ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Wednesday 22 June 2011

കാര്‍തുമ്പിക്കുക്കിട്ടിയ മയില്‍‌പ്പീലി..!


അനാഥയാണവള്‍! എങ്കിലും  അനാഥത്തിന്റെ വിങ്ങലുകള്‍ ഇല്ല അവളുടെ മുഖത്ത്..എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും മറ്റുള്ള കുട്ടികള്ലോടൊപ്പം അവരില്‍ ഒരാളായി അവള്‍ വളര്‍ന്നു.അവിടത്തെ അന്തേവാസികള്‍ക്ക് അവള്‍ എന്നും ഒരു സാന്ത്വനം ആയിരുന്നു.ഒരാളെ പോലും അവള്‍ അനാഥത്തിന്റെ അര്‍ത്ഥം അറിയിച്ചിരുന്നില്ല.യഥാര്‍ത്ഥത്തില്‍ അതൊരു കൊച്ചു കിളികൂടായിരുന്നു...കിളികള്‍ വന്നു പോയ്കൊണ്ടിരുന്നു.പരസ്പരം സ്നേഹിച്ചും സഹായിച്ചും താങ്ങും തണലുമായി കുറച്ചുപേര്‍.അവരില്‍ ഒരാള്‍ പോലും സ്വന്തം മാതാപിതാക്കളുടെ കുറവ് അറിഞ്ഞിരുന്നില്ല,എന്നല്ല, അവള്‍ അറിയിച്ചിരുന്നില്ല.അത്രമാത്രം അവള്‍ അവരെ സ്നേഹിച്ചിരുന്നു എന്ന് വേണം പറയാന്‍.

സ്കൂള്‍ പഠനം കഴിഞ്ഞു അവള്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കുവാനുള്ള തയ്യാറെടുപ്പായിരുന്നു.നല്ലൊരു കോളേജില്‍ തന്നെ അവള്‍ക്കു പ്രവേശനം കിട്ടി.സാമാന്യം കാണാന്‍ തരക്കേടില്ലാത്ത അവളോട്‌  പല ആണ്‍കുട്ടികളും  ചങ്ങാത്തം കൂടാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ കവിതകളുടെ രാജകുമാരിക്ക് അതില്‍ ഒരിക്കല്‍ പോലും ആകര്‍ഷണം തോന്നിയിരുന്നില്ല.ക്ലാസ്സിന്റെ ഇടവേളകളില്‍ ലൈബ്രറിയില്‍ നിന്നും എടുക്കുന്ന പുസ്തകത്തില്‍ ലയിചിരിക്കുമായിരുന്നു.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ അവളെ , അവളറിയാതെ ഒരാള്‍ പിന്തുടരുന്നുണ്ടായിരുന്നു.അവളെക്കാള്‍ രണ്ടോ മൂന്നോ വയസ്സ് കൂടുതല്‍ കാണുമായിരിക്കും.ഒരിക്കല്‍ പോലും മുഖത്ത് ദുഖം നിഴലിക്കാത്ത അവള്‍ ഒരു അനാഥയാണെന്ന സത്യം അധികമാര്‍ക്കുമറിയുമായിരുന്നില്ല.

ഒരുദിവസം അവളുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ ജന്മദിനവേളയില്‍ ഒരാള്‍ മന്ദഹസ്സിച്ചു കൊണ്ട് അവളുടെ നേരെ മുന്നില്‍ വന്നു നിന്നു.സ്വയം പരിചയപ്പെടുത്തി..''ഞാന്‍ രാഹുല്‍,ഡിഗ്രി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി.,ഇയാളുടെ പേരെങ്ങനെയാ?"പ്രതീക്ഷിക്കാതെ വന്ന ചോദ്യത്തിന് മുന്നില്‍ അവള്‍ തെല്ലോന്നമ്പരപ്പോടെ രാഹുലിനെ നോക്കി മെല്ലെ പറഞ്ഞു...''മീ...രാ..".ചെറു പുഞ്ചിരിയോടെ അവന്‍ അവള്‍ക്കൊരു കൊച്ചു പുസ്തകം കൊടുത്തു പറഞ്ഞു,''മീരക്ക് ഇതിഷ്ടാവും.''ഇത്രയും പറഞ്ഞു രാഹുല്‍ കൂട്ടുകാരുടെ ഇടയിലേക്ക് മറഞ്ഞു.അവള്‍ ആ പുസ്തകം തിരിച്ചും മറിച്ചും നോക്കി.അതിലെ താളുകളില്‍ അവളുടെ പ്രിയപ്പെട്ട കവി രചനകള്‍!സന്തോഷവും ഒപ്പം ആശ്ചര്യവും തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അതവള്‍ക്ക്‌.പുസ്തകം സമ്മാനിച്ച രാഹുലിന് ഒരു നന്ദിയെങ്കിലും പറയാന്‍ വേണ്ടി അവളുടെ കണ്ണുകള്‍ പരതിയെങ്കിലും അവള്‍ക്കവന്‍ കണ്ണെത്താ ദൂരത്തു നില്‍ക്കുന്നത് അവള്‍ ശ്രദ്ധിച്ചിരുന്നില്ല.

