ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Tuesday 16 August 2011

എന്‍റെ കുഞ്ഞാറ്റ..!



യാദ്രിശ്ച്ചകിതമായിട്ടാണ് ഞാന്‍ ഇത് എഴുതാന്‍ തുടങ്ങിയത്..ഇത് ഒരു തുടര്‍ കഥ ആവുമോ എന്ന് പോലും ഞാന്‍ ചിന്തിച്ചിട്ടുണ്ട്..പക്ഷെ, എന്റെ ചിന്തകള്‍ക്ക് ഒരു തിരിച്ചടിയെന്നോണം..ആ പൂവ് സ്വയം നശിക്കാന്‍ തുടങ്ങിയിരിക്കുന്നു..ഇനി കീടങ്ങള്‍ വന്നു അതിനെ കേടാക്കിയതാണോ അതോ സ്വയം, നശിക്കാന്‍ തീരുമാനിച്ചതാണോ? ..ഉത്തരം ഇത് വരെ കിട്ടിയില്ല..ഏതായാലും എഴുതാന്‍ തീരുമാനിച്ചു,

അന്നൊരു ഡിസംബര്‍ കാലം, മുറ്റത്തൂടെ അലസമായി ഇങ്ങനെ നടക്കുമ്പോഴാണ് വഴിയിലൂടെ, ഒരു പൂ കച്ചവടക്കാരന്‍ ''പൂ വേണോ'' എന്ന് ചോദിച്ചു എന്റെ അടുത്ത് വന്നത്..കുട്ടയില്‍ ഒരുപാട് നല്ല മണവും, ബംഗിയുമുള്ള പൂക്കള്‍ ഉണ്ടായിരുന്നു.ആ കൂട്ടത്തില്‍ നിന്ന് എന്നെ ആകര്‍ഷിച്ച ഒരു കൊച്ചു പൂവിനെ ഞാന്‍ വളരെ ശ്രെദ്ധയോടു കൂടി എന്റെ കൈവെള്ളയില്‍ എടുത്തു വെച്ച് ഒന്ന് പുഞ്ചിരിച്ചു..എനിക്കുള്ള ഉത്തരമെന്നോണം അതുവഴി വന്ന ശീതകാറ്റു അതിന്നെ മെല്ലെ ഒന്ന് ഉലച്ചു..പൂക്കാരനെ പറഞ്ഞു വിട്ട ശേഷം ഞാന്‍ ആ പൂവിനെ എടുത്തു എന്റെ മുറിയുടെ ജനാലയ്ക്കരികെ വെച്ചു.ഞൊടിയിടയില്‍ തന്നെ ഞാന്‍ അതിനു ഒരു പേരും ഇട്ടു..''കുഞ്ഞാറ്റ'', എന്റെ കുഞ്ഞാറ്റ!

തുടങ്ങും മുന്നേ, എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഇവടെ ഒന്ന് സൂചിപ്പിച്ചോട്ടെ.അദ്ദേഹം പറഞ്ഞത് ഇത്ര മാത്രം..രണ്ടു രീതിയില്‍ നമുക്ക് ഒരു കാര്യം വായനക്കാരിലേക്ക് എത്തിക്കാം.ഒന്നുകില്‍ ഒരു മുഴുനീള സാഹിത്യം നിറഞ്ഞ ഒരു സൃഷ്ടി.അല്ലെങ്കില്‍ ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് അയാളുടെ മനോവികാരങ്ങള്‍ പ്രകടമാക്കുന്നവ..ഞാന്‍ ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നു,കാരണം..ഒരു സാഹിത്യകാരി അല്ലെങ്കില്‍ ഒരു കവയിത്രി ആയിട്ടല്ല ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങിയത്.. എനിക്ക് പുറം ലോകത്തോട്‌ പറയേണ്ട കാര്യങ്ങള്‍, വായനക്കാരിലേക്ക് ,അവരുടെ ചിന്തകളിലേക്ക് എന്ത്രയും പെട്ടെന്ന് എത്തിക്കുക മാത്രമാണ് ഞാന്‍ ഇതിലൂടെ ഉദേശിക്കുന്നത്..തെറ്റുകള്‍ കാണുമായിരിക്കും, സൃഷ്ടിയിലെ അന്തസത്തയെ മാത്രം ദയവായി സ്വാംശീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്റെ കുഞ്ഞാറ്റയിലേക്ക് നമുക്ക് തിരിച്ചു വരാം.കഴിഞ്ഞകാലത്തിന്റെ നഷ്ടങ്ങള്‍ അവളില്‍ കാര്‍മേഖം പോലെ പടര്‍ന്നിരുന്നു.വാടാനായി നില്‍ക്കുന്ന പുഷ്പ്പം പോലെ..അതിനു അതിന്റെ ജീവന്‍ തിരിച്ചു നല്‍കണം എന്ന് ഒരു മോഹം ഉണ്ടായി.ഒരു കുഞ്ഞിനോടെന്നപോലെ ഞാന്‍ അതിനെ സ്നേഹിച്ചു..ഒരുപാട് നേരം ഒപ്പം നോക്കിയിരുന്നു,ഓരോ തവണയും ഞാന്‍ അതിന്റെ ചുവട്ടില്‍ വെള്ളമൊഴിക്കുമ്പോള്‍ അവളില്‍ ഉണ്ടാവുന്ന ഉന്മേഷം വാക്കുകള്‍ക്കതീതമാണ്.അവളുടെ സ്നേഹവും,സന്തോഷവും എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കി..ദിനങ്ങള്‍ ഓരോന്നായി പൊയ്ക്കൊണ്ടിരുന്നു,അവളിലെ കാര്‍മേഘ പടലങ്ങള്‍ അപ്പ്രത്യക്ഷമാകുന്ന പോലെ തോന്നി.ഒരു ഒഴിവു ദിവസം,രാവിലെ ഞാന്‍ അതിന്റെ അടുത്ത് ചെന്ന് അവളിലെ കണ്ണീര്‍ ഒപ്പിയെടുക്കാന്‍ നോക്കി..ഒരുപാട് കാര്യങ്ങള്‍ എന്നോട് പറഞ്ഞു..ചിലത് കേട്ട് ഞാന്‍ സ്വയം മറന്നു ചിരിച്ചു..അതിനിടയിലെപ്പോഴോ അവളെ സ്നേഹിച്ചു ഒരുനാള്‍ കടന്നുപോയ വണ്ടിനെ പറ്റി എന്നോട് പറഞ്ഞു..എല്ലാം കേട്ട് ഞാന്‍ പറഞ്ഞു,വണ്ടിന്റെ സ്ഥാനത്തേക്ക് തല്‍ക്കാലം എന്നെ കണ്ടൂടെ.,എന്ന്..മറുപടിയൊന്നും പറയാതെ അതെന്നെ നോക്കി ചിരിച്ചു..എനിക്കതില്‍ വിഷമം ഒട്ടും തോന്നിയില്ല,കാരണം ഞാന്‍ അതിനെ സ്നേഹിച്ചത് ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു,അവളിലെ ഏകാന്തതയില്‍ ഒരു കൂട്ട്..അത്രമാത്രം.ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന ഞാന്‍ നേരെ പോകുന്നത് അവളെ കാണാന്‍ ആയിരുന്നു,അത്രമാത്രം അവള്‍ എന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു..ഈ സ്നേഹത്തെ എന്ത് പേരിട്ടു വിളിക്കാം എന്നൊന്നും എനിക്കറിയില്ല, ഒന്നുമാത്രം അറിയാം--ആ സ്നേഹത്തില്‍ കളങ്കം ഉണ്ടായിരുന്നില്ല എന്ന് ..

വര്‍ഷങ്ങള്‍ കടന്നു പൊയ് ..ഒരുനാള്‍ എന്റെ കുഞ്ഞാറ്റയെ നോക്കാന്‍ ഓടി വന്നപ്പോള്‍ ..പെട്ടെന്ന് ഒന്നും മനസ്സിലായില്ല..സൂക്ഷിച്ചു നോക്കി,അവളെ ഒരു വണ്ട്‌ വട്ടമിടുന്നു..കുഞ്ഞാറ്റയെ ശല്യം ചെയ്യുകയാണെന്ന് കരുതി ഞാനതിനെ ഓടിക്കാന്‍ നോക്കി..ഇങ്ങനെ ചെയ്യുമ്പോള്‍, കുഞ്ഞാറ്റ യിലെ ഭാവ മാറ്റം ഞാന്‍ ശ്രെധിച്ചു..അവളില്‍ ഇതുവരെ കാണാത്ത ഒരു ഭാവം,അത് അമര്‍ഷമാണോ അതോ വെറുപ്പാണോ എന്ന് ചിന്തിക്കുന്നതിനു മുന്നേ ആ വണ്ട്‌ എന്റെ നേരെ വന്നു തുടങ്ങി..ഇത് കണ്ടു ഞാന്‍ സ്നേഹിച്ച, എന്റേതെന്നു കരുതിയ കുഞ്ഞാറ്റ മതിമറന്നു ചിരിച്ചു..എന്റെ മുഖത്തെ പേടിയും കുത്തിയാലുള്ള വേദനയെ കുറിചോര്‍ത്തും മുറിവിട്ടു ഓടുന്ന എന്നെ നോക്കി അവള്‍ കളിയാക്കി ..ഉറക്കെ ഉറക്കെ ചിരിച്ചു..അവളെ ആടിയുലക്കാന്‍ പണ്ട് വന്നിരുന്ന ശീതകാട്ടിന്റെ സഹായം വേണ്ടിവന്നില്ല ..എവിടെനിന്നോ കിട്ടിയ ഒരു ഊര്‍ജ്ജം അവളില്‍ നിറഞ്ഞു നിന്നിരുന്നു..എന്റെ മുറി പുറത്തു നിന്ന് പൂട്ടിയ ശേഷം ഞാന്‍ നേരെ അടുക്കള വശത്തേക്ക് പൊയ്..നിര്‍ജീവമായിരിക്കുന്ന എന്നെ നോക്കി അമ്മ ചോദിച്ചു-''എന്താ ഇന്നിവള്‍ക്ക് പറ്റിയേ'' എന്ന്..അമ്മയുടെ ചോദ്യങ്ങള്‍ ഒന്നും എന്റെ ചെവിയില്‍ പതിചിരുന്നില്ല..എന്നാലും എന്റെ കുഞ്ഞാറ്റ ഇത്ര പെട്ടെന്ന് മാറാന്‍ മാത്രം ...ചിന്തിച്ചു തീര്‍ന്നില്ല അപ്പോഴേക്കും അതിന്റെ ഉത്തരവും മനസ്സില്‍ തെളിഞ്ഞു,പണ്ട് അവള്‍ പറഞ്ഞ ആ വണ്ട്‌..''അത് ഈ വണ്ട്‌ തന്നെ ആയിരിക്കുമോ?''ആവാം അല്ലെങ്കില്‍ ഒരിക്കലും അവള്‍ എന്നോടിങ്ങനെ പെരുമാറുമായിരുന്നില്ല..ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നിനുപിറകെ വന്നുകൊണ്ടേ ഇരിക്കുന്നതിനിടയില്‍, ''ഇതാ ചായ'' എന്ന് പറഞ്ഞു അമ്മ ചായ കപ്പ് എനിക്ക് നേരെ നീട്ടി..കയ്കൊണ്ട്‌ ചായകപ്പ് എടുത്തതല്ലാതെ, അമ്മയോട് ഒന്നും ചോദിക്കാനോ, പറയാനോ തോന്നിയില്ല ..ആകെ ഒരു മരവിപ്പ്!ചിന്തകള്‍ കാട് കയറും മുന്നേ ഞാന്‍ ആ ചായകപ്പു പടിയില്‍ വെച്ച് എന്റെ മുറിയുടെ ജനാലക്കരികിലേക്ക് ചെന്നു..എനിക്കാ ജനല്‍ പാളിയിലൂടെ അവളെ കാണാമായിരുന്നു.വണ്ടില്ലെന്നു ഉറപ്പിച്ചശേഷം ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു നിറകണ്ണുകളോടെ..അവള്‍ക്കപ്പോഴും ഒരു പുച്ച ഭാവമായിരുന്നു.. കണ്ണുനീര്‍ ധാര ധാരയായി ഒഴുകാന്‍ തുടങ്ങി..മനസ്സില്‍ സ്വയം ചോദിച്ചു..''ദൈവമേ ,ഒന്നും പ്രതീക്ക്ഷിച്ചിട്ടല്ലലോ ഞാനിവളെ ദത്തെടുത്തത്? പിന്നെ ഞാന്‍ എന്തിനു കണ്ണീര്‍ വാര്‍ക്കണം?"

