ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Friday, August 2, 2013

അവളുടെ പ്രാര്‍ത്ഥന..


ഇന്ന് അവരുടെ പത്താം വിവാഹ വാര്‍ഷികം ആണ്. . ജീവിതത്തെ ഏറ്റവും മനോഹരമാക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൊച്ചു കുടുംബം..ഇനിയും എന്തൊക്കെയോ ലക്ഷ്യങ്ങള്‍ കണ്ടു മുന്നോട്ട് പോകുന്ന അവന്‍, തികഞ്ഞ ഈശ്വര വിശ്വാസിയും, അതിലേറെ ശുഭാപ്തി വിശ്വാസക്കാരനും ആണ്..അവരുടെ ജീവിതത്തില്‍ അങ്ങനെ പറയത്തക്ക, വഴക്കുകളോ പിണക്കങ്ങളോ ഉണ്ടായിരുന്നില്ല.. തികച്ചും ശാന്തപൂര്‍ണ്ണമായ കുടുബ ജീവിതം.. അവര്‍ക്ക് കൂട്ടിനു ഒരു കുഞ്ഞു പൂമ്പാറ്റക്കിളിയായി അമ്മുവും കൂടെ ഉണ്ട്..

ഉച്ചക്കുള്ള, വിഭവ സമൃദ്ധമായ സദ്യ കഴിച് മോളെയും ഉറക്കി, അവരൊരു ഉച്ചയുറക്കത്തിനുള്ള പുറപ്പാടാണ്.. മുറിയിലേക്ക് കടന്നു വന്ന അവന്‍ അവളോടായി പറഞ്ഞു..'' ചെറിയൊരു വേദന കുറച്ചു ദിവസങ്ങളായി ഈ നെഞ്ചിന്‍റെ ഭാഗത്തായി തോന്നുന്നുണ്ട്, ഒന്ന് ഡോക്ടറുടെ അടുത്തേക്ക് പോകണം.'' സാധാരണ എല്ലാം അവളോട് തുറന്നു പറയാറുള്ള ആള്‍, ഇപ്പോള്‍, എന്തേ ഇത് എന്നോട് നേരത്തേ പറഞ്ഞില്ല എന്ന് ആത്മഗതം ചെയ്തു.. കിടക്കയില്‍ നീണ്ടു നിവര്‍ന്ന കിടക്കുന്ന അവന്‍റെ മാറിലേക്ക് അവള്‍ തല ചായ്ച്ചു കിടന്നു..അവന്‍റെ ഹൃദയമിടിപ്പുകള്‍ അവള്‍ക്കു കേള്‍ക്കാമായിരുന്നു..അവളുടെ തലോടലില്‍ അവന്‍ ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു..അവള്‍ക്കു പക്ഷെ  ഉറങ്ങാന്‍ സാധിക്കുമായിരുന്നില്ല. മനസ്സാകെ അസ്വസ്ഥമായ അവള്‍ ഈശ്വരനോട്  അപേക്ഷിച്ചു...ദൈവമേ, ചേട്ടന്‍റെ ഈ വേദന എനിക്ക് നീ തരണമേ.. ഞാന്‍ ഇത് സ്വീകരിക്കാന്‍ തയ്യാറാണ്", ഈ ഒരേ ഒരു പ്രാര്‍ത്ഥന നീ കേള്‍ക്കണമേ.. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി..പതിയെ അവന്‍റെ ഹൃദയ താളങ്ങള്‍ അവളുടെ കര്‍ണ്ണപടങ്ങളില്‍ നിന്ന് മാഞ്ഞു പോകുന്നാതായി തോന്നി..

അമ്മുവിന്‍റെ കരച്ചില്‍ കേട്ട് ഉറക്കത്തില്‍ നിന്ന് അവന്‍ ഞെട്ടി ഉണര്‍ന്നു.. തന്‍റെ നെഞ്ചില്‍ തലചായ്ച്ചു കിടക്കുന്ന അവളെ അവന്‍ തട്ടി ഉണര്‍ത്താന്‍ ശ്രമിച്ചു, എങ്കിലും അവള്‍ ഉണര്‍ന്നില്ല..