മുറിയിലെത്തിയ അവള്‍ കതകടച്ചു ആ പുസ്തകത്തിലൂടെ കണ്ണോടിച്ചു.അവളുടെ കണ്ണുകളില്‍ മിന്നിമായുന്ന ഭാവങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കുമായിരുന്നു.അത്രമാത്രം അവള്‍ അതില്‍ ലയിച്ചിരുന്നു.വായിക്കുന്നതിനിടയിലെപ്പോഴോ ഒരു മയില്‍‌പ്പീലി അവളുടെ ശ്രദ്ധയില്‍പെട്ടു.ആ താളിലെ കവിതയുടെ പേര് ''എന്‍റെ കാര്‍ത്തുമ്പിക്ക്'' എന്നതായിരുന്നു..ആകാംക്ഷയോടെ മീര അതിലെ വരികള്‍ സ്വാംശീകരിക്കാന്‍ തുടങ്ങി.അതില്‍ പറഞ്ഞിരുന്നത്,തന്റെ ഭാവനയിലെ കളിക്കൂട്ടുക്കാരിയെ നേരിട്ട് കണ്ടപ്പോള്‍ കവിയുടെ മനസ്സില്‍ തോന്നിയ വികാരാവിഷ്ക്കാരമായിരുന്നു..അത് വായിച്ച ശേഷം അവള്‍ ആ മയില്‍പ്പീലിയെ നോക്കി അറിയാതെ ഉരുവിട്ടു..''എന്‍റെ കാര്‍തുമ്പി.." എന്തെന്നില്ലാത്ത ഒരു വാത്സല്യം തോന്നി ആ മയില്പ്പീലിയോടു.പുറത്തു നിന്ന് ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ട് അവള്‍ വാതിലിനടുതെക്കു ഓടി ചെന്നു.പതിവില്ലാതെ കതകടച്ചിരിക്കുന്ന മീരയെ കണ്ടു , എന്ത് പറ്റി എന്ന് ചോദിച്ചു എത്തിയതായിരുന്നു അവിടത്തെ ഒരു മുതിര്‍ന്ന സിസ്റ്റര്‍.അവളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാള്‍ ആയിരുന്നു ആ സിസ്റ്റര്‍.അവരില്‍ നിന്ന് അവള്‍ക്കു മറച്ചു വെയ്ക്കാന്‍ ഒന്നുമില്ലതാനും.അവള്‍ ആ പുസ്തം എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു, എനിക്കിതോരാള്‍ തന്നതാ എന്ന്.അത് മറിച്ചു നോക്കി കൊണ്ട് സിസ്റ്റര്‍ പറഞ്ഞു-''മോളെ, നീ കാര്യ ഗൗരവമുള്ള ഒരു കുട്ടിയാണ്,എല്ലാം ആലോചിച്ചു വേണം എന്തും ചിന്തിക്കുവാനും, പറയുവാനും.''.സിസ്റ്റര്‍ എന്താ ഉദ്ദേശിച്ചതെന്നു അവള്‍ക്കു മനസ്സിലായി.ആ പുസ്തകം തലയിണക്കടിയില്‍ വെച്ച് അവള്‍ കിടന്നുറങ്ങി.പിറ്റേന്ന് ക്ലാസ്സില്‍ പോകുന്നതിനു മുന്നേ  ആ പുസ്തകതകം ബാഗില്‍ എടുത്തു വെയ്ക്കാനും  അവള്‍ മറന്നില്ല.

