ഇന്ന് അവരുടെ പത്താം വിവാഹ വാര്‍ഷികം ആണ്. . ജീവിതത്തെ ഏറ്റവും മനോഹരമാക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൊച്ചു കുടുംബം..ഇനിയും എന്തൊക്കെയോ ലക്ഷ്യങ്ങള്‍ കണ്ടു മുന്നോട്ട് പോകുന്ന അവന്‍, തികഞ്ഞ ഈശ്വര വിശ്വാസിയും, അതിലേറെ ശുഭാപ്തി വിശ്വാസക്കാരനും ആണ്..അവരുടെ ജീവിതത്തില്‍ അങ്ങനെ പറയത്തക്ക, വഴക്കുകളോ പിണക്കങ്ങളോ ഉണ്ടായിരുന്നില്ല.. തികച്ചും ശാന്തപൂര്‍ണ്ണമായ കുടുബ ജീവിതം.. അവര്‍ക്ക് കൂട്ടിനു ഒരു കുഞ്ഞു പൂമ്പാറ്റക്കിളിയായി അമ്മുവും കൂടെ ഉണ്ട്..
ഉച്ചക്കുള്ള, വിഭവ സമൃദ്ധമായ സദ്യ കഴിച് മോളെയും ഉറക്കി, അവരൊരു ഉച്ചയുറക്കത്തിനുള്ള പുറപ്പാടാണ്.. മുറിയിലേക്ക് കടന്നു വന്ന അവന്‍ അവളോടായി പറഞ്ഞു..'' ചെറിയൊരു വേദന കുറച്ചു ദിവസങ്ങളായി ഈ നെഞ്ചിന്‍റെ ഭാഗത്തായി തോന്നുന്നുണ്ട്, ഒന്ന് ഡോക്ടറുടെ അടുത്തേക്ക് പോകണം.'' സാധാരണ എല്ലാം അവളോട് തുറന്നു പറയാറുള്ള ആള്‍, ഇപ്പോള്‍, എന്തേ ഇത് എന്നോട് നേരത്തേ പറഞ്ഞില്ല എന്ന് ആത്മഗതം ചെയ്തു.. കിടക്കയില്‍ നീണ്ടു നിവര്‍ന്ന കിടക്കുന്ന അവന്‍റെ മാറിലേക്ക് അവള്‍ തല ചായ്ച്ചു കിടന്നു..അവന്‍റെ ഹൃദയമിടിപ്പുകള്‍ അവള്‍ക്കു കേള്‍ക്കാമായിരുന്നു..അവളുടെ തലോടലില്‍ അവന്‍ ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു..അവള്‍ക്കു പക്ഷെ ഉറങ്ങാന്‍ സാധിക്കുമായിരുന്നില്ല. മനസ്സാകെ അസ്വസ്ഥമായ അവള്‍ ഈശ്വരനോട് അപേക്ഷിച്ചു...ദൈവമേ, ചേട്ടന്‍റെ ഈ വേദന എനിക്ക് നീ തരണമേ.. ഞാന്‍ ഇത് സ്വീകരിക്കാന്‍ തയ്യാറാണ്", ഈ ഒരേ ഒരു പ്രാര്‍ത്ഥന നീ കേള്‍ക്കണമേ.. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി..പതിയെ അവന്‍റെ ഹൃദയ താളങ്ങള്‍ അവളുടെ കര്‍ണ്ണപടങ്ങളില്‍ നിന്ന് മാഞ്ഞു പോകുന്നാതായി തോന്നി..
അമ്മുവിന്‍റെ കരച്ചില്‍ കേട്ട് ഉറക്കത്തില്‍ നിന്ന് അവന്‍ ഞെട്ടി ഉണര്‍ന്നു.. തന്‍റെ നെഞ്ചില്‍ തലചായ്ച്ചു കിടക്കുന്ന അവളെ അവന്‍ തട്ടി ഉണര്‍ത്താന്‍ ശ്രമിച്ചു, എങ്കിലും അവള്‍ ഉണര്‍ന്നില്ല..