ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...
Showing posts with label തുടര്‍ക്കഥ. Show all posts
Showing posts with label തുടര്‍ക്കഥ. Show all posts

Tuesday, 7 May 2013

ജന്മ ജന്മാന്തരങ്ങള്‍ (അദ്ധ്യായം - അഞ്ച് )








പലവട്ടം അവള്‍ വിളിച്ചു നോക്കി. അവന്‍റെ ഫോണ്‍ ശബ്ദിക്കുന്നുണ്ടായിരുന്നില്ല. ഈ സമയം അവളുടെ വീട്ടില്‍ നിന്നും കാള്‍ വരുന്നു. " മോളെ നീ എവിടെയാണ്? നേരം ഇരുട്ടിയല്ലോ? വേഗം വീട്ടിലേക്കു വരാന്‍ നോക്ക്" അമ്മയുടെ സ്വരം ആയിരുന്നു. അവള്‍ ഒരു ഓട്ടോയില്‍ കയറി വീട്ടിലേക്കു തിരിച്ചു.അവളുടെ മനസ്സില്‍ ആകെ സങ്കടവും,ദേഷ്യവും എല്ലാം ഒരുമിച്ചു വന്നു. ഇനി താന്‍ അവന്‍റെ കണ്‍ വെട്ടത്ത് അധിക ദിവസങ്ങള്‍ ഇല്ലെന്ന സത്യം എങ്ങനെ അവനെ അറിയിക്കും? വീട്ടില്‍ എത്തിയിട്ടും അവള്‍ അവനെ ഒരുപാട് തവണ ഫോണില്‍ ട്രൈ ചെയ്തിരുന്നു.അപ്പോഴെല്ലാം നിശ്ശബ്ദത ആയിരുന്നു ഫലം.

മറുവശത്ത്‌ തലയ്ക്കടിയേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവന്‍ ഇതൊന്നും അറിയാതെ ആരുടെയൊക്കെയോ കരുണ കൊണ്ട് അടുത്തുള്ള ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലെ മുറിയില്‍ കിടക്കുന്നു. അപകട വിവരം അറിഞ്ഞ് അവന്‍റെ വീട്ടുകാര്‍ അവിടെ ഓടി എത്തി. ഇരുപത്തിനാല് മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ്  ഡോക്ടര്‍ പോയി. ആകെ സങ്കടകരമായ  ഒരു അന്തരീക്ഷം. ഇടയ്ക്കെപ്പോഴോ അവനു ബോധം വന്നു. അവ്യക്തതയില്‍ അവന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവന്‍റെ ഉമ്മ അടുത്ത് വന്നു അവനെ കണ്ണീരോടെ നോക്കി.. "മോനേ.. അനക്ക്  എന്താ പറ്റീത് ? " ഇടറുന്ന സ്വരത്തില്‍, പാതി മുറിഞ്ഞ വാക്കുകളോടെ അവന്‍ പറഞ്ഞു. ' ഉമ്മാ, എനക്ക്  ഇപ്പൊ നിക്കാഹ് വേണ്ടാ..' അത്  പറഞ്ഞു തീരും മുന്നേ വീണ്ടും അവന്‍ മയക്കത്തിലേക്ക്‌  വീണു. ഇതൊന്നും കണ്ടു സഹിക്കവയ്യാതെ ഉമ്മ വിമ്മിക്കരഞ്ഞു കൊണ്ട് മുറി വിട്ട് പുറത്തേക്കു വന്നു.