ഇവിടെയാണ്‌ വായനക്കാരോട് ഞാന്‍ ഒന്ന് ചോദിക്കുന്നത്, നമ്മള്‍ സമര്‍ത്തി ക്കാറുണ്ട് ,ഈ ഞാനടക്കം..ഒന്നും ആരില്‍ നിന്നും പ്രതീക്ഷിക്കരുതെന്ന്..നേരുതന്നെ..എന്റെ കുഞ്ഞാറ്റ എന്നില്‍ നിന്ന് വിട്ടകലുമ്പോള്‍ ഞാന്‍ പോലുമറിയാതെ ഭൂമിയില്‍ പതിച്ച ആ കണ്ണീരിനു നമ്മള്‍ പറഞ്ഞ പ്രതീക്ഷക്കു സമം ആകുമോ?..ആകുമെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു..

നിറഞ്ഞ വേദനയോടെ ഞാനവളെ എന്റെ വീടിന്റെ മുറ്റത്തുള്ള കൊച്ചു തോട്ടത്തില്‍ എടുത്തു വെച്ചു.മറ്റു പൂക്കളുടെ കൂടെ ഇനി അവളും അവരില്‍ ഒരാള്‍ ആയിട്ട്..എന്റെ മനസ്സിന്റെ വേദന കണ്ടില്ലെന്നു നടിചിട്ടാണോ..ഞാന്‍ അവളില്‍ ഒരു വേര്‍പാടിന്റെ നൊമ്പരവും കണ്ടില്ല..അല്ലെങ്കിലും ഞാന്‍ ഇതിനുമാത്രം വിഷമിക്കാന്‍ എന്തിരിക്കുന്നു..അല്ലെ, ഞാന്‍ ഒരു സൂക്ഷിപ്പുകാരി മാത്രം ആയിരുന്നു..ഒന്നോര്‍ത്താല്‍ ഞാന്‍ സന്തുഷ്ടയാണ് ,കാരണം,അവളിലെ കാര്‍മേകങ്ങളെ എല്ലാം മാച്ചു പവിത്രതയോടു കൂടി തന്നെ ഞാന്‍ അവളുടെ അവകാശിക്ക് തിരിച്ചു കൊടുത്തു എന്ന്..ഞാനിങ്ങനെ സ്വയം ആസ്വസിപ്പിക്കുന്നതിനിടയില്‍ ദേ അമ്മ വീണ്ടും വിളിക്കുന്നു...''നീ ഇതുവരെ ചായ കുടിചില്ല്യെ..''?

കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ഓടി.......ചായ കുടിക്കാനല്ല, വണ്ട്‌ വരുന്നേ..വണ്ട്‌ വരുന്നേ..എന്ന് വിളിച്ചു..!!

Friday 8 July 2011

ഹവ്വായുടെ തിരിച്ചുവരവ്‌....!

ഇതാ വീണ്ടും ഒരു അമ്മമാരുടെ ദിനം കൂടി.ഞാന്‍ ഓര്‍ക്കുന്നു കഴിഞ്ഞ വര്‍ഷം ഇതേ ദിവസം തന്നെയാണ് ഞാന്‍ ഈ ബ്ലോഗിന് തുടക്കം ഇട്ടതും, അമ്മമാരുടെ മാഹാത്മ്യത്തെ പറ്റി ഒരു ആശയം അവതരിപ്പിച്ചതും. ഇടയ്ക്കു വെച്ച് സമയക്കുറവുമൂലം ബ്ലോഗെഴുത്ത് നിര്‍ത്തി വെച്ചെങ്കിലും , ഇതാണ് രണ്ടാമൂഴത്തിന് പറ്റിയ സമയം എന്ന് എനിക്ക് തോന്നുന്നു.

സ്ത്രീയുടെ ഒരു വ്യത്യസ്ത മുഖവുമായി നമ്മുടെ ഇടയിലേക്ക് അതാ അവള്‍ കടന്നു വരുന്നു.അവളെ നിങ്ങള്‍ എല്ലാം അറിയുമായിരിക്കും -മതഗ്രന്ഥങ്ങളില്‍ പറയപ്പെടുന്ന ലോകത്തിലെ ആദ്യ സ്ത്രീ രൂപം-ഹവ്വ! അവളും ഒരു അമ്മയാണ്. പാപ കറയേറ്റ അവളുടെ തിരിച്ചുവരവിനെ കുറിച്ച് തന്നെയാവട്ടെ ഇന്നേ ദിവസം എനിക്ക് നിങ്ങളോട് പങ്കുവെയ്ക്കാന്‍ ഉള്ളത്.

തികച്ചും അപ്പ്രതീക്ഷിതമായി കിട്ടിയ ഒരു അവസരമായിരുന്നു അത്.അവള്‍ ചെയ്ത പാപത്തിനു പരിഹാരമെന്നോണം അവള്‍ അതിനെ മനസ്സാ സ്വീകരിച്ചു കഴിഞ്ഞു..സ്വയം തിരുത്താന്‍പോലും ഒരൂഴം ലഭിക്കാതെ നിശബ്ദതയുടെ ലോകത്ത് പറ്റിപ്പിടിച്ചു കിടന്ന അവളിലേക്ക് പ്രകാശത്തിന്റെ പൊന്‍ കിരണങ്ങള്‍ അലയടിക്കുംപോലെ,അവളുടെ മോക്ഷപ്രാപ്തിക്കൊരു വാതായനം അവള്‍ക്കു മുന്നില്‍ തുറന്നിരിക്കുംപോലെ.രണ്ടാമതൊന്നു ചിന്തിക്കാതെ അവള്‍ അവളുടെതെന്ന് മുദ്രക്കുത്തപ്പെട്ട ആ ലോകത്തില്‍ നിന്നും പുറത്തു വന്ന് ആ കവാടം അവള്‍ എന്നേക്കുമായി കൊട്ടി അടച്ചു.

ആദ്യപാപത്തിന്റെ ഉറവിടമെന്നു എല്ലാവരും അവളെ മുദ്രക്കുത്തപെടുമ്പോഴും അവളിലും കുടിക്കൊള്ളുന്ന ആ നന്മയുടെ അംശത്തെ നാം കണ്ടില്ലെന്നു നടിക്കരുത്. പാപം ചെയ്തെന്കില്‍ക്കൂടി , അവളിലും ഒരു കുഞ്ഞു മനസ്സുണ്ടായിരുന്നു. തന്നിലെ നന്മകൊണ്ടു ആ പാപത്തിനു ഒരു പരിഹാരമാകുമെങ്കില്‍...അവള്‍ ആശിച്ചു!.ചെന്നുപ്പെട്ടെത് ഒരു ജീവനെ മരണത്തില്‍ നിന്ന് തിരികെ കൊണ്ടുവരാനായിരുന്നു.പലതും സഹിച്ചും,ത്യാഗം ചെയ്തും തന്നാല്‍ ആവുംവിധം അവള്‍ അവളെ ഏല്‍പ്പിച്ച ജോലി ഭംഗിയായി തന്നെ നിര്‍വഹിച്ചു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ.അവളില്‍ കുടിക്കൊള്ളുന്ന നന്മകള്‍ ഓരോന്നായി അവള്‍ ഈ ഭൂമിയിലേക്ക്‌ ചൊരിയാന്‍ തുടങ്ങി . .ഒത്തിരിപേര്‍ക്ക് അത് നന്മകള്‍ വിതച്ചു .അവളുടെ ആത്മസംതൃപ്തിയും സന്തോഷവും വാക്കുകള്‍ക്കാതീതമായിരുന്നു.ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുപോയത് അവള്‍ അറിഞ്ഞില്ല.

പെട്ടെന്ന് ഒരുനാള്‍ അവള്‍ ആരുമല്ലാതെ ആയി. അവളുടെ നേര്‍ക്ക്‌ ചോദ്യശരങ്ങളുണ്ടായി.ഉത്തരങ്ങള്‍ കൊടുക്കാനാവാതെ അവളുടെ മനസ്സ് നിശബ്ദമായി വിതുമ്പി.സ്വയം ന്യായീകരിച്ചു തന്‍റെ സ്വഭാവ ശുദ്ധിക്ക് വിലയിടാന്‍ അവളുടെ മൂല്യബോധം സമ്മതിച്ചില്ല..എല്ലാം കേട്ട് അവള്‍ ആ പുതിയലോകത്തിന്റെ ഒരു കോണില്‍ കണ്ണീര്‍ വാര്‍ത്തിരുന്നു. അവളെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ആരുമുണ്ടായില്ല, അവളുടെ കണ്ണീരിനു ആരുടെ മനസ്സിലും ഒരലിവ് തോന്നിയില്ല , കാരണം അവള്‍ സ്വയം തീരുമാനിച്ചു നന്മ മാത്രം ആഗ്രഹിച്ചു കടന്നുവന്ന ഒരു വ്യക്തിയാണ്..ഏവരാലും ഒറ്റപ്പെട്ട അവള്‍ക്കു താന്‍ പാപിനിയാണ് എന്ന് പറഞ്ഞു അവര്‍ കാര്‍ക്കിച്ചു തുപ്പും മുന്നേ അവള്‍ തിരിച്ചുപോകാന്‍ ഒരുങ്ങി അവളുടെ ആ സുന്ദരമായ ലോകത്തിലേക്ക്‌ .അവള്‍ പോകുന്നത് തികച്ചും ആത്മ സംതൃപ്തിയുടെ നിറകുടമായിട്ടാണ്. അവളുടെ മുഖത്തിന്‍റെ തേജസ്സില്‍ നമുക്ക് വായിക്കാന്‍ സാധിക്കും അവളുടെ നിഷ്കളങ്കത്വം.!

തന്‍റെ ലോകത്ത് തിരിച്ചെത്തിയ അവളെ വരവേല്‍ക്കാന്‍ കുഞ്ഞരുവികളും, കലപില കൂട്ടുന്ന പക്ഷിക്കൂട്ടങ്ങളും, മാറി മാറി പൂക്കളില്‍ നിന്നും തേന്‍ നുകരുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള പൂമ്പാറ്റകളും , ഇളം തെന്നലില്‍ ഒഴുകിയെത്തുന്ന സംഗീതവും ഉണ്ടായിരുന്നു. .അവള്‍ ഇന്ന് കളങ്കിതയല്ല .എങ്കില്പ്പോല്ലും ഭൂമിയിലെ ആരുടെയെങ്കിലും വേദന അവളുടെ ചെവികളിലെത്തിയാല്‍ അവള്‍ ഇതാ വരികയായി ആ കണ്ണീരോപ്പുവാന്‍, കൂട്ടിനിരിക്കുവാന്‍, സാന്ത്വനമേകുവാന്‍, എല്ലാമെല്ലാമാകുവാന്‍..

ഹവ്വായുടെ തിരിച്ചുവരവിനായി കാത്തിരിക്കുക..

* നന്മതിന്മകള്‍ നമ്മില്‍ കുടിക്കൊള്ളുന്നു
* മറ്റുള്ളവരുടെ തെറ്റുകളെ തിരുത്തി അവരിലെ നന്മകളെ അംഗീകരിക്കുക.
* പരസ്പ്പരം വിധിക്കാതെയിരിക്കുക

ആശംസകള്‍..!