പതിവുപോലെ ക്ലാസുകള്‍ തുടങ്ങി.പെട്ടെന്നോരുകൂട്ടം വിദ്യാര്‍ഥികള്‍ ക്ലാസ്സിലേക്ക് ഇരച്ചുകയറി എല്ലാ കുട്ടികളോടും ക്ലാസ്സ്‌ വിട്ടുപോകാന്‍ ആവശ്യപെട്ടു.ആ തിക്കിലും തിരക്കിലും പെട്ട് അവളുടെ ബാഗില്‍ നിന്നും പുസ്തകങ്ങള്‍ തറയിലേക്കു ചിന്നിച്ചിതറി. ധൃതിയില്‍ നിലത്തു നിന്ന് പുസ്തകങ്ങള്‍ എടുക്കുന്നതിനിടയില്‍ അവള്‍ക്കു തലേന്ന് കിട്ടിയ ആ പുസ്തകം എങ്ങോ തെറിച്ചുവീണു.ഒരുപാട് നോക്കി ,എങ്ങും കണ്ടില്ല, അവള്‍ വിഷമത്തോടെ തിരികെപോയി..ഒരുപാട് സ്നേഹത്തോടെ ഒരു വ്യക്തി അവള്‍ക്കു കൊടുത്ത ആ സമ്മാനം നഷ്ടപെട്ട വേദന അവളുടെ മനസ്സിനെ നന്നായി ഉലച്ചു..വര്‍ഷങ്ങള്‍ കടന്നുപോയി.പഠനം പൂര്‍ത്തിയാക്കിയ അവള്‍ ഒരു സ്കൂളില്‍ അധ്യാപികയായി ജോലിയില്‍ കയറി..ഒഴിവു വേളകളില്‍ അവളുടെ സന്തത സഹചാരിയായ പുസ്തകങ്ങളുടെ ലോകത്ത് അവള്‍ ജീവിച്ചു..മനസ്സില്‍ കുറിച്ചിട്ട വരികള്‍ കവിതകളായി ഡയറിയില്‍ ഒതുങ്ങി. അതിലൊരു കവിതയുടെ പേരായിരുന്നു ..''എന്‍റെ മയില്‍‌പ്പീലി''. ആ കവിത ,അത്  അവളുടെ ഒരു കാണാ കിനാവിന്‍റെ നൊമ്പരമായിരുന്നു ..

അന്ന് ഒരു ഞായരാഴ്ചയായിരുന്നു.ആ അനാധമാന്ധിരത്തിലേക്ക് ഒരു കാര്‍ വന്നു നിന്നു.അവര്‍ ഒരു അഞ്ചുപേരുണ്ടായിരുന്നു..പ്രധാന സിസ്റ്റര്‍നെ കണ്ടു കാര്യങ്ങള്‍ സംസാരിച്ച ശേഷം അവര്‍ അവിടെ കാത്തിരുന്നു..അവിടത്തെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്ക്‌ പാട്ടുകള്‍ പാടി കൊടുക്കുകയായിരുന്ന മീരയോട്‌,പെട്ടെന്ന് ഒന്നൊരുങ്ങി വരാന്‍ പറഞ്ഞു.കാര്യമെന്തെന്നറിയാതെ അവള്‍ സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് ഒരുങ്ങി മുന്‍വശത്തെ മുറിയിലേക്ക് ചെന്നു.അവിടെ അധിഥികളായി വന്നവര്‍ അവളെ പെണ്ണുകാണാന്‍ വന്നവരായിരുന്നു.ഓരോരുത്തരായി അവളോട്‌ ഓരോ ചോദ്യങ്ങള്‍ ചോദിച്ചു.മന്ദസ്മിതത്തോടെ അവള്‍ ഉത്തരം പറഞ്ഞു..ഉത്തരങ്ങള്‍  പറയുന്നിതിനിടയില്‍ അവളുടെ കണ്ണുകള്‍ ചെറുക്കന്റെ മേല്‍ പതിഞ്ഞു..പെട്ടെന്ന് ഒരു നിഴല്‍പോലെ ഓരോ ചിത്രങ്ങള്‍ അവളുടെ മനസ്സിലൂടെ കടന്നുപോയി,പക്ഷെ തീര്‍ത്തങ്ങു  ഉറപ്പു പറയാനും  വയ്യ.പയ്യന്‍ അവളെ നോക്കി ചിരിച്ചു.വീട്ടുകാര്‍ക്കെല്ലാം മീരയെ ഇഷ്ടമായി.നിശ്ചയ്തിന്റെയും വിവാഹത്തിന്റെയും തിയതി വിളിച്ചറിയിക്കാം എന്നുപറഞ്ഞു അവര്‍ മടങ്ങി.അന്നവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.താന്‍ എവിടെയോ എപ്പോഴോ ഒരിക്കല്‍ കണ്ടു മറന്ന ഒരു മുഖം.എത്ര ഓര്‍ത്തിട്ടും അവള്‍ക്കു ഓര്‍മ്മ കിട്ടുന്നില്ല..

ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ വിവാഹ ദിവസമെത്തി.അവള്‍ക്കു ബന്ധുക്കള്‍ എന്ന് പറയാന്‍ ആ അനാഥ മന്ദിരത്തിലെ അന്തേവാസികള്‍ മാത്രമായിരുന്നു.അതൊന്നും ഒരു കുറവായി ചെറുക്കന്റെ വീട്ടുകാര്‍ കണക്കിലെടുത്തിരുന്നില്ല.മകന്റെ ഇഷ്ടമായിരുന്നു അവരുടേത്..ചെറിയ തോതില്‍ അവരുടെ വിവാഹം മംഗളകരമായി നടന്നു..ആ രാത്രിയില്‍ അവന്‍ അവളോട്‌ ഒരല്‍പ്പനേരം കണ്ണുകളടയ്ക്കാന്‍ പറഞ്ഞു..അവന്റെ കയ്യിലെ ആ പുസ്തകം അവന്‍ അവളുടെ കയ്കളിലേക്ക് വെച്ച്, എന്നിട്ട് ആ കണ്ണുകളില്‍ നോക്കി പറഞ്ഞു...'' എന്‍റെ കാര്‍തുമ്പിക്ക് ..!" അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല..അവള്‍ മനസ്സില്‍ പറഞ്ഞു..'' എന്‍റെ മയില്‍‌പ്പീലി..!

ആശംസകള്‍...!

Tuesday 21 June 2011

ഇരുളിന്‍റെ ദത്തുപുത്രി...



ഇരുള്‍ പതിച്ച വീഥികളിലൂടെ ...
കറപറ്റിയ തനവുമായ് ..
ദുഖത്തിന്റെ കയ്പ്പുനീരുമേന്തി..
അവള്‍ നടന്നടുക്കുകയാണ്..

ആരിവിടെ..ആരിവിടെ...ഉച്ചത്തിലവള്‍ നിലവിളിച്ചു..
ക്ഷുദ്ര ജീവികള്‍പോലുമവളെ പേടിച്ചു പിന്‍വാങ്ങി..
ഇന്നവളില്‍ വികാരങ്ങളില്ല,തോരാകണ്ണുനീരുമില്ല..
ഉള്ളിന്‍റെയുള്ളില്‍ നിന്നുയരുന്ന നിഷ്ബ്ധരോധനം മാത്രം..

അവളൊരു പാവമായിരുന്നു..
പൂമ്പാറ്റകള്‍ക്കൊപ്പമവള്‍ ആടിത്തുടിച്ചിരുന്നു..
ഒരുനാളൊരുകഴുകനവളെ വലവിരിച്ചു..
ഇഴയാനാവാത്തവിധം അവള്‍ നിലംപതിച്ചു..

അവളിപ്പോള്‍ അനാഥയാണ്..
നഷ്ടപ്പെട്ട താരാട്ടിന്റെ ഈണമവള്‍ക്കിന്നു പുച്ഛമാണ്..
എറിഞ്ഞിട്ടു കൊടുത്ത അപ്പകഷ്ണങ്ങള്‍ പെറുക്കിയെടുക്കാന്‍..
അവള്‍ക്കൊപ്പമിതാ കുറെ ചെന്നായ്ക്കൂട്ടങ്ങളും..

നഗ്നമായ കണ്ണുകള്‍ക്ക്‌ അവളൊരു പരിഹാസപാത്രമായി..
അവരെനോക്കിയവള്‍ കാര്‍ക്കിച്ചുതുപ്പി..
ഇവിടെ തെറ്റുചെയ്തത് അവളോ അതോ കഴുകന്മാരോ..??
ഇന്നുമവളുടെ ഉച്ചത്തിലുള്ള നിലവിളിയുടെ സ്വരം....
ആരിവിടെ...ആരിവിടെ...??