വയ്യാതെ കിടക്കുന്ന ഉപ്പയോട് മോന്‍റെ ഈ സങ്കട വിവരം എങ്ങനെ പറയും എന്ന ആധിയില്‍ ആയിരുന്നു ആ പാവം. പിറ്റേന്നു വൈകീട്ടോടെ  അവന്‍ സുബോധത്തിലേക്ക്  തിരിച്ചു വന്നു.  ഇടത്തേ കയ്യിനും കാലിനും ഉള്ള ചെറിയ ചതവുകള്‍ കാരണം പ്ലാസ്റെര്‍ ഇടേണ്ടി വന്നിട്ടുണ്ട്. തലയിടിച്ചു വീണതിനാല്‍ ഒരു ചെറിയ മുറിവും  ഉണ്ട്. അവിടെ ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു  !. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉമ്മ അവനു ചെറു ചൂടു കഞ്ഞി കൊടുക്കുന്നതിനിടയില്‍ അവന്‍ വീണ്ടും ആവര്‍ത്തിച്ചു .' ഉമ്മാ, എനക്ക് ഇപ്പൊ നിക്കാഹ് വേണ്ട ' അവന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. ഉമ്മ അവനോടു ചോദിച്ചു-
'അനക്ക് ആരേലും ഇഷ്ടണ്ടോ ?'
'ഉം'
'ഓള് മ്മടെ ജാതിയാണോ?' ഉമ്മക്ക് ആകാംക്ഷ കൂടി.
' ന്താ ഇയ്യൊന്നും മുണ്ടാത്തെ? ' ഉമ്മക്ക് പരിഭവം ഉണ്ടായെങ്കിലും ഉമ്മ അവനോട് പറഞ്ഞു.' ഓള് ഏതു ജാതിയിലാണേലും എനക്ക് സമ്മതാണ് .' അവനു പകുതി ആശ്വാസമായി. ഉമ്മ വീണ്ടും ചോദിച്ചു.
'ന്നിട്ട്  യെന്താദ്  പ്പാനോട് നേര്‍ത്തെ പറയാഞ്ഞേ?'
'ഉപ്പാടെ ഈ അവസ്ഥയില്‍ ഞാന്‍ എങ്ങനാ ഉമ്മാ പറയുന്നേ?' അവന്‍ ദൈന്യതയോടെ ഉമ്മയെ നോക്കി. ഉമ്മ അവനെ സമാധാനിപ്പിച്ചു. ' ആദ്യം ഇയ്യൊന്നു നേരെ നടക്കട്ടെ അന്നിട്ട്‌ ഞാന്‍ തന്നെ ഉപ്പയോട് പറഞ്ഞോളാം.' ഉമ്മ അവനു വാക്ക് കൊടുത്തു.

കഞ്ഞി കുടിച്ചശേഷം, അവന്‍ അവളെ വിളിക്കാനായി  മൊബൈല്‍ പരതി . ' യ്യ് എന്താ ഈ തപ്പുന്നെ?' അല്ലാ ഉമ്മാ ,ന്‍റെ മൊബൈല്‍ കാണുന്നില്ലല്ലോ..! 
'ഇയ്യ്  ബേജാറാവണ്ടാ, ആര്ടെലും കയ്യില്  കാണും, സമാധനത്തില് നീ അവിടെ കെടക്ക്'.
പക്ഷേ  അവനു അവളെ  കാണാതെയും അവളോട്   മിണ്ടാതെയും  ഒരു സ്വസ്ഥത കിട്ടിയിരുന്നില്ല. താന്‍ ഇവിടെ ആണെന്ന വിവരം എങ്ങനെ അവളെ അറിയിക്കും? ഇന്നേക്ക് മൂന്നാല് ദിവസം കഴിഞ്ഞിരിക്കുന്നു. അവന്‍ ഓരോ വഴികള്‍ ആലോചിച്ചു ഇരിക്കുന്നതിനിടയില്‍ അവന്‍റെ ഉറ്റ ചങ്ങായി  കയ്യില് ഒരു കാര്‍ഡും ഒരു കത്തും ആയി മുറിയിലേക്ക് കടന്നു വന്നു.

ചെറു ചിരിയോടെ അവന്‍ തന്‍റെ കയ്യിലെ ഇന്‍വിറ്റെഷന്‍ കാര്‍ഡ്‌ തുറന്നുകൊണ്ട് ചങ്ങാതിയോട് ചോദിച്ചു....  " അന്‍റെ നിക്കാഹ് തീരുമാനിച്ചോ?????

                                  (തുടരും..)



