ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Saturday, August 31, 2013

തിരിനാളം ..നിന്‍ മൌനത്തിന്‍ ഭാഷയോ
അതിലൂറും ചുടുബാഷ്പമോ
വണ്ടോട് ഞാനക്കാര്യം ഓതി
ചുണ്ടോടു അതൊപ്പിയെടുക്കുവാന്‍

നിന്‍ ഹൃത്തിലൂടൂര്‍ന്നൊരാ സ്നേഹം
സ്വന്തമാക്കുവാനേറെ മോഹം
മാണിക്യമായ് ഞാന്‍ കാത്തുവെച്ചോരു
വരണമാല്യമായ്‌ എന്‍ മാറിലണിയാന്‍

ആനന്ദമായ് ആത്മപീയൂഷമായ്‌
സാഫല്യമായ്‌ പ്രേമനൈവേദ്യമായ്‌
കണികൊന്നതന്‍ പൂമൊട്ടിനെ വരവേല്‍ക്കുവാന്‍
മണിശലഭങ്ങളായ് നാം കൂടണയവേ

നിനയ്ക്കാതെ വന്നയീ വിരഹം
തരും വിങ്ങലെന്‍ നെഞ്ചകത്തില്‍
പെയ്യാതെ പെയ്തയീ മഴയില്‍
വരും ഓര്‍മകള്‍ തന്‍ നിത്യവസന്തം

എന്തേയിത്ര വൈകി നീ..
എന്തേയിത്ര വൈകി നീ-
യെന്‍ ചാരത്തണയാന്‍ പ്രിയനേ
വിതുമ്പുമെന്‍ ഹൃദയത്തിന്‍ മണിനാദം

ഏറെ വൈകിയെന്നാലും നിനക്കായ്‌
ഞാന്‍ കൊളുത്തിയ തിരിനാളം
അണയ്ക്കാതെ ഞാന്‍ കാത്തിടാം
എന്‍ ശ്വാസം നിലയ്ക്കുവോളം..
 

Thursday, August 29, 2013

എനിക്കെന്‍റെ അമ്മയെ വേണം...!


ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ഒരേട്.