Sunday 26 June 2011

പ്രണയാക്ഷരങ്ങള്‍...!


വര്‍ഷം  1987 ഒരു മാര്‍ച്ച്  മാസം 12, അന്ന് അവളുടെ വിവാഹം ആയിരുന്നു.മനസ്സിലെ കുഞ്ഞു പ്രണയം ആരോടും പറയാതെ വീട്ടുകാരുടെ ഇഷ്ടത്തിന് അവള്‍ സമ്മതം മൂളി.അവളുടെ വീട്ടുകാര്‍ക്കെല്ലാം അവന്‍ ഒരു നല്ല സുഹൃത്ത് എന്നതില്‍ കവിഞ്ഞുള്ള ഒരു അടുപ്പം ഉള്ളതായി  തോന്നിയതുമില്ല. സാമ്പത്തികമായി അവളുടെ കുടുംബം കുറച്ചു പിന്നിലായിരുന്നു. അമ്മാവന്മാരുടെയെല്ലാം സഹായത്തോടെയാണ് ഈ വിവാഹം നടക്കുന്നത്..ഈ വിവാഹാലോചന വന്ന സമയം മുതല്‍ അവള്‍ ആകെ അസ്വസ്ഥയായിരുന്നു. താന്‍ ഇതെങ്ങനെ അവനോടു പറയും? അതോ തന്‍റെ ഇഷ്ടം അവനോടു പറഞ്ഞാല്‍ അവന്‍റെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നൊക്കെയുള്ള ചിന്തകള്‍ കൊണ്ട് മനസ്സാകെ നീറിപ്പുകഞ്ഞു. അവള്‍ വീടിനു പുറത്തിറങ്ങാതെ ഒതുങ്ങി.പലതവണ അവന്‍ കത്തുകളയചെങ്കിലും  മനസ്സുത്തുറന്നു ഒന്ന് പറയാന്പ്പോലും പറ്റാതെ അവള്‍ വീര്‍പ്പുമുട്ടി.അവളില്‍ നിന്ന് മറുപടിയൊന്നും കിട്ടാതെ വന്നപ്പോള്‍ അവന്‍ കത്തെഴുത്ത് നിര്‍ത്തി.ഇതിനിടയില്‍ അവന്‍ ജോലിയില്‍ പ്രവേശിച്ചു..ആയിടക്കു തന്നെ അവളുടെ വിവാഹവും നടന്നു.

ഇതൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കഥകള്‍.ഇന്ന് അവര്‍ രണ്ടു കുടുംബങ്ങളായി സസുഖം വാഴുന്നു.ഇതിനിടയ്ക്കെപ്പോഴോ അവര്‍ പരസ്പ്പരം ഫോണില്‍ സംസാരിക്കാനിടയായി.വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അവരുടെ കൂടിചേരലിന്  പക്ഷെ പണ്ടുള്ളതിനേക്കാള്‍ ദൃഡത കൂടിയതുപോലെ തോന്നിയിരുന്നു. വര്‍ഷങ്ങള്‍ കുറെ ആയതല്ലേ, ഒന്ന് നേരിട്ട് കാണണമെന്നുള്ള മോഹം രണ്ടുപേര്‍ക്കുമുണ്ടായി., അതില്‍ തെറ്റുള്ളതായി  അവരുടെ മനസ്സില്‍ തോന്നിയതുമില്ല. ഒരുപാട് വിശേഷങ്ങള്‍ പരസ്പ്പരം പറയാന്‍ അവര്‍ക്കുണ്ടായിരുന്നു. ഒന്ന് കണ്ടു എല്ലാം പറഞ്ഞു തീര്‍ക്കാമെന്ന് കരുതി അവര്‍ കാണുവാനുള്ള ദിവസവും സമയവും നിശ്ചയിച്ചുറപ്പിച്ചു..തന്‍റെ പഴയ ഒരു സഹപാഠിയെ കാണാന്‍ പോകുവാണെന്ന്  ഭര്‍ത്താവിനോട് ചെറിയൊരു കള്ളം പറയേണ്ടി വന്നു അവള്‍ക്ക്. അവനെ കാണുമ്പോള്‍ അവനു സമ്മാനിക്കാന്‍, അവളിലെ പ്രണയം തുറന്നു പറയാന്‍ അവളിന്നും നിധി പോലെ സൂക്ഷിക്കുന്ന അവന്‍റെ കത്തുകള്‍ അവളുടെ ബാഗില്‍ എടുത്തുവെച്ചു വീട്ടില്‍ നിന്നും യാത്രതിരിച്ചു..

സമയം രാവിലെ പത്തുമണി.നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ചു  അവളെയും കാത്ത് അവന്‍ അവള്‍ പഠിച്ച സ്കൂളിനു മുന്‍വശത്തെ ഗേറ്റില്‍ നിലയുറപ്പിച്ചിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ അവള്‍ ഒരു ഓട്ടോറിക്ഷയില്‍ സ്കൂളിലേക്ക് തിരിച്ചു.അന്ന് പതിവിലും കൂടുതല്‍ ട്രാഫിക് ഉണ്ടായിരുന്നു.''ഒന്ന് വേഗം'' എന്ന് അവള്‍ ഇടയ്ക്കിടയ്ക്ക് ഡ്രൈവെരോട് പറയുന്നുണ്ടായിരുന്നു.സ്കൂള്‍ എത്താന്‍ രണ്ടു നിമിഷം ബാക്കി..അവള്‍ക്ക് അവനെ ദൂരെ നിന്ന് കാണാമായിരുന്നു. അവളുടെ മനസ്സിലെ സന്തോഷത്തിനു അതിരില്ലായിരുന്നു...പക്ഷെ  ആ സന്തോഷത്തിനു  അധിക ആയുസ്സുണ്ടായില്ല.നേരെ മുന്നില്‍ വന്ന ഒരു ലോറി ഇവരെ ഇടിച്ചു തെറിപ്പിച്ചു.രക്തത്തില്‍  കുളിച്ചു കിടക്കുന്ന അവളില്‍ ജീവന്‍റെ ഒരംശം ബാക്കിയുണ്ടായിരുന്നു..നാട്ടുകാര്‍ ഓടിയെത്തി അവളെ കോരിയെടുത്ത് ഒരു വാഹനത്തിനായി നെട്ടോട്ടമോടുബോഴാണ് അവളെ കാത്ത് നില്‍ക്കുന്ന അവനെ കണ്ടത്..ഒട്ടും താമസിയാതെ അവര്‍ അവനോടു കാര്യങ്ങളെല്ലാം പറഞ്ഞു അവന്‍റെ കാറില്‍ അവളെ കയറ്റി ജില്ലാശുപത്രിയിലേക്ക് പാഞ്ഞു..തീവ്ര പരിചരണ വിഭാഗത്തിലേക്ക്  സ്ട്രെചെറില്‍ കൊണ്ട് പോകുമ്പോഴും അവള്‍ അവനെ കാണുന്നുണ്ടായിരുന്നു..ഒന്നും ഉരിയാടാനാവാതെ അവന്‍റെ കണ്‍വെട്ടത്തു നിന്നും അവള്‍ മാഞ്ഞു. ചോരക്കറ പൂണ്ട അവന്‍റെ കാര്‍ വൃത്തിയാക്കാനായി ഡോര്‍ തുറന്നപ്പോള്‍ സീറ്റിനു താഴെ വീണുകിടന്ന ആ ഹാന്‍ഡ്‌ ബാഗ്‌ തുറന്നു നോക്കിയവന്‍ സ്തംഭിച്ചു നിന്നു..ഇത് തന്‍റെ  പ്രിയപ്പെട്ടവളുടെതായിരുന്നു...ഒരുനിമിഷം അവന്‍റെ തലയാകെ പെരുക്കുന്നത് പോലെ തോന്നി..''ദൈവമേ...ജീവനുവേണ്ടി മല്ലടിക്കുമ്പോഴും തന്‍റെ ചാരത്ത് അവള്‍ കിടക്കുകയായിരുന്നെന്ന് താന്‍ അറിയാതെ പോയല്ലോ..."അവന്‍ അവളുടെ ബാഗ്‌ മാറോടുചേര്‍ത്ത്  എങ്ങി കരഞ്ഞു.

ഇന്നവള്‍ ഒരു ഓര്‍മ്മയാണ്. R.I.P എന്ന മൂന്നക്ഷരത്തിനകത്തു അവള്‍ക്കു പറയാനുണ്ടായിരുന്നതെല്ലാം അടക്കം ചെയ്തിരിക്കുന്നു..

"പറയാന്‍ കൊതിച്ച പ്രണയാക്ഷരങ്ങള്‍..
നിനക്കെകിടുന്നു ഞാനീ  പാനപാത്രത്തില്‍ നിന്ന്.. "

Wednesday 22 June 2011

കാര്‍തുമ്പിക്കുക്കിട്ടിയ മയില്‍‌പ്പീലി..!


അനാഥയാണവള്‍! എങ്കിലും  അനാഥത്തിന്റെ വിങ്ങലുകള്‍ ഇല്ല അവളുടെ മുഖത്ത്..എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും മറ്റുള്ള കുട്ടികള്ലോടൊപ്പം അവരില്‍ ഒരാളായി അവള്‍ വളര്‍ന്നു.അവിടത്തെ അന്തേവാസികള്‍ക്ക് അവള്‍ എന്നും ഒരു സാന്ത്വനം ആയിരുന്നു.ഒരാളെ പോലും അവള്‍ അനാഥത്തിന്റെ അര്‍ത്ഥം അറിയിച്ചിരുന്നില്ല.യഥാര്‍ത്ഥത്തില്‍ അതൊരു കൊച്ചു കിളികൂടായിരുന്നു...കിളികള്‍ വന്നു പോയ്കൊണ്ടിരുന്നു.പരസ്പരം സ്നേഹിച്ചും സഹായിച്ചും താങ്ങും തണലുമായി കുറച്ചുപേര്‍.അവരില്‍ ഒരാള്‍ പോലും സ്വന്തം മാതാപിതാക്കളുടെ കുറവ് അറിഞ്ഞിരുന്നില്ല,എന്നല്ല, അവള്‍ അറിയിച്ചിരുന്നില്ല.അത്രമാത്രം അവള്‍ അവരെ സ്നേഹിച്ചിരുന്നു എന്ന് വേണം പറയാന്‍.

സ്കൂള്‍ പഠനം കഴിഞ്ഞു അവള്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കുവാനുള്ള തയ്യാറെടുപ്പായിരുന്നു.നല്ലൊരു കോളേജില്‍ തന്നെ അവള്‍ക്കു പ്രവേശനം കിട്ടി.സാമാന്യം കാണാന്‍ തരക്കേടില്ലാത്ത അവളോട്‌  പല ആണ്‍കുട്ടികളും  ചങ്ങാത്തം കൂടാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ കവിതകളുടെ രാജകുമാരിക്ക് അതില്‍ ഒരിക്കല്‍ പോലും ആകര്‍ഷണം തോന്നിയിരുന്നില്ല.ക്ലാസ്സിന്റെ ഇടവേളകളില്‍ ലൈബ്രറിയില്‍ നിന്നും എടുക്കുന്ന പുസ്തകത്തില്‍ ലയിചിരിക്കുമായിരുന്നു.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ അവളെ , അവളറിയാതെ ഒരാള്‍ പിന്തുടരുന്നുണ്ടായിരുന്നു.അവളെക്കാള്‍ രണ്ടോ മൂന്നോ വയസ്സ് കൂടുതല്‍ കാണുമായിരിക്കും.ഒരിക്കല്‍ പോലും മുഖത്ത് ദുഖം നിഴലിക്കാത്ത അവള്‍ ഒരു അനാഥയാണെന്ന സത്യം അധികമാര്‍ക്കുമറിയുമായിരുന്നില്ല.