Tuesday, 2 April 2013

ജന്മ ജന്മാന്തരങ്ങള്‍ (അദ്ധ്യായം - നാല്)





നിരാശയോടെ അവന്‍ വീട്ടിലേക്ക് പോകാനായി  ഓട്ടോയില്‍ കയറി.  ഓട്ടോയിലിരുന്നും അവന്‍ പല തവണ അവളെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. വീടിനടുത്ത് എത്തിയപ്പോള്‍ അവിടെ അവന്‍റെ ബന്ധുക്കളെല്ലാം വന്നിട്ടുണ്ട്. കാര്യം എന്തെന്ന് അറിയാതെ അവന്‍ വേഗം അകത്തേക്ക് ചെന്നു. അവന്‍റെ ഉമ്മ കരഞ്ഞു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി. മോനെ... നമ്...മ്മുടെ  ഉപ്പ... അവര്‍ക്ക് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ ആയില്ല. അവന്‍റെ തോളിലേക്ക് അവര്‍ ബോധരഹിതയായി വീണു. അവനു വീട്ടില്‍ എന്താ സംഭവിക്കുന്നത്  എന്ന് അറിയുന്നുണ്ടായിരുന്നില്ല. അവന്‍ നേരെ ഉപ്പ കിടക്കുന്ന മുറിയിലേക്ക്  പോയി.. തളര്‍ന്നു ഉറങ്ങുന്ന ഉപ്പയുടെ അരികിലേക്ക് അവന്‍ ചെന്നിരുന്നു. ''ഉപ്പാ...ഉപ്പാ... ഇങ്ങക്ക് ഇത് എന്താ പറ്റീത് ?" അടുത്ത് നില്‍ക്കുന്ന ഉപ്പയുടെ  അടുത്ത സുഹൃത്ത് അവനോട് പറഞ്ഞു. ''ഓന് ചെറിയൊരു നെഞ്ഞ് ബെര്ത്തം വന്നതാ മാനേ.... ഇപ്പൊ നല്ല മയക്കത്തിലാ.. ഇയ്യിപ്പോ നെലേം വിളീം കൂട്ടി ഓനെ ഒണത്തണ്ട...'

ഒരു വശത്ത്‌ അവളുടെ മൗനം,മറുവശത്ത്‌ ഉപ്പയുടെ ഈ അവസ്ഥയും. അവന്‍ വീടിന്‍റെ പുറകു വശത്തേക്കു  മാറി അവളെ ഒന്നു കൂടെ  വിളിച്ചുനോക്കി. ഹാ, ഇപ്പൊ റിംഗ് ചെയ്യുന്നുണ്ട്. അവള്‍ അറ്റന്‍ഡ് ചെയ്തു.. പക്ഷെ ഒന്നും മിണ്ടിയില്ല.." ഹലോ.. ഹെലോ ..അവന്‍ വിളിച്ചു.."ഉം" ഇത് മാത്രം ആയിരുന്നു അവളുടെ മറുപടി. " നക്ക് ഇതെന്താ പറ്റിയേ?  യ്യെന്തിനാ മൊബൈല്‍ സ്വിച്ചോഫ് ചീതു വെച്ചത്?  ഞാനിന്ന് വരുന്നെന്നു നേരത്തെ പറഞ്ഞീര്ന്നില്ലേ..?' അങ്ങനെ ഒരു നൂറു ചോദ്യങ്ങള്‍. ഒന്നിനും അവള്‍ ഉത്തരം നല്‍കിയില്ല.."മോളെ നക്കിതെന്തു പറ്റി? അവന്‍ വീണ്ടും ചോദിച്ചു. അവള്‍ പറഞ്ഞു- " നമ്മള്‍ എന്നും കാണാറുള്ള സ്ഥലമില്ലേ, അവിടേക്ക് ഇന്ന് വൈകീട്ട് വരണം, എനിക്ക് കുറച്ചു കാര്യങ്ങള്‍ പറയാന്‍ ഉണ്ട്." അവള്‍ ഫോണ്‍ വെച്ചു. "ഹെലോ..അവന്‍ വീണ്ടും വിളിച്ചു.പക്ഷെ ഫോണ്‍ അപ്പോഴേക്കും കട്ട് ചെയ്തിരുന്നു. അവന്‍റെ മനസ്സ് ആകെ അസ്വസ്ഥതകള്‍ കൊണ്ടു പുകഞ്ഞു . സമയം അഞ്ചാവാന്‍ അവന്‍ കാത്തു നിന്നു.