നിറവയറുമായി എന്‍റെ വീട്ടിലേക്കു അവള്‍ ഓടി വരുമ്പോള്‍ ‍, അവളുടെ മനസ്സ് നിറയെ ഉത്കണ്ഠകള്‍ ആയിരുന്നു.എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ ഞാന്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ പുറകെ കള്ളു കുടിച്ചു ഒരു ബോധവും ഇല്ലാതെ പാഞ്ഞുവരുന്ന അവളുടെ ഭര്‍ത്താവിനെയാണ് കണ്ടത്.അയാള്‍ അലറി വിളിക്കുന്നുണ്ടായിരുന്നു..''അവളെ ഇങ്ങു ഇറക്കി വിട്..''കുറെ ഒച്ചപ്പാടുകള്‍ക്കൊടുവില്‍ അയാള്‍ അവിടെ തിണ്ണയില്‍ കിടന്നുറങ്ങി.നേരം പുലരുംവരെ അയാള്‍ക്കവള്‍ കാവലിരുന്നു .അവളുടെ കണ്ണുകളില്‍ ഇനി കരയാന്‍ കണ്ണുനീര്‍ ബാക്കിയില്ല..എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാന്‍ അവളുടെ ചാരെ വന്നിരുന്നു.അവള്‍ അവളുടെ കഥ പറഞ്ഞു തുടങ്ങി.ചില മാനസിക സമ്മര്‍ദ്ദത്താല്‍ ചെറിയ രീതിയില്‍ തുടങ്ങിയ മദ്യപാനം ഇവിടം വരെ കൊണ്ടെത്തിച്ചു.അതിനിടയില്‍ എപ്പോഴോ..ആഗ്രഹിക്കാതെ ഉരുവാക്കപെട്ട ഒരു കുഞ്ഞു ഹൃദയവും പേറി നടക്കുമ്പോള്‍ പലപ്പോഴും അതിനെ ഇല്ലാതാക്കാന്‍ നോക്കിയിരുന്നു..പക്ഷെ ദൈവ നിയോഗം എന്നപോലെ ...ആ കുഞ്ഞു അവളുടെ ശരീരത്തോട് ഒട്ടിക്കിടക്കുവായിരുന്നു..ഭര്‍ത്താവിന്റെ പീഡനം ആ കുഞ്ഞും ഏറെ സഹിച്ചു കാണണം!അമ്മയെ ഒന്ന് സഹായിക്കാന്‍ സാധിക്കാതെ അത് വിതുമ്പിയിരിക്കാം.അവള്‍ പറഞ്ഞു കൊണ്ടിരിക്കെ എന്‍റെ മേല്‍ തളര്‍ന്നു വീണു.ഞാന്‍ വേഗം ചേട്ടനെ വിളിച്ചു അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.നേരത്തോടു നേരം അവള്‍ ഒരു ആണ്‍ കുഞ്ഞിനു ജന്മം നല്‍കി.ഇതുവരെ അത്രയും  തൂക്കവും ആരോഗ്യവുമുള്ള ഒരു കുഞ്ഞു അവിടെ ഉണ്ടായിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.എല്ലാവരുടെ മുഖത്തും ഒരു സന്തോഷം.!പുറത്തെ കോളിങ്ങ്ബെല്ലിന്റെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി എഴുന്നേറ്റു വാതില്‍ തുറന്നു നോക്കിയപ്പോള്‍..കണ്ണിനെ വിശ്വസിക്കാന്‍ പറ്റാത്തവണ്ണം അവന്‍ എന്‍റെ മുന്നില്‍ ഒരാള്‍ വലുപ്പത്തില്‍ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു, കയ്യില്‍ ഒരു വലിയ കവറുമായി..അവന്‍ പറഞ്ഞു..''ചേച്ചി ഞാന്‍ അമേരിക്കയില്‍ നിന്നും ലീവിന് വന്നതാണ്,എന്‍റെ പഠനം എല്ലാം കഴിഞ്ഞു ഇപ്പൊ നല്ലൊരു ജോലിയില്‍ കയറി, അതിന്റെ ഒരു സന്തോഷത്തിനു '' എന്ന് പറഞ്ഞു അവന്‍ ആ കവര്‍ എനിക്ക് നേരെ നീട്ടി..എന്ത് പറയണം എന്നറിയാതെ..മനസ്സ് കൊണ്ട് ഒരായിരം നന്മകള്‍ ആ മകന് ഞാന്‍ നല്‍കി..എന്‍റെ സ്വപ്നത്തിന്റെ ബാക്കിപത്രമെന്നോണം അവന്‍ മുന്നില്‍ വന്നു നിന്നപ്പോള്‍ ,പണ്ടെപ്പോഴോ ഇല്ലാതാക്കാന്‍ നോക്കിയ ഒരു അമ്മയുടെ നിസ്സഹായ അവസ്ഥയും,''എനിക്കെന്റെ അമ്മയെ വേണമെന്ന് '' പറഞ്ഞു പൊക്കിള്‍ക്കൊടിയില്‍ കടിച്ചു തൂങ്ങിയ ആ മകനും..എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല..!

അനാദികാലം മുതലേ ജനനമരണങ്ങള്‍ തിട്ടപ്പെടുത്തി വച്ചിരിക്കുന്നു ,അത് മനുഷ്യന് അപ്രാപ്യമാം വിധം ബുദ്ധിക്കും ചിന്തക്കും അതീതമാണ്..എല്ലാം അതാതു കാലത്ത് തന്നെ നടക്കും.ഇത് ഒരു സാമാന്യ തത്വമാണ്.

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