ഒരുദിവസം അവളുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ ജന്മദിനവേളയില്‍ ഒരാള്‍ മന്ദഹസ്സിച്ചു കൊണ്ട് അവളുടെ നേരെ മുന്നില്‍ വന്നു നിന്നു.സ്വയം പരിചയപ്പെടുത്തി..''ഞാന്‍ രാഹുല്‍,ഡിഗ്രി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി.,ഇയാളുടെ പേരെങ്ങനെയാ?"പ്രതീക്ഷിക്കാതെ വന്ന ചോദ്യത്തിന് മുന്നില്‍ അവള്‍ തെല്ലോന്നമ്പരപ്പോടെ രാഹുലിനെ നോക്കി മെല്ലെ പറഞ്ഞു...''മീ...രാ..".ചെറു പുഞ്ചിരിയോടെ അവന്‍ അവള്‍ക്കൊരു കൊച്ചു പുസ്തകം കൊടുത്തു പറഞ്ഞു,''മീരക്ക് ഇതിഷ്ടാവും.''ഇത്രയും പറഞ്ഞു രാഹുല്‍ കൂട്ടുകാരുടെ ഇടയിലേക്ക് മറഞ്ഞു.അവള്‍ ആ പുസ്തകം തിരിച്ചും മറിച്ചും നോക്കി.അതിലെ താളുകളില്‍ അവളുടെ പ്രിയപ്പെട്ട കവി രചനകള്‍!സന്തോഷവും ഒപ്പം ആശ്ചര്യവും തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അതവള്‍ക്ക്‌.പുസ്തകം സമ്മാനിച്ച രാഹുലിന് ഒരു നന്ദിയെങ്കിലും പറയാന്‍ വേണ്ടി അവളുടെ കണ്ണുകള്‍ പരതിയെങ്കിലും അവള്‍ക്കവന്‍ കണ്ണെത്താ ദൂരത്തു നില്‍ക്കുന്നത് അവള്‍ ശ്രദ്ധിച്ചിരുന്നില്ല.

മുറിയിലെത്തിയ അവള്‍ കതകടച്ചു ആ പുസ്തകത്തിലൂടെ കണ്ണോടിച്ചു.അവളുടെ കണ്ണുകളില്‍ മിന്നിമായുന്ന ഭാവങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കുമായിരുന്നു.അത്രമാത്രം അവള്‍ അതില്‍ ലയിച്ചിരുന്നു.വായിക്കുന്നതിനിടയിലെപ്പോഴോ ഒരു മയില്‍‌പ്പീലി അവളുടെ ശ്രദ്ധയില്‍പെട്ടു.ആ താളിലെ കവിതയുടെ പേര് ''എന്‍റെ കാര്‍ത്തുമ്പിക്ക്'' എന്നതായിരുന്നു..ആകാംക്ഷയോടെ മീര അതിലെ വരികള്‍ സ്വാംശീകരിക്കാന്‍ തുടങ്ങി.അതില്‍ പറഞ്ഞിരുന്നത്,തന്റെ ഭാവനയിലെ കളിക്കൂട്ടുക്കാരിയെ നേരിട്ട് കണ്ടപ്പോള്‍ കവിയുടെ മനസ്സില്‍ തോന്നിയ വികാരാവിഷ്ക്കാരമായിരുന്നു..അത് വായിച്ച ശേഷം അവള്‍ ആ മയില്‍പ്പീലിയെ നോക്കി അറിയാതെ ഉരുവിട്ടു..''എന്‍റെ കാര്‍തുമ്പി.." എന്തെന്നില്ലാത്ത ഒരു വാത്സല്യം തോന്നി ആ മയില്പ്പീലിയോടു.പുറത്തു നിന്ന് ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ട് അവള്‍ വാതിലിനടുതെക്കു ഓടി ചെന്നു.പതിവില്ലാതെ കതകടച്ചിരിക്കുന്ന മീരയെ കണ്ടു , എന്ത് പറ്റി എന്ന് ചോദിച്ചു എത്തിയതായിരുന്നു അവിടത്തെ ഒരു മുതിര്‍ന്ന സിസ്റ്റര്‍.അവളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാള്‍ ആയിരുന്നു ആ സിസ്റ്റര്‍.അവരില്‍ നിന്ന് അവള്‍ക്കു മറച്ചു വെയ്ക്കാന്‍ ഒന്നുമില്ലതാനും.അവള്‍ ആ പുസ്തം എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു, എനിക്കിതോരാള്‍ തന്നതാ എന്ന്.അത് മറിച്ചു നോക്കി കൊണ്ട് സിസ്റ്റര്‍ പറഞ്ഞു-''മോളെ, നീ കാര്യ ഗൗരവമുള്ള ഒരു കുട്ടിയാണ്,എല്ലാം ആലോചിച്ചു വേണം എന്തും ചിന്തിക്കുവാനും, പറയുവാനും.''.സിസ്റ്റര്‍ എന്താ ഉദ്ദേശിച്ചതെന്നു അവള്‍ക്കു മനസ്സിലായി.ആ പുസ്തകം തലയിണക്കടിയില്‍ വെച്ച് അവള്‍ കിടന്നുറങ്ങി.പിറ്റേന്ന് ക്ലാസ്സില്‍ പോകുന്നതിനു മുന്നേ  ആ പുസ്തകതകം ബാഗില്‍ എടുത്തു വെയ്ക്കാനും  അവള്‍ മറന്നില്ല.

പതിവുപോലെ ക്ലാസുകള്‍ തുടങ്ങി.പെട്ടെന്നോരുകൂട്ടം വിദ്യാര്‍ഥികള്‍ ക്ലാസ്സിലേക്ക് ഇരച്ചുകയറി എല്ലാ കുട്ടികളോടും ക്ലാസ്സ്‌ വിട്ടുപോകാന്‍ ആവശ്യപെട്ടു.ആ തിക്കിലും തിരക്കിലും പെട്ട് അവളുടെ ബാഗില്‍ നിന്നും പുസ്തകങ്ങള്‍ തറയിലേക്കു ചിന്നിച്ചിതറി. ധൃതിയില്‍ നിലത്തു നിന്ന് പുസ്തകങ്ങള്‍ എടുക്കുന്നതിനിടയില്‍ അവള്‍ക്കു തലേന്ന് കിട്ടിയ ആ പുസ്തകം എങ്ങോ തെറിച്ചുവീണു.ഒരുപാട് നോക്കി ,എങ്ങും കണ്ടില്ല, അവള്‍ വിഷമത്തോടെ തിരികെപോയി..ഒരുപാട് സ്നേഹത്തോടെ ഒരു വ്യക്തി അവള്‍ക്കു കൊടുത്ത ആ സമ്മാനം നഷ്ടപെട്ട വേദന അവളുടെ മനസ്സിനെ നന്നായി ഉലച്ചു..വര്‍ഷങ്ങള്‍ കടന്നുപോയി.പഠനം പൂര്‍ത്തിയാക്കിയ അവള്‍ ഒരു സ്കൂളില്‍ അധ്യാപികയായി ജോലിയില്‍ കയറി..ഒഴിവു വേളകളില്‍ അവളുടെ സന്തത സഹചാരിയായ പുസ്തകങ്ങളുടെ ലോകത്ത് അവള്‍ ജീവിച്ചു..മനസ്സില്‍ കുറിച്ചിട്ട വരികള്‍ കവിതകളായി ഡയറിയില്‍ ഒതുങ്ങി. അതിലൊരു കവിതയുടെ പേരായിരുന്നു ..''എന്‍റെ മയില്‍‌പ്പീലി''. ആ കവിത ,അത്  അവളുടെ ഒരു കാണാ കിനാവിന്‍റെ നൊമ്പരമായിരുന്നു ..

അന്ന് ഒരു ഞായരാഴ്ചയായിരുന്നു.ആ അനാധമാന്ധിരത്തിലേക്ക് ഒരു കാര്‍ വന്നു നിന്നു.അവര്‍ ഒരു അഞ്ചുപേരുണ്ടായിരുന്നു..പ്രധാന സിസ്റ്റര്‍നെ കണ്ടു കാര്യങ്ങള്‍ സംസാരിച്ച ശേഷം അവര്‍ അവിടെ കാത്തിരുന്നു..അവിടത്തെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്ക്‌ പാട്ടുകള്‍ പാടി കൊടുക്കുകയായിരുന്ന മീരയോട്‌,പെട്ടെന്ന് ഒന്നൊരുങ്ങി വരാന്‍ പറഞ്ഞു.കാര്യമെന്തെന്നറിയാതെ അവള്‍ സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് ഒരുങ്ങി മുന്‍വശത്തെ മുറിയിലേക്ക് ചെന്നു.അവിടെ അധിഥികളായി വന്നവര്‍ അവളെ പെണ്ണുകാണാന്‍ വന്നവരായിരുന്നു.ഓരോരുത്തരായി അവളോട്‌ ഓരോ ചോദ്യങ്ങള്‍ ചോദിച്ചു.മന്ദസ്മിതത്തോടെ അവള്‍ ഉത്തരം പറഞ്ഞു..ഉത്തരങ്ങള്‍  പറയുന്നിതിനിടയില്‍ അവളുടെ കണ്ണുകള്‍ ചെറുക്കന്റെ മേല്‍ പതിഞ്ഞു..പെട്ടെന്ന് ഒരു നിഴല്‍പോലെ ഓരോ ചിത്രങ്ങള്‍ അവളുടെ മനസ്സിലൂടെ കടന്നുപോയി,പക്ഷെ തീര്‍ത്തങ്ങു  ഉറപ്പു പറയാനും  വയ്യ.പയ്യന്‍ അവളെ നോക്കി ചിരിച്ചു.വീട്ടുകാര്‍ക്കെല്ലാം മീരയെ ഇഷ്ടമായി.നിശ്ചയ്തിന്റെയും വിവാഹത്തിന്റെയും തിയതി വിളിച്ചറിയിക്കാം എന്നുപറഞ്ഞു അവര്‍ മടങ്ങി.അന്നവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.താന്‍ എവിടെയോ എപ്പോഴോ ഒരിക്കല്‍ കണ്ടു മറന്ന ഒരു മുഖം.എത്ര ഓര്‍ത്തിട്ടും അവള്‍ക്കു ഓര്‍മ്മ കിട്ടുന്നില്ല..

ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ വിവാഹ ദിവസമെത്തി.അവള്‍ക്കു ബന്ധുക്കള്‍ എന്ന് പറയാന്‍ ആ അനാഥ മന്ദിരത്തിലെ അന്തേവാസികള്‍ മാത്രമായിരുന്നു.അതൊന്നും ഒരു കുറവായി ചെറുക്കന്റെ വീട്ടുകാര്‍ കണക്കിലെടുത്തിരുന്നില്ല.മകന്റെ ഇഷ്ടമായിരുന്നു അവരുടേത്..ചെറിയ തോതില്‍ അവരുടെ വിവാഹം മംഗളകരമായി നടന്നു..ആ രാത്രിയില്‍ അവന്‍ അവളോട്‌ ഒരല്‍പ്പനേരം കണ്ണുകളടയ്ക്കാന്‍ പറഞ്ഞു..അവന്റെ കയ്യിലെ ആ പുസ്തകം അവന്‍ അവളുടെ കയ്കളിലേക്ക് വെച്ച്, എന്നിട്ട് ആ കണ്ണുകളില്‍ നോക്കി പറഞ്ഞു...'' എന്‍റെ കാര്‍തുമ്പിക്ക് ..!" അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല..അവള്‍ മനസ്സില്‍ പറഞ്ഞു..'' എന്‍റെ മയില്‍‌പ്പീലി..!

ആശംസകള്‍...!

Tuesday 21 June 2011

ഇരുളിന്‍റെ ദത്തുപുത്രി...