ഇതിനിടയില്‍ ഉപ്പ ഉണര്‍ന്ന് അവനെ തിരക്കി. അവന്‍ മുറിയിലേക്ക് ഓടി ചെന്നു. ബാക്കി ബന്ധുക്കളെ എല്ലാം പുറത്തു നിര്‍ത്തി, കതകടക്കാന്‍ പറഞ്ഞു." ഉപ്പാ, ഇങ്ങള്‍ക്ക്‌ ഇത് എന്താ പറ്റീത് ? "മോനേ, നിക്ക് ബയസ്സായി വര്ണു.. അനക്ക് തായെ രണ്ടു പേരൂടെണ്ട്.. ന്റെ കണ്ണ് അടീണീനും മുന്നേ അന്റെ നിക്കാഹു കാണണം..ഡെല്ലീല് ന്റെ ചെങ്ങായി ഐദരാലീടെ ഒരു മോള്ണ്ട്, സുഹറ! അനക്ക് വേണ്ടി ഓളെയാ ഞാന്‍ കണ്ടുവെച്ച്ക്കണത്..ഞാന്‍ ഓന്വായി ഇക്കാര്യം സംസാരിച്ചു കയ്ഞ്ഞു..ഓനും അതില് എതിര്‍പ്പൊന്നും ഇല്ല..ഇനി യ്യായിട്ട് വേണ്ടാന്ന് പറയാതിരുന്നാല്‍ മതി. യ്യ് ഉപ്പക്കിപ്പൊ സമ്മതാണെന്നു വാക്ക് തരണം. 'അവന്‍റെ ദേഹം തളരുന്നപോലെ തോന്നി.ആകെ ഒരു മരവിപ്പ്...!  എന്താണു പറയേണ്ടതെന്നറിയാതെ  അവന്‍ നിലത്തു നോക്കിയിരുന്നു..
'മോനേ..'
അവന്‍ ഉപ്പയെ നോക്കി. 
' അനക്ക് എന്താ പറ്റിയേ? '
അവരുടെ സംസാരത്തിനിടയില്‍ ഉമ്മ അകത്തേക്ക് കയറി വന്നു. കൂടെ അവരുടെ ഒരു അകന്ന ബന്ധുവും. അവന്‍ ഒന്നും പറയാതെ മുറിവിട്ടു പോയി..

അവളെ കാണാനുള്ള സമയം ആയി വരുന്നു. അസ്വസ്ഥമായ മനസ്സോടെ അവന്‍ ബൈക്ക് എടുത്തു പുറത്തേക്കു പോയി. കണ്ണിലാകെ ഇരുട്ടു കയറുന്നതുപോലെ തോന്നി. ബൈക്കിന്‍റെ വേഗത കൂടിയത്  അവന്‍ അറിഞ്ഞില്ല..അത് നേരെ ഒരു ലോറിയില്‍ കൊണ്ട് ഇടിച്ച് അവന്‍ റോഡിന്‍റെ ഒരു വശത്തേക്ക് തെറിച്ചു വീണു; പോക്കെറ്റില്‍ ഇട്ടിരുന്ന മൊബൈലും എവിടെയോ തെറിച്ചു.

അവള്‍ നേരത്തെ പറഞ്ഞുറപ്പിച്ച  സമയത്ത് തന്നെ  പതിവായി തങ്ങള്‍ കാണാറുള്ള മാളിനടുത്തെത്തി . നേരം ഇരുട്ടി വരുന്നു, ഏറെ നേരം കഴിഞ്ഞിട്ടും അവന്‍ എത്തിയില്ല. സാധാരണ എന്നും ഒരു മിനിട്ടെങ്കിലും നേരത്തെ എത്താറുള്ള ആളാണല്ലോ..ഇന്ന് എന്ത് പറ്റി ??