Thursday, August 1, 2013

തുടിപ്പുകള്‍..

നിശ്ചലമായ നിന്‍ ഹൃദയവും പേറി
ഏറെ ദൂരം ഞാന്‍ നടന്നു
എന്റെ നിശബ്ദ രോധനത്തിന്
കേള്‍വിക്കാര്‍ ആരുമുണ്ടായിരുന്നില്ല

ഞാന്‍ മനസ്സിലാക്കി - സഹനങ്ങള്‍
ക്കെന്നും ചുമപ്പ് നിറമാണെന്ന്.
നിന്‍ ചുടു ചോരത്തുള്ളികള്‍ എന്‍
മേനിയിലൂടെ വാര്‍ന്നൊഴുകുമ്പോഴും
പ്രതീക്ഷയുടെ കയ്യൊപ്പുമായ്‌
ഞാന്‍ ഇതാ നടന്നു നീങ്ങുന്നു.

ഒന്നാശ്വസിപ്പിക്കാന്‍ ചുറ്റിലും നോക്കി
ആരെയും ഞാന്‍ കണ്ടില്ല- എന്നല്ല
ഞാന്‍ എന്റെ ദുഃഖം എന്നിലേക്ക്
കടിച്ചമര്‍ത്തി - ജീവന്‍റെ അവസാന
തുടിപ്പുകളെ തേടി ഞാന്‍ ഇന്നും
സൃഷ്ടാവിങ്കലേക്ക് കണ്ണുകളുയര്‍ത്തി യാചിക്കുന്നു...


Monday, July 29, 2013

തല്‍ക്കാലം ഒരു ഭാര്യ...
 
അവന്‍റെ വിവാഹം കഴിഞ്ഞു പതിനെട്ടു - പത്തൊന്‍പതു വര്‍ഷമായിക്കാണും . വീട്ടിലെ ബുദ്ധിമുട്ട് കണ്ടു സഹിക്കവയ്യാതെ  ആണ് അവന്‍ ആദ്യത്തെ കൊച്ചു ഉണ്ടായതോടെ ഗള്‍ഫിലേക്ക് പറന്നത്.ആദ്യ കാലഘട്ടങ്ങള്‍ അങ്ങനെ ഒരു യഥാര്‍ത്ഥ പ്രവാസി ആയി തന്നെ ജീവിച്ചുപോയി..പിന്നെ ഇന്നത്തെ ലോകം അല്ലെ! ജോലി കഴിഞ്ഞാല്‍ വീട്ടില്‍ ഒറ്റക്കിരിക്കുന്നതിനെക്കാള്‍ ഭേദമെന്നു കരുതി അവന്‍ എങ്ങനെ ഒക്കെയോ പൈസ സംഘടിപ്പിച്ച് ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ കമ്പ്യൂട്ടര്‍ വാങ്ങിച്ചു..പതിയെ അതിലെ വിസ്മയങ്ങള്‍ അവനു ഹരം പകര്‍ന്നു.നേരം വെളുക്കുവോളം അവന്‍ അതിനു മുന്നില്‍ ചിലവിട്ടാലും ക്ഷീണമോ തളര്‍ച്ചയോ അവനെ ബാധിച്ചില്ല.എല്ലാ ദിവസവും വീട്ടിലേക്കുള്ള വിളി മെല്ലെ ആഴ്ച്ചയില്‍ ഒന്നാക്കി വെട്ടി ചുരുക്കി.നാട്ടിലെ ഭാര്യയുടെയും കൊച്ചിന്റെയും സുഖവിവരങ്ങള്‍ അറിയാനുള്ള താല്പര്യം കുറഞ്ഞു വന്നു തുടങ്ങി..ഇതൊന്നുമറിയാതെ പാവം ഭാര്യ അവിടത്തെ ചിലവുകള്‍ എല്ലാം വെട്ടി ചുരുക്കി ഒരു മാസം എത്തിക്കാന്‍ നന്നേ പാടുപെടുകയായിരുന്നു.

