ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Thursday, 27 January 2011

ജനുവരി ഒരു ഓര്‍മ്മ.!

ഇത് ഒരു സിനിമയുടെ പേരല്ലേ എന്ന് തോന്നുന്നുണ്ടാവാം അല്ലെ?എന്‍റെ ജീവിതത്തിലും കാര്‍മേഘാ പടലം പരത്തിയ ഒരു മാസമാണ് ജനുവരി.ഒരു തീരാ നഷ്ടത്തിന്‍റെ കണക്കുണ്ട് ഈ മാസത്തില്‍ .ആര്‍ക്കും നികത്താനാവാത്ത നഷ്ടം.എന്റെ ഡാഡി ഈ ലോകത്തോട്‌ വേര്‍പിരിഞ്ഞ മാസം.ഒരുപാട് ഓര്‍മ്മകള്‍ ഒന്നും തരാതെ തന്നെ മറ്റൊരു ലോകത്തിലെവിടെയോ ഒരു നക്ഷത്രമായി മിന്നുന്നുണ്ടാവാം..ഒരു ഭാര്യയും,നാലു മക്കളും ഈ ലോകത്തില്‍ ഒറ്റപെട്ട ദിവസം-ജനുവരി 13.

ഓര്‍ക്കാന്മാത്രം എന്‍റെ കയ്യില്‍ ഒന്നുമില്ല,ഒന്നറിയാം ഡാഡിക്ക് ഞങ്ങളെ ജീവനായിരുന്നു.പ്രതേകിച്ചും ആ പത്തു വയസ്സുകാരിയായ എന്നെ.കടിഞ്ഞൂല്‍ പുത്രി ആയതുകൊണ്ടാവാം..കൂടുതല്‍ ലാളനയും എനിക്കാണ് കിട്ടിയിരുന്നത് .ഡാഡി മരിക്കുമ്പോള്‍ എന്‍റെ കുഞ്ഞനുജന് ഒന്നര വയസ്സ്.അവന്റെ ഓര്‍മ്മകളിലെ ഡാഡി എന്ന് പറയുന്നതിനേക്കാള്‍ സങ്കല്‍പ്പത്തിലെ ഡാഡിയെ പറ്റി ചോദിക്കുന്നതായിരിക്കും നല്ലത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ദിവസം രാവിലെ എന്തോ അസ്വസ്ഥത തോന്നി വെറുതെ ഡോക്ടര്‍ടെ അടുത്ത് ചെന്ന ഡാഡി പിന്നെ തിരിച്ചു വന്നില്ല,മമ്മിയെ അന്വേഷിച്ചു ബന്ധുക്കളില്‍ ആരോ വന്നു ആശുപത്രിയിലേക്ക് കൂട്ടി കൊണ്ട് പോയി.ഞങ്ങളില്‍ മൂന്നുപേര്‍ അന്ന് സ്കൂളില്‍ പോയിരിക്കുകയായിരുന്നു..വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഞങ്ങളെയും കൂട്ടി ആശുപത്രിയിലേക്ക് മമ്മി പോയി.ജീവന്‍ മാത്രം ബാക്കി നില്‍ക്കെ അബോധാവസ്ഥയില്‍ കിടക്കുന്ന ഡാഡിയെ കണ്ടു മക്കളായ ഞങ്ങള്‍ക്കൊന്നും മനസിലായില്ല.ആരോ മമ്മി യോട് പറയുന്നത് കേട്ടു-മഞ്ഞപിത്തം രക്തത്തില്‍ കലര്‍ന്നെന്നും ,അത് പിന്നെ പനി ആയി തലയ്ക്കു സാരമായ കേടുണ്ടാക്കിയെന്നും മറ്റുമൊക്കെ..യഥാര്‍ത്ഥത്തില്‍ എന്താണ് ഉണ്ടായതെന്ന് എനിക്കിപ്പോഴും അറിയില്ല, അതറിയാന്‍ ഞാന്‍ മമ്മിയെ സമീപിച്ചതുമില്ല.