അവള്‍ അവനെ വിളിക്കാനായി ഫോണ്‍ എടുത്തു...


                                            (തുടരും....)

Saturday, 9 March 2013

ജന്മ ജന്മാന്തരങ്ങള്‍ (അദ്ധ്യായം- മൂന്ന്)






അങ്ങനെ ഇരിക്കെയാണ് അവന് അത്യാവശ്യമായി ഡല്‍ഹി വരെ പോകേണ്ടി വന്നത്.  പോകാന്‍ മനസ്സ് അനുവദിക്കുന്നില്ലെങ്കിലും, വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം, അവന്‍ അവളോട്‌ യാത്ര പറഞ്ഞ് ട്രെയിന്‍ കയറി.  അവന്‍റെ സാമീപ്യക്കുറവ് അവളെ തെല്ലൊന്നുമല്ല ഉലച്ചത്. ദിവസവും അവന്‍ അവളെ വിളിച്ച് കാര്യങ്ങള്‍ തിരക്കുമായിരുന്നെങ്കിലും അവളുടെ മനസ്സ് ശൂന്യതയുടെ വക്കത്തായിരുന്നു. ആര്‍ത്തലച്ചു പെയ്യുന്ന മഴയെ നോക്കിയിരിക്കുന്ന ഒരു സന്ധ്യാസമയം, അവളുടെ അമ്മ അവളോട്‌  ഒരു കാര്യം  പറഞ്ഞു.. അപ്പോഴാണ്‌ അവള്‍ തന്‍റെ പ്രായത്തെ കുറിച്ച് ആലോചിക്കുന്നത്. ഒരു വശത്ത് അവളും സഹോദരങ്ങളും കുറെ പ്രാരാബ്ധങ്ങളും.. മറുവശത്ത്‌, അവളെ മാത്രം ജീവനു തുല്യം സ്നേഹിക്കുന്ന അവന്‍..

വീട്ടുകാരെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ മാത്രം നിരത്താനുള്ള ന്യായങ്ങള്‍ ഒന്നും അവളുടെ പക്കല്‍ ഉണ്ടായിരുന്നില്ല..അവള്‍ പറയുന്നത് കേള്‍ക്കാനോ, പിന്നീട് ആലോചിച്ചു  തീരുമാനിക്കാനോ അവര്‍ തയ്യാറായിരുന്നില്ല, കാരണം, അവള്‍ക്കു താഴെ അവള്‍ക്കൊപ്പം  വളര്‍ന്നു വരുന്ന രണ്ടു കുഞ്ഞനുജത്തിമാര്‍ ഉണ്ട്... മൂത്തവള്‍ നില്‍ക്കുമ്പോള്‍ താഴെത്തുങ്ങള്‍ക്ക് നല്ലൊരു ബന്ധം വരുന്നതു എങ്ങനെ??മനസ്സിലെ പ്രണയം എങ്ങനെ വീട്ടുകാരോട് പറയും? അതും അന്യ ജാതിയില്‍പെട്ട ഒരാളെ..അവളുടെ മനസ്സ്  ആകെ സംഘര്‍ഷഭരിതമായി. അവനോടു താന്‍ എന്തു പറയും? അവനത് എങ്ങനെ താങ്ങും?? അവള്‍ ആകെ തകര്‍ന്നു പോയി.