ഇടനാഴിയില്‍ തനിയെ...!

ജീവിതത്തില്‍ ഒറ്റപെടലുകള്‍ അനുഭവിക്കാത്തവര്‍ കാണില്ല.സന്തോഷപ്രധമായ ജീവിതത്തില്‍ പോലും നാം അറിയാതെ കടന്നുവരുന്ന ഈ ഏകാന്തതയെ പലരും പല രീതിയിലാണ് കാണുന്നത്.എനിക്ക് അനുഭവപെട്ടതും, എന്റെ മനസിലുള്ള ചില ആശയങ്ങളും നിങ്ങളോടൊപ്പം ഇതിലൂടെ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു .

ആര്‍ക്കും അവരുടെ വേദനകളെ മറ്റുള്ളവരുടെ മുന്നില്‍ തുറന്നു കാട്ടാനോ,പറയാനോ സമയം കണ്ടെത്താറില്ല.അതിനു മെനക്കെടാറില്ല.അതെന്തോ ഒരു നാണക്കേട്‌ പോലെ അതുമല്ലെങ്കില്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇമേജ് നു കോട്ടം തട്ടുംപോലെ !നമ്മള്‍ എത്ര ഉന്നത സ്ഥാനത്താണെങ്കിലും നാം പിന്നിട്ട ആ മുള്ളു നിറഞ്ഞ വഴികള്‍ മറ്റുള്ളവരുടെ മുന്നില്‍ പറയുമ്പോള്‍ അതൊരിക്കലും ഒരു കുറവായി കാണല്ലേ സുഹൃത്തുക്കളെ.അതിലൂടെ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ അത് ഒരു നല്ല കാര്യമല്ലേ.?..ഉപദേശിക്കുന്നില്ല ആരെയും -എനിക്കതിനുള്ള അര്‍ഹതയും ഇല്ല.ഒന്നെനിക്കറിയാം,എന്നിലും നിന്നിലും ഒരേ ജീവ വായുവാണെങ്കില്‍ ,എത്ര കഠിന ഹൃദയര്‍ ആണെങ്കില്‍ കൂടി അവരിലും കുടികൊള്ളുന്ന ഒരു നല്ല മനസ്സിനെ വേര്‍തിരിച്ചു കാണാന്‍ നമുക്ക് ശ്രമിച്ചുക്കൂടെ.?

എല്ലാ വേദനകളും ഒറ്റയ്ക്ക് കടിച്ചമര്‍ത്തുമ്പോഴാണ് പലരും സ്വയം ജീവന്‍ അവസാനിപ്പിക്കുന്നത്.കാരണങ്ങള്‍ പലതാണ്.,താന്‍ ഒറ്റപെട്ടു എന്ന് തോന്നുമ്പോള്‍,എല്ലാം തുറന്നു പറയാനൊരു നല്ല സുഹൃത്തിന്റെ അഭാവം,തെറ്റ് ചെയാതെ കുറ്റവാളി എന്ന് മുദ്ര കുത്തപ്പെടുമ്പോള്‍..ഇതുപോലെ പലതും...പ്രിയ സുഹൃത്തുക്കളെ, ഇവടെ നമുക്കുള്ള പങ്കിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്ന വ്യക്തി കാരണം ഇതില്‍ ഏതെങ്കിലും കാരണത്താല്‍ ആരെങ്കിലും ഇങ്ങനെ ചെയ്യാന്‍ ഇടവന്നിട്ടുണ്ടോ?എന്റെ ഒരു സുഹൃത്ത് വഴി ഞാന്‍ കേട്ട ഒരു കാര്യം പറയാം..അദേഹത്തിന്റെ മുറിയില്‍ താമസിക്കുന്ന ഒരാള്‍ ജീവനൊടുക്കിയത് ഒരു മുഴം കയറില്‍.മുറിയില്‍ നിന്നും കണ്ടുകിട്ടിയ ഒരു കടലാസ്സുതുണ്ടില്‍ ഇങ്ങനെ എഴുതീട്ടുണ്ടായിരുന്നു..''ആര്‍ക്കും എന്നെ വേണ്ട,എന്നെ മനസ്സിലാക്കാന്‍ ആര്‍ക്കും ആയില്ല ,ഞാന്‍ എന്റെ വഴി തിരഞ്ഞെടുത്തു-ആര്‍ക്കും ഇതില്‍ പങ്കില്ല''.ഈ വരികളില്‍ അനാഥമായാത് ഭാര്യയും രണ്ടു കുഞ്ഞുങ്ങളും..നമ്മള്‍ പെട്ടെന്ന് എടുക്കുന്ന ചില തീരുമാനങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു അല്ലെ?

