
എനിക്കാദ്യം പ്രണയം മഴയോടായിരുന്നു
പിന്നെ അത് കുഞ്ഞരുവികളോടും പുഞ്ചപ്പാടങ്ങളോടുമായി
വിഷുക്കൊന്ന പൂത്തപ്പോഴും വിഷുപ്പക്ഷി ചിലച്ചപ്പോഴും
ഞാൻ അതിനെയും പ്രണയിച്ചു
പ്രണയച്ചൂടിൽ നിന്നും ഇറ്റിറ്റു വീഴുന്ന
വിയർപ്പു ത്തുള്ളികൾകൊണ്ടീ
ഭൂമി തളിർക്കുമെങ്കിൽ.. !
പ്രണയിക്കാൻ എനിക്ക് മോഹമാണ്.
ഒരു വിരൽത്തുമ്പ് ദൂരത്തിരുന്നു നിൻ
ശ്വാസമറിയാതെ നിൻ
ഗന്ധമേൽക്കാതെ ഞാൻ നിന്നെ
പ്രണയിക്കുന്നുവെങ്കിൽ.. പ്രിയാ
നിൻ സാമീപ്യത്തിന്നാഴം വരികള്‍ക്കപ്പുറമല്ലേ ..!!
ചെറു നൊമ്പരങ്ങൾ നമ്മിൽ ഒരു കാറ്റായ്
പിന്നെ മഴയായ് പെയ്തിറങ്ങി
ഒരു തലോടലിൻ ഈണം പോലെ
നമ്മിലെ പ്രണയം എന്നും പുതിയതായിരുന്നു
എൻ ശ്വാസത്തിന്‍റെ ഒരു കണികയെങ്കിലും
നിന്നെ സ്പർശിച്ചിരുന്നുവെങ്കിൽ
അതിൻ ചൂടേറ്റ് നീ ഉണർന്നിരുന്നുവെങ്കിൽ
നീ അറിയുമായിരുന്നു നീയില്ലാതെ
ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ ആവുകില്ലെന്ന്
ഒരു കാതമകലെ നിൻ വിളിക്കായി
കാതോർത്തിരുന്നു ഞാൻ
നിൻ മൌനം പോലും എന്നിൽ
തേങ്ങലായി ഒഴുകിയിറങ്ങി
ഇതുവരെ തോന്നാത്തൊരു വേദന
എൻ ഉള്ളിൽ ഉറഞ്ഞു കൂടി
അതിന് പൊരുൾ തേടിയെത്തിയത് നിന്നിലാണ്
പ്രണയം തന്നെയാണത്
ഇതുവരെ ആരോടും തോന്നാത്തൊരു പ്രണയം
എന്നിലെ പാതിയെ ഞാൻകണ്ടെത്തിയെന്നു
ഈ ലോകത്തോട് വിളിച്ചു പറയാൻ ഒരു മോഹം
എൻ സിരകളിൽ ഒഴുകുന്നത് നിന്നോടുള്ള പ്രണയമാണ്
എൻ ജീവൻ എന്നിൽ നിന്ന് വേര്‍പിരിഞ്ഞാലും
നിന്നോടുള്ള എൻ പ്രണയം നിന്നെ വിട്ട്പോവുകില്ല
അത്രമേൽ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
നീ എന്‍റെ ജീവനാണ്.
നിന്നെ പകുത്തു നല്‍കുവാനാകുന്നില്ല
നിന്നിലെ നീ എന്നിൽ ലയിക്കട്ടെ
ബാക്കിയുള്ള എൻ ജീവിതത്തിൽ
കാലം എനിക്ക് വെച്ചു നീട്ടിയ പുണ്യമാണ് നീ.
ഇനിയുള്ള കാലം നിനക്കായ് നിന്‍റെതായ്
ജീവിച്ചു മരിക്കാനിഷ്‌ടം
എപ്പോഴൊക്കെയോ നഷ്‌ടപ്പെട്ട പ്രണയം
അതിൻ ഇരട്ടിയായി നമുക്ക് ചുറ്റും
വരിഞ്ഞു മുറുകുമ്പോൾ
ആ വേദനയിൽ പുളകിതയാവാൻ മോഹം
ഇന്നെന്‍റെ ജീവൻ നിന്‍റെ കൈകളിലാണ്
നീ ഒന്നിടറിയാൽ തുളുമ്പി പോകുന്ന ജീവസുറ്റ ഒരു ജന്മം
മനസ്സിൽ നിന്നുതിരുന്ന വാക്കുകൾക്ക്
അതിനര്ത്ഥം നഷ്‌ടപ്പെട്ടാൽ
ഞാൻ എന്ന ജീവാണു നശിച്ചെന്നു സാരം !