ഈ സമയം, അവന്റെ  ഉപ്പയുടെ പരിചയത്തിലെ ഒരു വീട്ടുകാര്‍ അവനെ കാണാന്‍ ഡല്‍ഹിയിലെ താമസ സ്ഥലത്തെത്തി. അവരുടെ മകള്‍ക്കുവേണ്ടി ആയിരുന്നു ആ കൂടിക്കാഴ്ച.. മനസ്സില്‍ സൂക്ഷിച്ച പ്രണയമായിരുന്നു അവന് വലുത്.. തന്‍റെ വരവും കാത്തിരിക്കുന്ന അവളുടെ മുഖം മാത്രമായിരുന്നു അവന്‍റെ കണ്ണില്‍. വന്നവരോട്‌ മാന്യമായി തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ നാട്ടിലേക്കു തിരിച്ചു. യാത്രയിലുടനീളം അവന്‍റെ ചിന്തകളില്‍ എല്ലാം അവളായിരുന്നു.. ഇത്രനാളും കാണാതെ ഇരിക്കുന്ന അവള്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനവുമായിട്ടാണ് അവന്‍ വരുന്നതു.. 

ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയ ഉടനെ അവളെ വിളിക്കാന്‍ അവന്‍ മൊബൈല്‍ കയ്യിലെടുത്തു.. പക്ഷെ അവളുടെ മൊബൈല്‍ സ്വിച്ച്ഓഫ്‌ ആയിരുന്നു....


                                                     (തുടരും.....)
                

Sunday, 10 February 2013

ജന്മ ജന്മാന്തരങ്ങള്‍ (അദ്ധ്യായം - രണ്ട് )






ആ കത്ത് അവള്‍ പല ആവര്‍ത്തി വായിച്ചു.. വായിക്കുന്തോറും എന്തോ ഒരിഷ്ടം മനസ്സില്‍ അവള്‍ക്കു തോന്നി തുടങ്ങിയിരുന്നു.പക്ഷേ ഇക്കാലമാത്രയും ഒരു  അന്യ പുരുഷനോട് നേരെ മുഖം നോക്കി സംസാരിക്കാന്‍ പോലും അറിയാത്ത അവള്‍ക്ക് ഇതെങ്ങനെ അവന്‍റെ മുന്നില്‍ പറയും എന്നൊന്നും നിശ്ചയം ഉണ്ടായിരുന്നില്ല.. പതിവ് പോലെ അവള്‍ പിറ്റേന്ന് ഓഫീസിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ വഴിയില്‍ അവന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു..കണ്ട മാത്രയില്‍ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. അവനും ചിരിച്ചു. ബസ്സിനുള്ള സമയം ആയതിനാല്‍ പിന്നെ കാണാം എന്ന് പറഞ്ഞ് അവര്‍ പിരിഞ്ഞു. അതവരുടെ പ്രണയത്തിന്‍റെ ആരംഭം  ആയിരുന്നു.

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളില്‍ അവര്‍ കാണുമെങ്കിലും ഒന്നും സംസാരിക്കുമായിരുന്നില്ല.അവരുടെ ഇഷ്ടങ്ങള്‍ ഫോണിലൂടെ അവര്‍ കൈമാറി. അന്നവരുടെ കയ്യില്‍ കമ്പ്യൂട്ടറും, ലാപ്ടോപും മറ്റും  ഉണ്ടായിരുന്നില്ല. ആ സമയത്താണ് ഒരു ഓഫര്‍ അവരുടെ ശ്രെദ്ധയില്‍ പെട്ടത്.  രണ്ടുപേരും നേരത്തെ തീരുമാനിച്ച സ്ഥലത്തു വന്നു ഓരോരോ ലാപ്ടോപ് വാങ്ങി, തിരക്കേറിയ നഗര വീഥികളിലൂടെ പതിയെ നടന്നു നീങ്ങി.. അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. നടക്കുന്ന്തിനിടയിലെപ്പോഴോ  അവരുടെ വിരലുകള്‍ അവര്‍ അറിയാതെ സ്പര്‍ശിച്ച മാത്രയില്‍ അവര്‍ തിരിച്ചറിഞ്ഞു ഉള്ളില്ലേ സ്നേഹത്തിന്റെ തീവ്രത. അവര്‍ കൂടുതല്‍ അടുക്കാന്‍ തുടങ്ങി..