ഈ ആശയത്തെ കൂടുതല്‍ വലിച്ചുനീട്ടാന്‍ ഉദ്ദേശിക്കുന്നില്ല, ഒന്ന് അറിയുക നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നവര്‍ക്ക് പറയാന്‍ ഉള്ളത് കേള്‍ക്കാനുള്ള ഒരു കുഞ്ഞു മനസ്സെങ്കിലും നമുക്ക് ഒരുക്കിവെച്ചുകൂടെ? ഇടനാഴിയില്‍ തനിച്ചിരിക്കുന്ന തകര്‍ന്ന ഹൃദയങ്ങള്‍ക്ക്‌ ഒരു താങ്ങാവാന്‍ ഒരല്‍പ്പനേരം അവരുടെ കൂടെ അവരിലൊരാളായി നമുക്ക് മാറാന്‍ സാധിക്കുമെങ്കില്‍ ..നമ്മുടെ ജീവിതത്തില്‍ നാം ചെയ്യുന്ന ചെറിയ ഒരു വല്യ കാര്യമായിരിക്കും.ഒരു കടലാസ്സില്‍ ഒതുക്കി തീര്‍ക്കാവുന്നതല്ല ജീവിതം എന്ന സത്യം നമ്മുടെ വ്യക്തിമുദ്രയായ് തീരട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.!

Monday 20 June 2011

"ഞാന്‍ , ഞാന്‍ത്തന്നെയാണ്..."!!!




 








ഞാന്‍ ഞാന്‍തന്നെയെന്ന സത്യം അറിയുന്നതും ഞാന്‍ തന്നെ.എനിക്ക് എന്നെ അറിയുന്നതിനേക്കാള്‍ കൂടുതല്‍ മറ്റൊരാള്‍ക്ക് അറിയാനോ,എന്നിലെ എന്നെ കണ്ടെത്താനോ പ്രയാസമാണ്.എത്രമാത്രം ഞാന്‍ എന്നെ തന്നെ മറ്റുള്ളവരുടെമുന്നില്‍ വെളിപ്പെടുത്തി കൊടുത്താലും,എന്നിലെ പകുതി  മാത്രമേ അവര്‍ കാണുന്നുള്ളൂ, മനസ്സിലാക്കുന്നുള്ളൂ. ബാക്കിയുള്ള പകുതി ,മറ്റുള്ളവരുടെ ഭാവനകളും,വീക്ഷണങ്ങളുമാണ്.ഒരു പക്ഷെ അവരുടെ ആ ഭാവനകള്‍ക്കും വീക്ഷണങ്ങള്‍ക്കും അനുസരിച്ച് ഞാന്‍ എന്നെ തന്നെ മറ്റെണ്ടാതായും വരാം.അവിടെ നഷ്ടപ്പെടുന്നത് ഞാന്‍ എന്ന വ്യക്തിയെയാണ്.



നല്ല സുഹൃത്തുക്കള്‍ രാജ്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്.അവര്‍ക്കിടയില്‍ പിണക്കങ്ങള്‍ ഉണ്ട്, കളി ചിരികളുണ്ട്,ഒത്തുചേരലുകള്‍ ഉണ്ട് ,പുത്തന്‍ പ്രതീക്ഷകളുണ്ട്,വേര്പിരിയലിന്റെ വേദനയുമുണ്ട്. സുഹൃത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ നമ്മള്‍ ചൂടി കാട്ടുന്ന തിരുത്തലുകള്‍ മറ്റേയാള്‍ അംഗീകരിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല.തീരുമാനം എടുക്കേണ്ടത് അവരവരുടെ  സ്വാതന്ത്ര്യാമാണ്.