ഇരുള്‍ പതിച്ച വീഥികളിലൂടെ ...
കറപറ്റിയ തനവുമായ് ..
ദുഖത്തിന്റെ കയ്പ്പുനീരുമേന്തി..
അവള്‍ നടന്നടുക്കുകയാണ്..

ആരിവിടെ..ആരിവിടെ...ഉച്ചത്തിലവള്‍ നിലവിളിച്ചു..
ക്ഷുദ്ര ജീവികള്‍പോലുമവളെ പേടിച്ചു പിന്‍വാങ്ങി..
ഇന്നവളില്‍ വികാരങ്ങളില്ല,തോരാകണ്ണുനീരുമില്ല..
ഉള്ളിന്‍റെയുള്ളില്‍ നിന്നുയരുന്ന നിഷ്ബ്ധരോധനം മാത്രം..

അവളൊരു പാവമായിരുന്നു..
പൂമ്പാറ്റകള്‍ക്കൊപ്പമവള്‍ ആടിത്തുടിച്ചിരുന്നു..
ഒരുനാളൊരുകഴുകനവളെ വലവിരിച്ചു..
ഇഴയാനാവാത്തവിധം അവള്‍ നിലംപതിച്ചു..

അവളിപ്പോള്‍ അനാഥയാണ്..
നഷ്ടപ്പെട്ട താരാട്ടിന്റെ ഈണമവള്‍ക്കിന്നു പുച്ഛമാണ്..
എറിഞ്ഞിട്ടു കൊടുത്ത അപ്പകഷ്ണങ്ങള്‍ പെറുക്കിയെടുക്കാന്‍..
അവള്‍ക്കൊപ്പമിതാ കുറെ ചെന്നായ്ക്കൂട്ടങ്ങളും..

നഗ്നമായ കണ്ണുകള്‍ക്ക്‌ അവളൊരു പരിഹാസപാത്രമായി..
അവരെനോക്കിയവള്‍ കാര്‍ക്കിച്ചുതുപ്പി..
ഇവിടെ തെറ്റുചെയ്തത് അവളോ അതോ കഴുകന്മാരോ..??
ഇന്നുമവളുടെ ഉച്ചത്തിലുള്ള നിലവിളിയുടെ സ്വരം....
ആരിവിടെ...ആരിവിടെ...??

ഇടനാഴിയില്‍ തനിയെ...!

ജീവിതത്തില്‍ ഒറ്റപെടലുകള്‍ അനുഭവിക്കാത്തവര്‍ കാണില്ല.സന്തോഷപ്രധമായ ജീവിതത്തില്‍ പോലും നാം അറിയാതെ കടന്നുവരുന്ന ഈ ഏകാന്തതയെ പലരും പല രീതിയിലാണ് കാണുന്നത്.എനിക്ക് അനുഭവപെട്ടതും, എന്റെ മനസിലുള്ള ചില ആശയങ്ങളും നിങ്ങളോടൊപ്പം ഇതിലൂടെ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു .

ആര്‍ക്കും അവരുടെ വേദനകളെ മറ്റുള്ളവരുടെ മുന്നില്‍ തുറന്നു കാട്ടാനോ,പറയാനോ സമയം കണ്ടെത്താറില്ല.അതിനു മെനക്കെടാറില്ല.അതെന്തോ ഒരു നാണക്കേട്‌ പോലെ അതുമല്ലെങ്കില്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇമേജ് നു കോട്ടം തട്ടുംപോലെ !നമ്മള്‍ എത്ര ഉന്നത സ്ഥാനത്താണെങ്കിലും നാം പിന്നിട്ട ആ മുള്ളു നിറഞ്ഞ വഴികള്‍ മറ്റുള്ളവരുടെ മുന്നില്‍ പറയുമ്പോള്‍ അതൊരിക്കലും ഒരു കുറവായി കാണല്ലേ സുഹൃത്തുക്കളെ.അതിലൂടെ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ അത് ഒരു നല്ല കാര്യമല്ലേ.?..ഉപദേശിക്കുന്നില്ല ആരെയും -എനിക്കതിനുള്ള അര്‍ഹതയും ഇല്ല.ഒന്നെനിക്കറിയാം,എന്നിലും നിന്നിലും ഒരേ ജീവ വായുവാണെങ്കില്‍ ,എത്ര കഠിന ഹൃദയര്‍ ആണെങ്കില്‍ കൂടി അവരിലും കുടികൊള്ളുന്ന ഒരു നല്ല മനസ്സിനെ വേര്‍തിരിച്ചു കാണാന്‍ നമുക്ക് ശ്രമിച്ചുക്കൂടെ.?

എല്ലാ വേദനകളും ഒറ്റയ്ക്ക് കടിച്ചമര്‍ത്തുമ്പോഴാണ് പലരും സ്വയം ജീവന്‍ അവസാനിപ്പിക്കുന്നത്.കാരണങ്ങള്‍ പലതാണ്.,താന്‍ ഒറ്റപെട്ടു എന്ന് തോന്നുമ്പോള്‍,എല്ലാം തുറന്നു പറയാനൊരു നല്ല സുഹൃത്തിന്റെ അഭാവം,തെറ്റ് ചെയാതെ കുറ്റവാളി എന്ന് മുദ്ര കുത്തപ്പെടുമ്പോള്‍..ഇതുപോലെ പലതും...പ്രിയ സുഹൃത്തുക്കളെ, ഇവടെ നമുക്കുള്ള പങ്കിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്ന വ്യക്തി കാരണം ഇതില്‍ ഏതെങ്കിലും കാരണത്താല്‍ ആരെങ്കിലും ഇങ്ങനെ ചെയ്യാന്‍ ഇടവന്നിട്ടുണ്ടോ?എന്റെ ഒരു സുഹൃത്ത് വഴി ഞാന്‍ കേട്ട ഒരു കാര്യം പറയാം..അദേഹത്തിന്റെ മുറിയില്‍ താമസിക്കുന്ന ഒരാള്‍ ജീവനൊടുക്കിയത് ഒരു മുഴം കയറില്‍.മുറിയില്‍ നിന്നും കണ്ടുകിട്ടിയ ഒരു കടലാസ്സുതുണ്ടില്‍ ഇങ്ങനെ എഴുതീട്ടുണ്ടായിരുന്നു..''ആര്‍ക്കും എന്നെ വേണ്ട,എന്നെ മനസ്സിലാക്കാന്‍ ആര്‍ക്കും ആയില്ല ,ഞാന്‍ എന്റെ വഴി തിരഞ്ഞെടുത്തു-ആര്‍ക്കും ഇതില്‍ പങ്കില്ല''.ഈ വരികളില്‍ അനാഥമായാത് ഭാര്യയും രണ്ടു കുഞ്ഞുങ്ങളും..നമ്മള്‍ പെട്ടെന്ന് എടുക്കുന്ന ചില തീരുമാനങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു അല്ലെ?

ഈ ആശയത്തെ കൂടുതല്‍ വലിച്ചുനീട്ടാന്‍ ഉദ്ദേശിക്കുന്നില്ല, ഒന്ന് അറിയുക നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നവര്‍ക്ക് പറയാന്‍ ഉള്ളത് കേള്‍ക്കാനുള്ള ഒരു കുഞ്ഞു മനസ്സെങ്കിലും നമുക്ക് ഒരുക്കിവെച്ചുകൂടെ? ഇടനാഴിയില്‍ തനിച്ചിരിക്കുന്ന തകര്‍ന്ന ഹൃദയങ്ങള്‍ക്ക്‌ ഒരു താങ്ങാവാന്‍ ഒരല്‍പ്പനേരം അവരുടെ കൂടെ അവരിലൊരാളായി നമുക്ക് മാറാന്‍ സാധിക്കുമെങ്കില്‍ ..നമ്മുടെ ജീവിതത്തില്‍ നാം ചെയ്യുന്ന ചെറിയ ഒരു വല്യ കാര്യമായിരിക്കും.ഒരു കടലാസ്സില്‍ ഒതുക്കി തീര്‍ക്കാവുന്നതല്ല ജീവിതം എന്ന സത്യം നമ്മുടെ വ്യക്തിമുദ്രയായ് തീരട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.!

Monday 20 June 2011

"ഞാന്‍ , ഞാന്‍ത്തന്നെയാണ്..."!!!




 








ഞാന്‍ ഞാന്‍തന്നെയെന്ന സത്യം അറിയുന്നതും ഞാന്‍ തന്നെ.എനിക്ക് എന്നെ അറിയുന്നതിനേക്കാള്‍ കൂടുതല്‍ മറ്റൊരാള്‍ക്ക് അറിയാനോ,എന്നിലെ എന്നെ കണ്ടെത്താനോ പ്രയാസമാണ്.എത്രമാത്രം ഞാന്‍ എന്നെ തന്നെ മറ്റുള്ളവരുടെമുന്നില്‍ വെളിപ്പെടുത്തി കൊടുത്താലും,എന്നിലെ പകുതി  മാത്രമേ അവര്‍ കാണുന്നുള്ളൂ, മനസ്സിലാക്കുന്നുള്ളൂ. ബാക്കിയുള്ള പകുതി ,മറ്റുള്ളവരുടെ ഭാവനകളും,വീക്ഷണങ്ങളുമാണ്.ഒരു പക്ഷെ അവരുടെ ആ ഭാവനകള്‍ക്കും വീക്ഷണങ്ങള്‍ക്കും അനുസരിച്ച് ഞാന്‍ എന്നെ തന്നെ മറ്റെണ്ടാതായും വരാം.അവിടെ നഷ്ടപ്പെടുന്നത് ഞാന്‍ എന്ന വ്യക്തിയെയാണ്.



നല്ല സുഹൃത്തുക്കള്‍ രാജ്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്.അവര്‍ക്കിടയില്‍ പിണക്കങ്ങള്‍ ഉണ്ട്, കളി ചിരികളുണ്ട്,ഒത്തുചേരലുകള്‍ ഉണ്ട് ,പുത്തന്‍ പ്രതീക്ഷകളുണ്ട്,വേര്പിരിയലിന്റെ വേദനയുമുണ്ട്. സുഹൃത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ നമ്മള്‍ ചൂടി കാട്ടുന്ന തിരുത്തലുകള്‍ മറ്റേയാള്‍ അംഗീകരിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല.തീരുമാനം എടുക്കേണ്ടത് അവരവരുടെ  സ്വാതന്ത്ര്യാമാണ്.

എനിക്ക് നല്ല ആത്മാര്‍ത്ഥ സുഹ്രിതുക്കളുണ്ടായിട്ടുണ്ട്, അവരോടു പോലും പലപ്പോഴും എന്‍റെ സത്യസന്ധത വെളിപ്പെടുത്താന്‍ ഞാന്‍ നന്നേ പാടുപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് മുന്നില്‍ ഞാന്‍ തെളിവുകള്‍ നിരത്തേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിപോകുന്നു.അപ്പോഴൊക്കെ മനസ്സിലൂടെ ആദ്യം പോകുന്നത്..''എന്തിനു വേണ്ടി, ഞാന്‍ ഇങ്ങനെ സ്വയം എന്നെ വെളിപ്പെടുത്തണം?, ബോധിപ്പിച്ചു എന്ത് നേടാന്‍ ? '' അഥവാ തുറന്നു പറഞ്ഞാലും, അവരുടെ മനസ്സില്‍ ആദ്യമുണ്ടായ സംശയം എന്നേക്കുമായി തുടച്ചു മാറ്റാന്‍ ആകുമോ?.അതുകൊണ്ട് മൌനമാണ് ഏറ്റവും നല്ലതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, അപ്പോള്‍ അവിടെ വാക് തര്‍ക്കങ്ങളില്ല. പറയേണ്ടവര്‍ പറഞ്ഞങ്ങു പോകും..യഥാര്‍ത്ഥ സത്യങ്ങള്‍ എന്നില്‍ തന്നെ നിലനില്‍ക്കുകയും ചെയും..ഒരുകാര്യം തീര്‍ച്ചയാണ് എല്ലാം കാലം തെളിയിക്കും..അന്ന് ഞാന്‍ ജീവനോടെ ഉണ്ടായി കൊള്ളണം എന്നില്ല, പക്ഷെ ആശ്വസിക്കാം,ആ ഒരു ദിവസത്തിനായിട്ട് , ഞാന്‍ എന്ന വ്യക്തിയെ അറിയുന്ന ദിവസം..