അവനു, ജോലി കഴിഞ്ഞാല്‍ പിന്നെ ആകെ കൂട്ട് അവളോട്‌ മാത്രമായിരുന്നു. അവര്‍ രചിക്കാന്‍ തുടങ്ങി അവരുടെ കുഞ്ഞു ലോകത്തെ പറ്റി..അവളുണ്ടാക്കുന്ന വിഭവങ്ങളില്‍ അവന്‍ പങ്കു പറ്റി. അവളുടെ ഇഷ്ടങ്ങളില്‍ ഒന്നാണ് ചോക്ലൈറ്റ്‌. ഇതറിഞ്ഞ്  അവന്‍, അവള്‍ക്കു നല്‍കാന്‍ എന്നും രാവിലെ ഒരു ചോക്ലൈറ്റ്‌ കരുതിയിരുന്നു. . അവന്‍റെ ഓഫീസ്‌ സമയം നേരത്തെ തീരുന്നതിനാല്‍, പലപ്പോഴും, അവളെയും കാത്ത് അവളുടെ ഓഫീസിനു മുന്നില്‍ നില്‍ക്കുവായിരുന്നു. ബസ്സിനു പോകാനുള്ള ദൂരം ഉണ്ടായിരുന്നെങ്കിലും അവര്‍ രണ്ടുപേരും നടന്നു തന്നെ വീട്ടിലേക്കു പോകുമായിരുന്നു. ഈ യാത്രകള്‍ അവരെ കൂടുതല്‍ അടുപ്പിച്ചു. അവളുടെ ഉള്ളിലെ ഒരു കുഞ്ഞു ഭയം കൊണ്ടായിരിക്കാം അമിതമായി ഉള്ളിലെ സ്നേഹം അവനോടു പങ്കുവെക്കാന്‍ അവള്‍ക്കു പറ്റുന്നില്ലായിരുന്നു.. എന്നാല്‍ അവനാകട്ടെ.. ഉള്ളിലെ സ്നേഹം മുഴുവന്‍ അവളിലേക്ക് ഒഴുക്കുകയായിരുന്നു.. അവളുടെ ചെറിയ നിശബ്ദത പോലും അവനെ അസ്വസ്ഥമാക്കുമായിരുന്നു.. എങ്കിലും ഒരിക്കല്‍ പോലും മുഖം കറുത്ത് അവളോട്‌ സംസാരിക്കാന്‍ അവനു പറ്റുമായിരുന്നില്ല.. അവളുടെ ഇഷ്ടവും, സമാധാനവും ആയിരുന്നു അവനു ആദ്യം നോക്കിയിരുന്നത്..

ഏറ്റവും സുദൃഢവും  പവിത്രവുമായ ആ സ്നേഹ ബന്ധം അങ്ങനെ  വളരുകയായിരുന്നു...


                                                                (തുടരും..)

                                                                                                      

Wednesday, 9 January 2013

ജന്മ ജന്മാന്തരങ്ങള്‍..(അദ്ധ്യായം - ഒന്ന്)




       

  അവന്‍ അവളിലെക്കോ...അവള്‍ അവനിലേക്കോ?? അവര്‍ പോലുമറിയാതെ വിധിയുടെ ചങ്ങലകള്‍ പൊട്ടിച്ച്  കൊണ്ടുള്ള  ഒരു കൂടിച്ചേരല്‍.. പക്ഷെ അവരുടെ ഈ സംഗമത്തിന്  ആദ്യത്തേക്കാള്‍ ആഴവും വ്യാപ്തിയും   ഉണ്ടായിരുന്നു.. പരസ്പരം ഒന്നും  ഉരിയാടാതെ നടന്ന നീണ്ട കുറെ വര്‍ഷങ്ങള്‍!  മനസ്സിലെ സ്നേഹം മുഴുവന്‍ അവള്‍ അടക്കി പിടിച്ചു അവനെ പിരിഞ്ഞ നാളുകള്‍.. പക്ഷെ അവനു അത്  താങ്ങാവുന്നതില്‍ അധികമായ ഒരു വേദനയായി മാറി.... 