അവന്‍ ഏതോ മാസ്മരിക ലോകത്തായിരുന്നു. അവിടെ കൂട്ടിനു ഒരു ഓണ്‍ലൈന്‍ ഫ്രണ്ട്നെയും കിട്ടി.അവര്‍ പരസ്പരം അടുത്തറിയാനും ഇടപഴകാനും തുടങ്ങി. അവരുടെ ബന്ധം അതിരുവിടുന്ന കാര്യം പരസ്പരം അറിഞ്ഞിട്ടും,ആ സത്യത്തെ മറച്ചു പിടിച്ച് തല്ക്കാല സുഖങ്ങളുടെ പിറകെ പോവുകയായിരുന്നു.അവന്‍ അവളോട്‌ പറഞ്ഞു '' നീ എന്‍റെ എല്ലാം ആണ്, എന്‍റെ ഭാര്യയുടെ സ്ഥാനത്താണ് , അതുകൊണ്ട്, ഒരു ഭാര്യയുടെ എല്ലാ സ്വാതന്ത്ര്യവും നിനക്കുണ്ട്.'' കേള്‍ക്കാന്‍ എത്ര മധുരമുള്ള വാക്കുകള്‍ അല്ലെ?? ഓര്‍ക്കണം അവളും ഒരു കുടുംബിനിയാണ് എന്ന സത്യം.അവള്‍ക്കും അവളുടെതായ പരിമിതികളും പോരായ്മകളും ഉണ്ട് എന്ന് രണ്ടു പേര്‍ക്കും അറിയാം. വര്‍ഷങ്ങള്‍ കടന്നുപോയി. ഇതിനിടയ്ക്ക് നാട്ടിലേക്ക് ലീവിന് പോയ അവന്  വലിയ അപകടം സംഭവിച്ച് ഒരു ഭാഗം തളര്‍ന്ന് മാസങ്ങളോളം ആയി കിടപ്പിലാണ്..കൊച്ചുങ്ങളുടെ അവധി ആയതിനാല്‍ അവളും കുടുംബവും നാട്ടില്‍ എത്തിയിരുന്നു. അവന്‍റെ അവസ്ഥ അവള്‍ വേദനയോടെ അറിഞ്ഞിരുന്നു. എന്നിരുന്നാലും, അവന്‍ മുന്നേ കൊടുത്ത ആ ഭാര്യയുടെ അവകാശവും പറഞ്ഞ് അടുത്തിരുന്നു ശുശ്രൂഷിക്കാന്‍ അവള്‍ക്കു ആകുമോ?? അല്ലെങ്കില്‍ അതിനു അവളെ സമൂഹം സമ്മതിക്കുമോ?? ഇനി അഥവാ ശുശ്രൂഷിച്ചാല്‍ തന്നെ എത്രനാള്‍?? അവള്‍ എന്നായാലും തിരിച്ചു പോകേണ്ടവള്‍  തന്നെ..വീട്ടിലെ സകല പണികളും കഴിഞ്ഞ് ഭര്‍ത്താവിന്‍റെ കിടയ്ക്കരികെ, ഒരു പോളപോലും കണ്ണടയ്ക്കാതെ ഭര്‍ത്താവിന്‍റെ ആരോഗ്യം തിരിച്ചു കിട്ടുന്നതിനു  വേണ്ടി പ്രാര്‍ത്ഥിച്ചു കാത്തിരിക്കുന്ന സ്വന്തം ഭാര്യോളം വരുമോ ഈ തല്‍ക്കാലത്തേക്ക് അവന്‍ പട്ടം ചാര്‍ത്തി നല്‍കിയ  ഭാര്യക്ക്???

അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അടുത്തിരിക്കുന്ന ഭാര്യയെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആവാതെ അവന്‍ സ്വയം ശപിച്ചുകൊണ്ടെയിരുന്നു.
നിങ്ങള്‍ക്കിഷ്ടപ്പെട്ടവ