ഒരുപാട് ചോദിച്ചിട്ടും ഒന്നും വ്യക്തമായി പറയാതിരുന്ന ആ ഡോക്ടര്‍ (ഈ ഡോക്ടര്‍ ഡാഡി മരിച്ചതിന്‍റെ നാലാം ദിവസം ഒരു ലോഡ്ജ്ജ് മുറിയില്‍ തൂങ്ങി മരിച്ചെന്നു പത്ര വാര്‍ത്തകളില്‍ വന്നിരുന്നു.) നേരെ കോയമ്പത്തൂര്‍ ഹോസ്പിറ്റലിലേക്ക് റെഫര്‍ ചെയ്തു.വേണ്ടതെല്ലാം അദ്ദേഹം തന്നെ ചെയ്തു തന്നു..ഞങ്ങളെ തറവാട്ടിലാക്കി, ഡാഡിയുടെ കൂടെ മമ്മിയും കോയമ്പത്തൂരിലേക്ക് പോയി.ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഡാഡിയെ കാണാന്‍ മക്കളായ ഞങ്ങള്‍ ജനുവരി 12 നു കോയമ്പത്തൂരിലേക്ക് ചെന്നു.വാശി പിടിച്ചത് കൊണ്ടാവാം എന്നെ മാത്രം  കാണാന്‍ അനുവദിച്ചു.ശ്വാസം മാത്രം ബാക്കിയാക്കി ഒന്നുമറിയാതെ കിടക്കുന്ന ഡാഡി യെ നോക്കി ഞാന്‍ നിറ കണ്ണുകളോടെ വിളിച്ചു,ഉറക്കെ വിളിച്ചു..''ഡാഡി''..എന്‍റെ കണ്ണുനീര്‍ ആ മുഖത്തില്‍ വീണത്‌ കൊണ്ടാണോ എന്നറിയില്ല,അടഞ്ഞിരുന്ന കണ്ണുകള്‍ പാതി തുറന്നു എന്നെ നോക്കി ..ഡാഡി യുടെ കണ്ണുകളിലും കണ്ണീര്‍ എനിക്ക് കാണാമായിരുന്നു.പെട്ടെന്ന് ഡാഡി എന്നോട് എന്തോ പറയുന്നതുപോലെ തോന്നി.ഡാഡി പറയുമ്പോള്‍ നാവു കുഴയുന്നുണ്ടായിരുന്നു...അത് ഇങ്ങനെ ആയിരുന്നു..''മോളെ ഡാഡി പോവുകയാണ്..''തോന്നലല്ല അത് ..അത് തന്നെയാണ് പറഞ്ഞത്.. പത്തു വയസ്സുകാരിക്ക് ആ പറഞ്ഞതിന്റെ പൊരുള്‍ അന്ന് മനസ്സിലായിരുന്നില്ല..

ജനുവരി 13
ഡാഡി യെ കണ്ടു മടങ്ങിയ ഞങ്ങള്‍ പതിവുപോലെ അന്നും സ്കൂളില്‍ പോയി.ഉച്ചയായി കാണില്ല ഞങ്ങളെ വീട്ടില്‍ കൊണ്ട് ചെല്ലാന്‍ ഞങ്ങളുടെ ബന്ധുക്കള്‍ സ്കൂളില്‍ വന്നിരുന്നു.കാര്യം എന്താണെന്ന് ഞാനവരോട് പലവട്ടം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ''ഡാഡി ക്ക് അസുഖമെല്ലാം മാറി വീട്ടില്‍ എത്തിയെന്ന്.'' അവരത് പറയുമ്പോള്‍ ഒരു സന്തോഷവും അവരുടെ മുഖത്തു ഞാന്‍ കണ്ടിരുന്നില്ല. ഒരുപാട് ചോദ്യങ്ങള്‍..!!വീടിനു മുന്നില്‍ ഓട്ടോ റിക്ഷയില്‍ നിന്നിറങ്ങിയ ഞങ്ങളെ വരവേറ്റത് ഒരു ജനകൂട്ടം ആയിരുന്നു.ഞാന്‍ വീടിനകത്തേക്ക്‌ ഓടിച്ചെന്നപ്പോള്‍, അലമുറയിട്ടു കരയുന്ന എന്‍റെ മമ്മിയെയും എന്‍റെ ബന്ധുക്കളെയും ആണ്. എന്നെ കെട്ടിപിടിച്ചു മമ്മി പറഞ്ഞു..''മോളെ നമ്മുടെ ഡാഡി നമ്മളെ വിട്ടു പോയി.'' എന്ന്! എന്ത് ചെയണം എന്നറിയാതെ മമ്മിയെ കെട്ടിപിടിച്ചു ഒരുപാട് നേരം ഞാനും കരഞ്ഞു..എന്‍റെ അരികത്തായി ഭംഗി യായി അലങ്കരിച്ച ശവമഞ്ചത്തില്‍ കിടക്കുന്ന വെള്ള പുതച്ച എന്‍റെ ഡാഡിയെ ഞാന്‍ തൊട്ടപ്പോള്‍ ആക്കെ തണുപ്പായിരുന്നു ആ ശരീരത്ത്!..നിര്‍ജ്ജീവമായി കിടക്കുന്ന ഡാഡിയോട് ഞാന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു,ഒന്നിനും എനിക്ക് മറുപടി കിട്ടിയിരുന്നില്ല..കരഞ്ഞു തളര്‍ന്ന ഞാന്‍ എപ്പോഴോ കിടന്നുറങ്ങി..പിന്നീട് കണ്ണു തുറന്നപ്പോള്‍ വീട് ശ്യൂന്യമായിരുന്നു..അവിടെ ജനകൂട്ടം ഇല്ല,എന്‍റെ ഡാഡിയെയും ഞാന്‍ കണ്ടില്ല.ഒരു മുറിയില്‍ കണ്ണീര്‍ വാര്‍ത്തിയിരിക്കുന്ന മമ്മിയുടെ മടിയില്‍ ഞങ്ങള്‍ നാലു മക്കള്‍..!

ഇന്നും ജനുവരി മാസം എനിക്ക് പേടി സ്വപ്നമാണ്..ഒപ്പം ഒരു നഷ്ട സ്വപ്നവും.!


(ഇതെഴുതുമ്പോഴും എന്‍റെ കണ്ണുകള്‍ ഈറന്‍ അണിയുന്നുണ്ടായിരുന്നു..അറിയാതെ ..!)

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