എനിക്ക് നല്ല ആത്മാര്‍ത്ഥ സുഹ്രിതുക്കളുണ്ടായിട്ടുണ്ട്, അവരോടു പോലും പലപ്പോഴും എന്‍റെ സത്യസന്ധത വെളിപ്പെടുത്താന്‍ ഞാന്‍ നന്നേ പാടുപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് മുന്നില്‍ ഞാന്‍ തെളിവുകള്‍ നിരത്തേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിപോകുന്നു.അപ്പോഴൊക്കെ മനസ്സിലൂടെ ആദ്യം പോകുന്നത്..''എന്തിനു വേണ്ടി, ഞാന്‍ ഇങ്ങനെ സ്വയം എന്നെ വെളിപ്പെടുത്തണം?, ബോധിപ്പിച്ചു എന്ത് നേടാന്‍ ? '' അഥവാ തുറന്നു പറഞ്ഞാലും, അവരുടെ മനസ്സില്‍ ആദ്യമുണ്ടായ സംശയം എന്നേക്കുമായി തുടച്ചു മാറ്റാന്‍ ആകുമോ?.അതുകൊണ്ട് മൌനമാണ് ഏറ്റവും നല്ലതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, അപ്പോള്‍ അവിടെ വാക് തര്‍ക്കങ്ങളില്ല. പറയേണ്ടവര്‍ പറഞ്ഞങ്ങു പോകും..യഥാര്‍ത്ഥ സത്യങ്ങള്‍ എന്നില്‍ തന്നെ നിലനില്‍ക്കുകയും ചെയും..ഒരുകാര്യം തീര്‍ച്ചയാണ് എല്ലാം കാലം തെളിയിക്കും..അന്ന് ഞാന്‍ ജീവനോടെ ഉണ്ടായി കൊള്ളണം എന്നില്ല, പക്ഷെ ആശ്വസിക്കാം,ആ ഒരു ദിവസത്തിനായിട്ട് , ഞാന്‍ എന്ന വ്യക്തിയെ അറിയുന്ന ദിവസം..

സാഹചര്യങ്ങളെ മനസ്സിലാക്കി ,അതുള്‍ക്കൊണ്ട് പെരുമാറാന്‍ വളരെ ബുദ്ധിമുട്ടാണ്..സാഹചര്യങ്ങളെ വിശദീകരിച്ചു കൊടുക്കാന്‍ ശ്രമിച്ചാല്‍ കിട്ടുന്ന പ്രതികരണം ''വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും'' എന്നപോലെയും.ഇവിടെ എനിക്ക് തോന്നിയ ഒരു കാര്യം-, ഒരിക്കലും നമ്മുടെ സ്വന്തം വികാരങ്ങള്‍ക്കും, ചിന്തകള്‍ക്കും വേണ്ടി മറ്റൊരാളുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ പോവരുത്, അങ്ങനെ സംസാരിക്കകയും അരുത് എന്നാണ്.നാളെ എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി കൂടാ എന്നില്ലല്ലോ..എന്നോട് ഒരു കാര്യം ചെയാന്‍ പറഞ്ഞിട്ട്, അത് ചെയ്യാന്‍ പറ്റാതെ പോകുന്നു.,അതിനു എനിക്ക് പറയാന്‍, എന്റെതായ ബുദ്ധിമുട്ടുകളുണ്ട്.അത് മനസിലാക്കാന്‍ ശ്രമിക്കാതെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ട ഒരു അവസ്ഥ പലരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

എല്ലാവരുടെയും, പരമമായ ആഗ്രഹം എന്നത്, ശാന്തിയിലും സമാധാനത്തിലും, സ്നേഹത്തിലും ജീവിച്ചു മരിക്കുക.ആ സ്നേഹം നിലനിര്‍തണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍, ചില വിട്ടുവീഴ്ചകള്‍ ഉണ്ടായേ പറ്റൂ..അങ്ങനെയുള്ള വിട്ടുവീഴ്ച്ചകളില്‍ നമ്മുടെ സ്നേഹം, മറ്റുള്ളവര്‍ക്ക് നമ്മോടുള്ള സ്നേഹം അത് ഇരട്ടിക്കുന്നു.ഇത് ഒരു ജീവിത സത്യമാണ്...

എല്ലാവര്ക്കും നന്മകള്‍ നേരുന്നു..

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