സാഹചര്യങ്ങളെ മനസ്സിലാക്കി ,അതുള്‍ക്കൊണ്ട് പെരുമാറാന്‍ വളരെ ബുദ്ധിമുട്ടാണ്..സാഹചര്യങ്ങളെ വിശദീകരിച്ചു കൊടുക്കാന്‍ ശ്രമിച്ചാല്‍ കിട്ടുന്ന പ്രതികരണം ''വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും'' എന്നപോലെയും.ഇവിടെ എനിക്ക് തോന്നിയ ഒരു കാര്യം-, ഒരിക്കലും നമ്മുടെ സ്വന്തം വികാരങ്ങള്‍ക്കും, ചിന്തകള്‍ക്കും വേണ്ടി മറ്റൊരാളുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ പോവരുത്, അങ്ങനെ സംസാരിക്കകയും അരുത് എന്നാണ്.നാളെ എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി കൂടാ എന്നില്ലല്ലോ..എന്നോട് ഒരു കാര്യം ചെയാന്‍ പറഞ്ഞിട്ട്, അത് ചെയ്യാന്‍ പറ്റാതെ പോകുന്നു.,അതിനു എനിക്ക് പറയാന്‍, എന്റെതായ ബുദ്ധിമുട്ടുകളുണ്ട്.അത് മനസിലാക്കാന്‍ ശ്രമിക്കാതെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ട ഒരു അവസ്ഥ പലരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

എല്ലാവരുടെയും, പരമമായ ആഗ്രഹം എന്നത്, ശാന്തിയിലും സമാധാനത്തിലും, സ്നേഹത്തിലും ജീവിച്ചു മരിക്കുക.ആ സ്നേഹം നിലനിര്‍തണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍, ചില വിട്ടുവീഴ്ചകള്‍ ഉണ്ടായേ പറ്റൂ..അങ്ങനെയുള്ള വിട്ടുവീഴ്ച്ചകളില്‍ നമ്മുടെ സ്നേഹം, മറ്റുള്ളവര്‍ക്ക് നമ്മോടുള്ള സ്നേഹം അത് ഇരട്ടിക്കുന്നു.ഇത് ഒരു ജീവിത സത്യമാണ്...

എല്ലാവര്ക്കും നന്മകള്‍ നേരുന്നു..

Wednesday 1 June 2011

''പെന്‍ ഫ്രണ്ട്..''

Pen and Paper Pictures, Images and Photos
ചുവരില്‍ കിടന്ന ഒരു പഴയ കല്യാണ ഫോട്ടോ ഇളകി നില്‍ക്കുന്ന പോലെ അവനു തോന്നി.ചാരുകസേരയില്‍ നിന്ന് മെല്ലെ എഴുന്നേറ്റ് ആ ഫോട്ടോ ഒന്ന് ശെരിക്കു വെക്കാന്‍ നോക്കുന്നതിനിടയില്‍ അതിന്‍റെ പുറകുവശത്ത് നിന്ന് പഴയ ഒരു പത്രത്തിന്‍റെ തുണ്ടു താഴെ വീണു.അവന്‍ കീശയില്‍ നിന്നും കണ്ണട എടുത്ത്‌ കണ്ണില്‍ വെച്ച് മെല്ലെ അതൊന്നു വായിക്കാന്‍ ശ്രമിച്ചു.അതില്‍ ഇങ്ങനെ എഴുതിയിരുന്നു..''പെന്‍ ഫ്രണ്ട്'' നെ ആവശ്യമുണ്ട്.അവന്‍റെ ഓര്‍മ്മകള്‍ അവനെ വര്‍ഷങ്ങള്‍ പുറകിലേക്ക് വലിച്ചു കൊണ്ടുപോയി.

അവന്‍ അന്ന് പ്രീ-ഡിഗ്രിക്ക് ചേര്‍ന്ന വര്‍ഷം,ഒരു പുതിയ ലോകം,എല്ലാം നിറപകിട്ടാര്‍ന്ന കാഴ്ചകള്‍.കൂട്ടുകൂടാന്‍ ഒരുപാടുപേര്‍ ഉണ്ടായിട്ടും, എല്ലാവരിലും നിന്ന് വ്യത്യസ്തനായ അവന്‍ താന്‍ ഇന്ന് വരെ കാണുകയും കേള്‍ക്കുകയും ചെയ്യാത്ത ഒരു കൂട്ടിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി.ആ സമയത്താണ് മനോരമ പത്രത്തിലെ ഒരു പരസ്യം അവന്‍റെ ശ്രദ്ധയില്‍ പെട്ടത്.''പെന്‍ ഫ്രണ്ട് നെ ആവശ്യമുണ്ട്''.ഈ ഒരാശയം അവന്‍റെ മനസ്സിലെവിടെയോ തങ്ങിനിന്നു.ദിവസങ്ങള്‍ക്കുള്ളില്‍ അവനു പറ്റിയൊരു കൂട്ട് അവനെ തേടിയെത്തി.ലക്ഷ്മി എന്നായിരുന്നു അവളുടെ പേര്.കത്തുകളിലൂടെയും പിന്നെ ഫോണിലൂടെയും അവര്‍ ഇഷ്ടങ്ങളും വേദനകളും കൈമാറി.നല്ലൊരു സുഹൃത്തെന്നപ്പോലെ അവന്‍ അവളെ ആശ്വസിപ്പിക്കുകയും,ഉപദേശിക്കുകയും ചെയ്തിരുന്നു.ഒരു സുഹൃദ്ധുബന്ധത്തിനുമപ്പുറം, ഒന്നും അവന്‍ ആഗ്രഹിച്ചിരുന്നില്ല. അവളുടെ പല പെരുമാറ്റങ്ങളും ചില സംസാരരീതികളും അവന്‍ തിരുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അവള്‍ക്കു അവളുടേതായ ചില നിബന്ധനകള്‍ ഉണ്ടായിരുന്നു.ഇത് അവന്‍റെ മനസ്സിനെ ഒന്ന് ഉലച്ചെങ്കിലും അവന്‍ അത് പുറത്തുകാണിച്ചില്ല.പലപ്പോഴും അവളുടെ വേദനകളില്‍ തോന്നിയ ഒരു സഹതാപമാവാം, അതൊരു പ്രണയത്തിലേക്ക് വഴിവെച്ചു.അധികനാള്‍ കഴിയും മുന്നേ അവര്‍ അവരുടെ ഇഷ്ടങ്ങള്‍ വീട്ടുകാരെ അറിയിച്ചെങ്കിലും,അവര്‍ ആഗ്രഹിച്ച ഒരു മറുപടി കിട്ടിയിരുന്നില്ല..എന്തുതന്നെ ആയാലും, വീട്ടുക്കാരുടെ സമ്മതത്തോടെ മാത്രം അവര്‍ ഒന്നാവാന്‍ തീരുമാനിച്ചു.ഈ ഒരു പ്രശ്നംക്കൊണ്ട്തന്നെ ലക്ഷ്മിയുടെ വീട്ടുകാര്‍ അവളെ വീടുതടങ്കിലിലാക്കി.പതിയെ അവര്‍ തമ്മിലുള്ള ബന്ധം അകലുവാനും തുടങ്ങി.

ആയിടക്ക്‌ അവനു ഒരു ആക്സിടെന്റ് ഉണ്ടാവുകയും അവന്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു.അവിടെ വെച്ച് അവന്‍ മായ എന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. തനിക്കു ഇഷ്ടമില്ലാത്ത മറ്റൊരു വ്യക്തിയുമായി നിശ്ചയം കഴിഞ്ഞു നില്‍ക്കുന്ന അവളുടെ വേദനകള്‍ കേട്ട് അവന്‍റെ മനസ്സലിഞ്ഞു.ഒരിക്കലും ഒന്നിക്കാനാവില്ലെന്നറിഞ്ഞിട്ടും അവര്‍ പരസ്പ്പരം എല്ലാം മറന്നു ഒന്നായി.അവന്‍റെ ജീവിതത്തിലേക്ക് അവളെ കൊണ്ടുവരണമെന്ന് അതിയായ ആഗ്രഹംവെച്ചുകൊണ്ട് അവള്‍ക്കു നിശ്ചയിച്ചുറപ്പിച്ച പയ്യനോട് ഈ കാര്യങ്ങളെല്ലാം അവളറിയാതെ അവന്‍ ഒരു കത്തിലൂടെ സൂചിപ്പിച്ചു.എന്നാല്‍,''താന്‍ എന്തുത്തന്നെ ആയാലും അവളെ തന്നെ വിവാഹം ചെയ്യും'' എന്ന ആ പയ്യന്‍റെ മറുപടികേട്ട് അവന്‍ സ്തംബനായി .മാസങ്ങള്‍ കഴിഞ്ഞു അവന്‍ വീണ്ടും ഏകനായി.ആയിടക്ക്‌ മായയുടെ വിവാഹവും കഴിഞ്ഞിരുന്നു..മനസ്സിന്‍റെ വിങ്ങലുകള്‍ ഒന്നിറക്കി വെക്കാന്‍പ്പോലും ആരുമില്ലാതെ ഇരുന്ന സമയത്താണ് അപ്രതീക്ഷിതമായി ലക്ഷ്മി അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ അഭ്യര്‍ഥനയുമായി അവന്‍റെ മുന്നില്‍ എത്തുന്നത്‌..തന്‍റെ ജീവിതത്തിലുണ്ടായ എല്ലാ വീഴ്ചകളും അവന്‍ അവളോട്‌ തുറന്നു പറഞ്ഞു.അവന്‍റെ മനസ്സറിഞ്ഞ അവള്‍ അവനെ പൂര്‍ണ്ണ ഹൃദയത്തോടെ ജീവിതത്തിലേക്ക് ക്ഷണിച്ചു.അവര്‍ സുഖമായി ജീവിക്കാന്‍ തുടങ്ങി.ഇതിനിടയില്‍ മായയുടെ ജീവിതത്തില്‍ വിള്ളലുകള്‍ ഉണ്ടായി, അവള്‍ പോലുമറിയാതെ, അവളെ കുറിച്ചെല്ലാമറിഞ്ഞ അവളുടെ ഭര്‍ത്താവ് അവളെ പഴിചാരാന്‍ തുടങ്ങി. കുത്തവാക്കുകളും പീഡനങ്ങളും സഹിക്കവയ്യാതെ അവള്‍ വിവാഹ മോചനത്തിനായി അപേക്ഷിച്ചു.കേസ് കോടതിയിലെത്തി ,പ്രതിഭാഗം വാദം കേള്‍ക്കാനായി ജട്ജിയദ്ധേഹം ആവശ്യപ്പെട്ടു.വാദിക്കാന്‍ വന്ന വകീലിനെ കണ്ടു അവള്‍ കുഴഞ്ഞുവീണു..അത് അവന്‍ ആയിരുന്നു..ചില അസൌകര്യങ്ങളുണ്ടെന്നു പറഞ്ഞു അവന്‍ ആ കേസില്‍ നിന്നു ഊരിയെങ്കിലും പിന്നീട് അവന്‍ കോടതിപ്പടി കയറിയിട്ടില്ല.

ഓര്‍മ്മകള്‍ ഒന്നൊന്നായി അവനെ വേട്ടയാടികൊണ്ടിരിക്കുമ്പോള്‍, അകത്തു നിന്നു ലക്ഷ്മി ചായയുമായി അടുത്ത് വന്നു.അവന്‍ അവളുടെ നേരെ ആ കടലാസ്സുതുണ്ട് നീട്ടി പറഞ്ഞു- ''പെന്‍ ഫ്രണ്ട്..!''

