എന്‍റെ കണ്മഷി എവിടെ ...?കയ്യിലിരുന്ന പേഴ്സ് തുറന്നു തിരിച്ചും മറിച്ചും നോക്കി..എവ്ടെയും ഇല്ല..''അമ്മെ, ഇതിലുണ്ടായിരുന്ന ആ കണ്മഷി അമ്മ കണ്ടായിരുന്നോ??"..ഇല്ലല്ലോ മോളെ, അത് തീരാറായിട്ടുണ്ടായിരുന്നല്ലോ, നിനക്ക് അതെന്നെ വേണംമെന്നുണ്ടോ? അമ്മയുടെ മറുപടി കേട്ട് എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു.കഴിയാറായെങ്കിലും എന്താ? അതെന്‍റെ ഇഷ്ടപെട്ട കണ്മഷി ആയിരുന്നു..അതിനി കിട്ടാതെ ഒരു സ്വസ്ഥതയും ഇല്ല.
ചില കാര്യങ്ങള്‍ ഇങ്ങനെയാണ്. ജീവിക്കാന്‍ കണ്മഷി കൂടിയേ തീരു എന്നില്ല എനിക്ക്, എങ്കിലും കൂടെ കൊണ്ട് നടന്നിരുന്ന ഒരു വസ്തു അല്ലെങ്കില്‍ ചില വ്യക്തികള്‍ ...പെട്ടെന്ന് നമ്മുടെ ജീവിതത്തില്‍ നിന്നും കുറച്ചു നേരത്തേക്കെങ്കിലും ഒന്ന് മാറി നില്‍ക്കുംബോഴുണ്ടാകുന്ന ഒരു മനപ്രയാസം അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ഇതുപ്പോലെ തന്നെയാണ്, നമ്മുടെതെന്ന് മുദ്രകുത്തപ്പെട്ട , നമുക്ക് വിട്ടു കൊടുക്കാന്‍ പറ്റാത്ത പല കാര്യങ്ങളും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ കാണുമായിരിക്കും .ചിലത് നമ്മുടെ വ്യക്തിത്വത്തിന് തന്നെ കോട്ടം തട്ടുന്നതാവാം. അതില്‍ നിന്ന് ഒന്ന് മാറിയാലോ എന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്, എന്നാല്‍ പോലും പൂര്‍ണ്ണമായ ഒരു പിന്മാറ്റം സാധ്യമാകണമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഭാഗത്ത് നിന്നൊരു പ്രോത്സാഹനം കൂടിയേ തീരു.
കഴിയാറായ കണ്മഷിയാണ് എന്‍റെ കയ്യില്ലുണ്ടായിരുന്നത് .അതിനി കിട്ടിയിട്ടും വല്ല്യ കാര്യമുണ്ടായിട്ടൊന്നുമല്ല എന്നാലും ആ പഴയതിനോടുള്ള ഒരു ഇഷ്ടവും,ഇനി പുതിയൊരു കണ്മഷിയുമായി പൊരുത്തപ്പെടാനുള്ള ആശങ്കയും !ഇത് വായിക്കുമ്പോള്‍ -എന്തൊരു നിസ്സാര കാര്യമാണിത് എന്ന് തോന്നിയേക്കാം .ഇതുപ്പോലെയുള്ള നമ്മുടെ നിത്യ ജീവിതത്തിലെ പല നിസ്സാര കാര്യങ്ങളും നമ്മുടെ സ്വഭാവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമുക്ക് കിട്ടുന്ന ''തിരിച്ചറിവ്'' അത്രയേ ഉദ്ദേശിച്ചുള്ളൂ.എന്‍റെ ചിന്തകള്‍ കാട് കയറിയിരിക്കുമ്പോള്‍, അറിയാതെ കാല്‍ എന്തോ ഒന്നില്‍ ഉടക്കി, താഴെ നോക്കിയപ്പോള്‍ ദേ കിടക്കുന്നു ''എന്‍റെ കണ്മഷി..''!
===>നല്ലതിനെ നമ്മുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുക.
===>മാറ്റേണ്ട ദുശ്ശീലങ്ങളെ സ്വയം അറിഞ്ഞു തിരുത്തുക...
===>മറ്റുള്ളവരുടെ നന്മകളെ തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കുക..
ആശംസകള്‍..!