രണയത്തില്‍ ഒരു കാര്‍ഗില്‍ യുദ്ധം കടന്നുവരുമെന്നു അവര്‍ നിനചിരിക്കില്ല..

അപ്രതീക്ഷിതമായെത്തിയ അവന്‍റെ ഒരു ഫോണ്‍ കാള്‍!''മീര,നമ്മുടെ ഈ പവിത്രമായ സ്നേഹ ബന്ധത്തില്‍ നീ വിശ്വസിക്കുന്നെങ്കില്‍ ഞാനിപ്പം പറയാന്‍ പോകുന്ന കാര്യം കേട്ട് വിഷമിക്കരുത്, എന്‍റെ ജോലിയുടെ ഭാഗമായി ഞാന്‍ കാര്‍ഗിലെലേക്ക് പോകുന്നു..നമ്മുടെ രാജ്യത്തിനായിട്ട് .. നീ കാത്തിരിക്കണം എനിക്ക് വേണ്ടി.."വര്‍ഷങ്ങള്‍ ഋതുക്കള്‍ പോലെ കടന്നുപോയ്ക്കൊണ്ടിരുന്നു..കാത്തിരിപ്പിനൊടുവില്‍ വീണ്ടും അവര്‍ പരസ്സ്പ്പരം കണ്ടുമുട്ടി.,..ആ സന്തോഷം തീരും മുന്നേ...വീണ്ടും ഒരു കാത്തിരുപ്പ്....സ്വയം മറന്നു അവളുടെ സ്വപ്നങ്ങളില്‍ മുഴുകിയിരിക്കവേ അതാ, ഫോണ്‍ റിംഗ് ചെയ്യുന്നു..''കൃഷ്ണ കാളിംഗ്..'' അവള്‍ വേഗം അതെടുത്തു..''ഹെലോ,മീര...ഞാന്‍  കാശ്മീരിലെത്തി  ഇവിടെ റേഞ്ച് കുറവാണ്,കുറെ ദൂരം നടന്നു ട്രൈ ചെയ്തിട്ടാണ് കിട്ടിയത്..വിഷമിക്കരുത്...ഞാന്‍ വരും...പറഞ്ഞുതീരും മുന്നേ കാള്‍ ഡിസ്കണക്റ്റ് ആയി..സ്വയം സങ്കടം ഉള്ളിലൊതുക്കി വെച്ച് അവളിങ്ങനെ അലസമായി നടക്കുന്നതിനിടയില്‍ ഒരു മഴതുള്ളി അവളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങി. അവളുടെ കണ്ണുനീരിനെ ഇല്ലാതാക്കാന്‍ അതിനു കഴിയുമോ...പറഞ്ഞു തീര്‍ന്നില്ല...മഴയുടെ വര്‍ഷഘോഷങ്ങളുമായി വീണ്ടുമൊരു മഴക്കാലത്തിന്റെ തുടക്കം...ഒപ്പം കാത്തിരുപ്പിന്റെയും..

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