Saturday 21 May 2011

വിട പറഞ്ഞ സ്നേഹം....!





അന്നൊരു ചൊവ്വാഴ്ചയായിരുന്നു.നേരം ഏറെ വൈകിയിരുന്നു.പതിവുപ്പോലെ അന്നും കറന്റ്‌ കട്ട് ഉണ്ടായിരുന്നു.വേനല്‍ ചൂടിന്റെ ആലസ്സ്യത്തിലെപ്പോഴോ അറിയാതെ അവളുടെ മിഴികള്‍ താനേ അടഞ്ഞു പോയി.ഏതോ ഒരു പേടി സ്വപ്നം കണ്ടെന്നവണ്ണം അവള്‍ കിടക്കയില്‍ നിന്നും ഞെട്ടിയുണര്‍ന്നു.കണ്ണ് തുറന്നപ്പോള്‍ കണ്ടത് നിര്‍ത്താതെ ചലിച്ചു കൊണ്ടിരിക്കുന്ന അവളുടെ മൊബൈല്‍ ഫോണ്‍ ആയിരുന്നു.ഉറക്കച്ചടവോടെ കൂടെ തന്നെ അവള്‍ അതിലേക്കു സൂക്ഷിച്ചു നോക്കി.പതിനെട്ടു മിസ്സ്‌ കോള്‍!''ആരുടെതാവാം?" ആകാംക്ഷയോടെ അവള്‍ മിസ്സ്‌ കോള്‍ ലിസ്റ്റ് പരതി നോക്കി.ഒരു പരിചിത നമ്പര്‍..എന്തെങ്കിലും അത്യാവശ്യമായിട്ടായിരിക്കും എന്ന് കരുതി അവള്‍ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു..ശെരിയാണ്,അത് അവളുടെ ഉറ്റ ചങ്ങാതിയുടെ സ്വരം തന്നെ ആയിരുന്നു.ഒരുപാട് സന്തോഷത്തോടെ സംസാരിക്കാന്‍ ഒരുങ്ങുമ്പോഴേക്കും മറുവശത്ത് നിന്നൊരു ആക്രോശം..''എന്താ,നിനക്ക് കോള്‍ എടുത്താല്‍..?" സാധാരണ ശബ്ധത്തില്‍ നിന്നും വ്യത്യസ്തമായി അദ്ധേഹത്തിന്റെ സ്വരം അവളെ തെല്ലൊന്നു അലോസരപ്പെടുതിയെങ്കിലും,ആത്മധൈര്യം ചോരാതെ രാത്രിയുടെ നിശബ്ദതയില്‍ അവള്‍ അവനോടു പറഞ്ഞു..''ഞാന്‍ ക്ഷീണം കൊണ്ട് അറിയാതെ ഉറങ്ങിപ്പോയി,മൊബൈല്‍ സൈലെന്റ് ആയതിനാല്‍ ഞാനറിഞ്ഞില്ല,കാര്യമെന്താണ്..?"വീണ്ടും മറുവശത്ത് നിന്ന് സ്വരം ഉയര്‍ന്നു-അത് പക്ഷെ ഒരു ഭീഷണി യുടെതായിരുന്നു,''മേലാല്‍ ഇനി നീ എന്നെ വിളിച്ചു പോവരുത്..''തിരിച്ചു ചോദിക്കും മുന്നേ കോള്‍ കട്ട്‌ ചെയ്തിരുന്നു.ഒരു നിമിഷം അവള്‍ ആകെ പകച്ചു പോയി.എന്തുചെയ്യണം എന്നറിയാതെ സ്വയം ചോദിച്ചു ''എന്ത് കൊണ്ടവന്‍ എന്നോടിങ്ങനെ പറഞ്ഞു?ഒരു നല്ല സുഹൃത്തിനെക്കാള്‍ ഉപരി ഒരുപാട് ബഹുമാനത്തോടെ സ്നേഹിച്ച തന്റെ പ്രിയ കൂട്ടുക്കാരനിത് എന്ത് പറ്റി?''കുറെ ഉത്തരം കിട്ടാ ചോദ്യങ്ങള്‍ക്കിടയിലെപ്പോഴോ അവളുടെ കണ്ണുകള്‍ കറങ്ങാന്‍ തുടങ്ങിയ ഫാനില്‍ ഉടക്കി.ആ മിഴികള്‍ അറിയാതെ ഉറക്കത്തിലാണ്ടു.പിറ്റേന്ന് രാവിലെ കണ്ണ് തുറന്ന അവള്‍ മൊബൈല്‍ എടുത്തു നോക്കി നെടുവീര്‍പ്പോടുകൂടിതനെ..ഒരുപക്ഷെ അവള്‍ക്കു അതൊരു കാളരാത്രി ആയിരുന്നിരിക്കാം..അവളുടെ ഓര്‍മ്മകളില്‍ ഇന്നും ആ സുഹൃതു ഒരു സ്നേഹ സ്മാരകമായി നില നില്‍ക്കുന്നുണ്ടാവാം..!


ഇവിടെ തെറ്റ് പറ്റിയത് ആര്‍ക്കാണ്.?ഒന്ന് തിരുത്തുവാനുള്ള പഴുതുപോലും കൊടുക്കാതെ ഒരു കോളില്‍ നല്ലൊരു സുഹൃദ് ബന്ധം അവസാനിപ്പിച്ച ആ വ്യക്തിയോ അതോ തനിക്കു ജീവിതത്തില്‍ കിട്ടാതെ പോയ ഒരു സുഹൃത്തിനെ കിട്ടിയെന്നു കരുതി അവനെ ആത്മാര്‍ഥമായി സ്നേഹിച്ച അവള്‍ക്കോ????

എന്‍റെ കണ്മഷി...!





എന്‍റെ കണ്മഷി എവിടെ ...?കയ്യിലിരുന്ന പേഴ്സ് തുറന്നു തിരിച്ചും മറിച്ചും നോക്കി..എവ്ടെയും ഇല്ല..''അമ്മെ, ഇതിലുണ്ടായിരുന്ന ആ കണ്മഷി അമ്മ കണ്ടായിരുന്നോ??"..ഇല്ലല്ലോ  മോളെ, അത് തീരാറായിട്ടുണ്ടായിരുന്നല്ലോ, നിനക്ക് അതെന്നെ വേണംമെന്നുണ്ടോ? അമ്മയുടെ മറുപടി കേട്ട് എനിക്ക്  ദേഷ്യവും സങ്കടവും ഒക്കെ വന്നു.കഴിയാറായെങ്കിലും  എന്താ? അതെന്‍റെ ഇഷ്ടപെട്ട കണ്മഷി ആയിരുന്നു..അതിനി കിട്ടാതെ ഒരു സ്വസ്ഥതയും ഇല്ല.

ചില കാര്യങ്ങള്‍ ഇങ്ങനെയാണ്. ജീവിക്കാന്‍ കണ്മഷി കൂടിയേ തീരു എന്നില്ല എനിക്ക്, എങ്കിലും  കൂടെ കൊണ്ട് നടന്നിരുന്ന ഒരു വസ്തു അല്ലെങ്കില്‍  ചില വ്യക്തികള്‍   ...പെട്ടെന്ന്  നമ്മുടെ ജീവിതത്തില്‍ നിന്നും കുറച്ചു നേരത്തേക്കെങ്കിലും ഒന്ന് മാറി നില്‍ക്കുംബോഴുണ്ടാകുന്ന ഒരു മനപ്രയാസം  അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ഇതുപ്പോലെ തന്നെയാണ്, നമ്മുടെതെന്ന് മുദ്രകുത്തപ്പെട്ട , നമുക്ക് വിട്ടു കൊടുക്കാന്‍ പറ്റാത്ത പല കാര്യങ്ങളും നമ്മുടെ ഓരോരുത്തരുടെയും  ജീവിതത്തില്‍ കാണുമായിരിക്കും   .ചിലത് നമ്മുടെ വ്യക്തിത്വത്തിന്   തന്നെ കോട്ടം തട്ടുന്നതാവാം. അതില്‍ നിന്ന് ഒന്ന് മാറിയാലോ എന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്, എന്നാല്‍ പോലും  പൂര്‍ണ്ണമായ ഒരു പിന്മാറ്റം സാധ്യമാകണമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഭാഗത്ത്‌ നിന്നൊരു പ്രോത്സാഹനം കൂടിയേ തീരു.

കഴിയാറായ കണ്മഷിയാണ് എന്‍റെ കയ്യില്ലുണ്ടായിരുന്നത് .അതിനി കിട്ടിയിട്ടും വല്ല്യ കാര്യമുണ്ടായിട്ടൊന്നുമല്ല എന്നാലും ആ പഴയതിനോടുള്ള ഒരു ഇഷ്ടവും,ഇനി പുതിയൊരു കണ്മഷിയുമായി പൊരുത്തപ്പെടാനുള്ള  ആശങ്കയും !ഇത് വായിക്കുമ്പോള്‍ -എന്തൊരു നിസ്സാര കാര്യമാണിത് എന്ന് തോന്നിയേക്കാം .ഇതുപ്പോലെയുള്ള നമ്മുടെ നിത്യ ജീവിതത്തിലെ പല നിസ്സാര കാര്യങ്ങളും നമ്മുടെ സ്വഭാവങ്ങളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ നമുക്ക് കിട്ടുന്ന ''തിരിച്ചറിവ്'' അത്രയേ ഉദ്ദേശിച്ചുള്ളൂ.എന്‍റെ ചിന്തകള്‍ കാട് കയറിയിരിക്കുമ്പോള്‍, അറിയാതെ കാല്‍ എന്തോ ഒന്നില്‍ ഉടക്കി, താഴെ നോക്കിയപ്പോള്‍ ദേ കിടക്കുന്നു ''എന്‍റെ കണ്മഷി..''!

===>നല്ലതിനെ നമ്മുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുക.

===>മാറ്റേണ്ട ദുശ്ശീലങ്ങളെ സ്വയം അറിഞ്ഞു തിരുത്തുക...

===>മറ്റുള്ളവരുടെ നന്മകളെ തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കുക.. 


ആശംസകള്‍..!

Tuesday 10 May 2011

മൌനമീ പ്രണയം....






നിന്‍ വാക്കിലലിഞ്ഞു ചേര്‍ന്ന പ്രണയം
നിന്‍ നോക്കില്‍ പൂവിട്ട വസന്തം
നിന്‍ ഹൃത്തില്‍ ഞാനെഴുതി..നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു..''
ഇന്നുമെന്നും ഇനിയുള്ള ജന്മങ്ങളിലെല്ലാം..

ശാശ്വതമായ പ്രണയം-അതിനെന്നും ഏഴു വര്‍ണ്ണങ്ങള്‍ ആണ്.അവ മായാറില്ല,ഗതി തിരിഞ്ഞു പോവുകയുമില്ല...അങ്ങനെയുള്ള പ്രണയത്തില്‍ ഭാവനയുണ്ട് ,ജീവനുണ്ട്..നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട്..തിരിച്ചു ഒന്നും കിട്ടിയില്ലെങ്കില്‍ കൂടി പ്രണയം എന്ന വികാരത്തെ നാം അറിയുന്നു..അതില്‍ ലയിച്ചു ചേരുന്നു..മനസ്സില്‍ പ്രണയമില്ലെങ്കില്‍ എനിക്ക് ചുറ്റുമുള്ളവയെ ഞാന്‍ എങ്ങനെ സ്നേഹിക്കും?