ആദ്യമായ്‌ അവന്‍ അവളെ കണ്ടത്‌  വളരെ യാദ്രിശ്ചികമായിട്ടായിരുന്നു.. ആ കാഴ്ച്ച വെറുതെ ആയിരുന്നില്ല... തുടര്‍ന്നുള്ള പല ദിവസങ്ങള്‍ അവന്‍ , അവള്‍ അറിയാതെ കണ്ടു.. ആ മുഖം മനസ്സില്‍ അങ്ങനെ പതിഞ്ഞ് അവന്‍ അതിനെ സ്നേഹിച്ചു തുടങ്ങി..തന്നെ ആരോ പിന്തുടരുണ്ടെന്നു അറിഞ്ഞ് അവള്‍ ആദ്യമായി അവന്‍റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..." എന്നെ അറിയുമോ"? ഒട്ടും പ്രതീക്ഷിക്കാത്ത ആ  ചോദ്യം അവനെ ആകെ വല്ലാതാക്കി.. ചിരിച്ചു കൊണ്ട് അവളുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞെങ്കിലും, അവന്‍റെ ഉള്ളിലെ പ്രണയത്തിന് അതൊരു തുടക്കം കുറിക്കലായിരുന്നു.. അന്നവന് ഒട്ടും ഉറങ്ങാന്‍ സാധിച്ചില്ല.. അവളോട്‌ ഒന്നും പറയാതെ വന്നത് ശെരിയായില്ലെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.. കിടക്കപായയില്‍ നിന്ന് എണീറ്റ്‌ അവന്‍ ഒരു കടലാസ്സെടുത്തു എഴുതാന്‍ തുടങ്ങി..ആദ്യമായ്‌ മനസ്സിനിഷ്ടപെട്ട ഒരു പെണ്ണിനോട്‌ എങ്ങനെ എഴുതും എന്നൊന്നും അവന് അറിയുമായിരുന്നില്ല...പക്ഷെ അവന്‍റെ മനസ്സ് അതില്‍ അവന്‍ കുറിച്ചിട്ടു.. താഴെ ആയി അവന്‍റെ ഫോണ്‍ നമ്പറും.

നേരം പുലരുന്നെ ഉള്ളൂ.. അവളെ കണ്ട് ആ  കത്ത് കൈമാറാന്‍ ഉള്ള ഒരു വെപ്രാളം അവന്‍റെ മുഖത്ത് നന്നായി നിഴലിക്കുന്നുണ്ടായിരുന്നു..അവള്‍ നടന്നു വരുന്നത്  കണ്ട്, അവന്‍ ധൃതിയില്‍ ആ കത്ത് കൊടത്തു  കൊണ്ട് പറഞ്ഞു-" എനിക്ക് പറയാന്‍ ഉള്ളതെല്ലാം ഇതില്‍ ഉണ്ട്" എന്നിട്ട് എങ്ങോ പോയ്മറഞ്ഞു..  എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവള്‍ കുറച്ചു നേരം അവിടെ തന്നെ നിന്നു. പിന്നെ ആ കത്ത് തന്‍റെ ബാഗില്‍ ഇട്ട് ഓഫീസിലേക്ക് പുറപ്പെട്ടു. ബസ്‌ യാത്രക്കിടയില്‍ അവള്‍ അവന്‍റെ മനസ്സ് അടുത്തറിഞ്ഞു.. പക്ഷെ ഒന്നും തോന്നിയിരുന്നില്ല..നേരിട്ട് സംസാരിക്കാന്‍ അവള്‍ അവന്‍റെ ആ നമ്പറിലേക്ക്  പല തവണ വിളിക്കാന്‍ ശ്രമിച്ചു. പക്ഷെ അത് സ്വിച്ച് ഓഫ്‌ ആയിരുന്നു.
   
ആ ദിവസം അങ്ങനെ കടന്നു പോയി. ..
                                                                  (തുടരും..)
                                                                                                                             



നിങ്ങള്‍ക്കിഷ്ടപ്പെട്ടവ