ഞാന്‍ പ്രണയത്തിലാണ്..എനിക്ക് ചുറ്റുമുള്ള പ്രകൃതിയെ , അതിന്റെ വിസ്മയങ്ങളെ,അതിലെ നിഗൂഡതകളെ, അതില്‍ നിന്നും ജന്മമെടുക്കുന്ന നീര്‍ചോലകളെ,പൂക്കളെ,ഋതുക്കളെ..അങ്ങനെ..അങ്ങനെ ഓരോന്നിനെയും ഞാന്‍ പ്രണയിക്കുന്നു..ആ പ്രണയത്തില്‍ കപടതകളില്ല,അര്‍ത്ഥ ശ്യൂന്യമായ വാക്കുകളില്ല..അവസ്ഥാഭേധങ്ങളില്ല..എങ്ങും സന്തോഷവും സമാധാനവും മാത്രം..അവരിലേക്ക്‌ ഞാന്‍ ഊര്‍ന്നിറങ്ങി ചെല്ലുമ്പോള്‍,അവയുടെ ഗധ്ഗധങ്ങള്‍ക്ക് ഞാന്‍ കാതോര്‍ക്കുമ്പോള്‍..ഞാന്‍ അനുഭവിക്കുന്ന നിര്‍വാച്യമായ ആ ധന്യമുഹൂര്‍ത്തങ്ങളില്‍ അറിയുന്നു-എന്‍റെ ഉള്ളില്‍ പ്രണയമുണ്ടെന്ന്!

നമ്മള്‍ തിരിച്ചറിയണം, നമ്മിലെ പ്രണയത്തെ..ആസ്വദിക്കാം അതിന്റെ സൌന്ദര്യത്തെ,കാതോര്‍ത്തു കാത്തിരിക്കാം ആ നിശബ്ദ സംഗീതത്തെ.മാറോടു ചേര്‍ത്തു പുല്‍കാം അതിന്‍റെ നന്മകളെ...

Thursday 27 January 2011

ജനുവരി ഒരു ഓര്‍മ്മ.!

ഇത് ഒരു സിനിമയുടെ പേരല്ലേ എന്ന് തോന്നുന്നുണ്ടാവാം അല്ലെ?എന്‍റെ ജീവിതത്തിലും കാര്‍മേഘാ പടലം പരത്തിയ ഒരു മാസമാണ് ജനുവരി.ഒരു തീരാ നഷ്ടത്തിന്‍റെ കണക്കുണ്ട് ഈ മാസത്തില്‍ .ആര്‍ക്കും നികത്താനാവാത്ത നഷ്ടം.എന്റെ ഡാഡി ഈ ലോകത്തോട്‌ വേര്‍പിരിഞ്ഞ മാസം.ഒരുപാട് ഓര്‍മ്മകള്‍ ഒന്നും തരാതെ തന്നെ മറ്റൊരു ലോകത്തിലെവിടെയോ ഒരു നക്ഷത്രമായി മിന്നുന്നുണ്ടാവാം..ഒരു ഭാര്യയും,നാലു മക്കളും ഈ ലോകത്തില്‍ ഒറ്റപെട്ട ദിവസം-ജനുവരി 13.

ഓര്‍ക്കാന്മാത്രം എന്‍റെ കയ്യില്‍ ഒന്നുമില്ല,ഒന്നറിയാം ഡാഡിക്ക് ഞങ്ങളെ ജീവനായിരുന്നു.പ്രതേകിച്ചും ആ പത്തു വയസ്സുകാരിയായ എന്നെ.കടിഞ്ഞൂല്‍ പുത്രി ആയതുകൊണ്ടാവാം..കൂടുതല്‍ ലാളനയും എനിക്കാണ് കിട്ടിയിരുന്നത് .ഡാഡി മരിക്കുമ്പോള്‍ എന്‍റെ കുഞ്ഞനുജന് ഒന്നര വയസ്സ്.അവന്റെ ഓര്‍മ്മകളിലെ ഡാഡി എന്ന് പറയുന്നതിനേക്കാള്‍ സങ്കല്‍പ്പത്തിലെ ഡാഡിയെ പറ്റി ചോദിക്കുന്നതായിരിക്കും നല്ലത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ദിവസം രാവിലെ എന്തോ അസ്വസ്ഥത തോന്നി വെറുതെ ഡോക്ടര്‍ടെ അടുത്ത് ചെന്ന ഡാഡി പിന്നെ തിരിച്ചു വന്നില്ല,മമ്മിയെ അന്വേഷിച്ചു ബന്ധുക്കളില്‍ ആരോ വന്നു ആശുപത്രിയിലേക്ക് കൂട്ടി കൊണ്ട് പോയി.ഞങ്ങളില്‍ മൂന്നുപേര്‍ അന്ന് സ്കൂളില്‍ പോയിരിക്കുകയായിരുന്നു..വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഞങ്ങളെയും കൂട്ടി ആശുപത്രിയിലേക്ക് മമ്മി പോയി.ജീവന്‍ മാത്രം ബാക്കി നില്‍ക്കെ അബോധാവസ്ഥയില്‍ കിടക്കുന്ന ഡാഡിയെ കണ്ടു മക്കളായ ഞങ്ങള്‍ക്കൊന്നും മനസിലായില്ല.ആരോ മമ്മി യോട് പറയുന്നത് കേട്ടു-മഞ്ഞപിത്തം രക്തത്തില്‍ കലര്‍ന്നെന്നും ,അത് പിന്നെ പനി ആയി തലയ്ക്കു സാരമായ കേടുണ്ടാക്കിയെന്നും മറ്റുമൊക്കെ..യഥാര്‍ത്ഥത്തില്‍ എന്താണ് ഉണ്ടായതെന്ന് എനിക്കിപ്പോഴും അറിയില്ല, അതറിയാന്‍ ഞാന്‍ മമ്മിയെ സമീപിച്ചതുമില്ല.

ഒരുപാട് ചോദിച്ചിട്ടും ഒന്നും വ്യക്തമായി പറയാതിരുന്ന ആ ഡോക്ടര്‍ (ഈ ഡോക്ടര്‍ ഡാഡി മരിച്ചതിന്‍റെ നാലാം ദിവസം ഒരു ലോഡ്ജ്ജ് മുറിയില്‍ തൂങ്ങി മരിച്ചെന്നു പത്ര വാര്‍ത്തകളില്‍ വന്നിരുന്നു.) നേരെ കോയമ്പത്തൂര്‍ ഹോസ്പിറ്റലിലേക്ക് റെഫര്‍ ചെയ്തു.വേണ്ടതെല്ലാം അദ്ദേഹം തന്നെ ചെയ്തു തന്നു..ഞങ്ങളെ തറവാട്ടിലാക്കി, ഡാഡിയുടെ കൂടെ മമ്മിയും കോയമ്പത്തൂരിലേക്ക് പോയി.ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഡാഡിയെ കാണാന്‍ മക്കളായ ഞങ്ങള്‍ ജനുവരി 12 നു കോയമ്പത്തൂരിലേക്ക് ചെന്നു.വാശി പിടിച്ചത് കൊണ്ടാവാം എന്നെ മാത്രം  കാണാന്‍ അനുവദിച്ചു.ശ്വാസം മാത്രം ബാക്കിയാക്കി ഒന്നുമറിയാതെ കിടക്കുന്ന ഡാഡി യെ നോക്കി ഞാന്‍ നിറ കണ്ണുകളോടെ വിളിച്ചു,ഉറക്കെ വിളിച്ചു..''ഡാഡി''..എന്‍റെ കണ്ണുനീര്‍ ആ മുഖത്തില്‍ വീണത്‌ കൊണ്ടാണോ എന്നറിയില്ല,അടഞ്ഞിരുന്ന കണ്ണുകള്‍ പാതി തുറന്നു എന്നെ നോക്കി ..ഡാഡി യുടെ കണ്ണുകളിലും കണ്ണീര്‍ എനിക്ക് കാണാമായിരുന്നു.പെട്ടെന്ന് ഡാഡി എന്നോട് എന്തോ പറയുന്നതുപോലെ തോന്നി.ഡാഡി പറയുമ്പോള്‍ നാവു കുഴയുന്നുണ്ടായിരുന്നു...അത് ഇങ്ങനെ ആയിരുന്നു..''മോളെ ഡാഡി പോവുകയാണ്..''തോന്നലല്ല അത് ..അത് തന്നെയാണ് പറഞ്ഞത്.. പത്തു വയസ്സുകാരിക്ക് ആ പറഞ്ഞതിന്റെ പൊരുള്‍ അന്ന് മനസ്സിലായിരുന്നില്ല..

ജനുവരി 13
ഡാഡി യെ കണ്ടു മടങ്ങിയ ഞങ്ങള്‍ പതിവുപോലെ അന്നും സ്കൂളില്‍ പോയി.ഉച്ചയായി കാണില്ല ഞങ്ങളെ വീട്ടില്‍ കൊണ്ട് ചെല്ലാന്‍ ഞങ്ങളുടെ ബന്ധുക്കള്‍ സ്കൂളില്‍ വന്നിരുന്നു.കാര്യം എന്താണെന്ന് ഞാനവരോട് പലവട്ടം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ''ഡാഡി ക്ക് അസുഖമെല്ലാം മാറി വീട്ടില്‍ എത്തിയെന്ന്.'' അവരത് പറയുമ്പോള്‍ ഒരു സന്തോഷവും അവരുടെ മുഖത്തു ഞാന്‍ കണ്ടിരുന്നില്ല. ഒരുപാട് ചോദ്യങ്ങള്‍..!!വീടിനു മുന്നില്‍ ഓട്ടോ റിക്ഷയില്‍ നിന്നിറങ്ങിയ ഞങ്ങളെ വരവേറ്റത് ഒരു ജനകൂട്ടം ആയിരുന്നു.ഞാന്‍ വീടിനകത്തേക്ക്‌ ഓടിച്ചെന്നപ്പോള്‍, അലമുറയിട്ടു കരയുന്ന എന്‍റെ മമ്മിയെയും എന്‍റെ ബന്ധുക്കളെയും ആണ്. എന്നെ കെട്ടിപിടിച്ചു മമ്മി പറഞ്ഞു..''മോളെ നമ്മുടെ ഡാഡി നമ്മളെ വിട്ടു പോയി.'' എന്ന്! എന്ത് ചെയണം എന്നറിയാതെ മമ്മിയെ കെട്ടിപിടിച്ചു ഒരുപാട് നേരം ഞാനും കരഞ്ഞു..എന്‍റെ അരികത്തായി ഭംഗി യായി അലങ്കരിച്ച ശവമഞ്ചത്തില്‍ കിടക്കുന്ന വെള്ള പുതച്ച എന്‍റെ ഡാഡിയെ ഞാന്‍ തൊട്ടപ്പോള്‍ ആക്കെ തണുപ്പായിരുന്നു ആ ശരീരത്ത്!..നിര്‍ജ്ജീവമായി കിടക്കുന്ന ഡാഡിയോട് ഞാന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു,ഒന്നിനും എനിക്ക് മറുപടി കിട്ടിയിരുന്നില്ല..കരഞ്ഞു തളര്‍ന്ന ഞാന്‍ എപ്പോഴോ കിടന്നുറങ്ങി..പിന്നീട് കണ്ണു തുറന്നപ്പോള്‍ വീട് ശ്യൂന്യമായിരുന്നു..അവിടെ ജനകൂട്ടം ഇല്ല,എന്‍റെ ഡാഡിയെയും ഞാന്‍ കണ്ടില്ല.ഒരു മുറിയില്‍ കണ്ണീര്‍ വാര്‍ത്തിയിരിക്കുന്ന മമ്മിയുടെ മടിയില്‍ ഞങ്ങള്‍ നാലു മക്കള്‍..!

ഇന്നും ജനുവരി മാസം എനിക്ക് പേടി സ്വപ്നമാണ്..ഒപ്പം ഒരു നഷ്ട സ്വപ്നവും.!


(ഇതെഴുതുമ്പോഴും എന്‍റെ കണ്ണുകള്‍ ഈറന്‍ അണിയുന്നുണ്ടായിരുന്നു..അറിയാതെ ..!)

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