ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Friday, October 4, 2013

അവള്‍ അമ്മയാണ്ഇരുള്‍ പതിച്ച വീഥിയില്‍
കണ്ണുനീരിന്റെ കയ്യൊപ്പും പേറി
ഇടനെഞ്ചു പിടയുന്ന വേദനയോടെ
കാണാക്കരയില്‍ മറയുന്നു ഒരുവള്‍ !


സിന്ദൂരം ചാര്‍ത്തിയ നെറ്റിയില്‍
ഇന്ന് ചോര പുരണ്ട കറയുണ്ട്
മാന്‍പേട പോലാ മിഴികളില്‍
അഴലിന്റെ നിഴല്‍ രൂപമുണ്ട്


മാറിലണിഞ്ഞ കനക നക്ഷത്രം
ഇന്ന് ദൂരെ മാറി മിന്നുന്നപോലെ
ഇന്നലെയണിഞ്ഞ പട്ടുചേല
ഇന്നിതാ ഒരു പിടി ചാരമായ്!


അവള്‍ക്കിന്നു നിറമില്ല ഏഴഴകില്ല
വിധി തീര്‍ത്ത വെള്ളക്കുപ്പായമിട്ട്
കാലം സമ്മാനിച്ച കുരുന്നുകളെ
മാറോടടക്കി മുന്നോട്ടു നടന്നവള്‍ ...!


താങ്ങായ് തുണയായ് വന്നവര്‍
ആര്‍ത്തട്ടഹസിക്കുന്നു
സ്വാര്‍ത്ഥത പുകയും
അവരുടെ കണ്ണുകളില്‍


എരിയും വികാരങ്ങള്‍ തന്‍ നെരിപ്പോടുകള്‍
മുള്‍ക്കിരീടത്തിനു മറ്റൊരു അവകാശി കൂടി
പടവുകള്‍ പിന്നിടാനിനിയേറെയുണ്ട്
തിരശ്ശീലയ്ക്കു പിന്നിലുയര്‍ന്ന അപസ്വരങ്ങള്‍
ത്യാഗത്തിന്‍ താളുകളില്‍ എഴുതി ചേര്‍ത്തു....


ഇന്നിന്റെ ചെയ്തികളെ നന്മ കൊണ്ടു കീഴടക്കി
മക്കളെ മാറിലെ ചൂടേറ്റു വളര്‍ത്തി
സത്യത്തിന്‍ സാക്ഷികളായി ...
ഈ വാക്കുകള്‍ തന്‍ സ്പന്ദനം
എന്നിലിന്നൊര്ഗ്‌നിയായ് !
അതേ, അവള്‍ എന്റെ അമ്മയാണ്.
എന്റെ അമ്മ...!Wednesday, October 2, 2013

ആത്മബന്ധം..ഓര്‍മ്മകളില്‍ പോലും മറച്ചുവെക്കാന്‍ ഒന്നുമില്ലാതെ..
വാക്കുകളില്‍ പോലും ദാര്‍ഷ്ട്യമില്ലാതെ ...
സ്വപ്നങ്ങളില്‍ പോലും കളങ്കമില്ലാതെ....
അകലങ്ങളില്‍ ആണെങ്കില്‍ കൂടെ..
അടുത്തറിയുന്ന സ്നേഹ സ്പര്‍ശം...
വാത്സല്യ തലോടലില്‍ മറഞ്ഞിരുന്ന സാന്ത്വനം ...
തുറന്ന വാഗ്വാങ്ങള്‍ ..
പിണക്കങ്ങളില്‍ കൂടുകൂട്ടുന്ന ഇണക്കങ്ങള്‍ ..
കളിചിരികള്‍ക്കിടയിലെ കുഞ്ഞു നൊമ്പരക്കെട്ടുകള്‍ ..
സ്വാതന്ത്ര്യത്തോടെ ഉള്ള കുറ്റപ്പെടുത്തലുകള്‍ ..
മിഴിനീരു കൊണ്ട് കാവ്യങ്ങള്‍ മെനഞ്ഞ....
ഒരു സല്ലാപ നുറുങ്ങുവെട്ടം...
മറ്റാരാലും മാറ്റി വെക്കാനാവാത്ത...
സൌഹൃദം എന്ന ഓമനപേരിട്ടൊരു ...
ആത്മബന്ധത്തിന്റെ കഥ...

Saturday, September 14, 2013

ഞാന്‍ എന്ന സ്വത്വം...


ഞാന്‍ എന്ന വാക്കിനര്‍ത്ഥമെന്ത്

ജന്മം കൊണ്ട് "ഞാന്‍" എന്ന വാക്കി

നൊരു പേര് നല്‍കി വിളിച്ചു "നീ"-

എന്‍റെ ചൂണ്ടു വിരലിനുത്തരമാണ് നീ..

ഞാന്‍ ഞാനാണെന്നിരിക്കിലും

എന്‍റെ പേര് എനിക്ക് സ്വന്തമാകിലും

അപരന്‍റെ പേര് നല്‍കി എന്നെ നീ

പലകുറി ആക്ഷേപിച്ചതെന്തിന്

ചിലര്‍ക്ക് ഞാന്‍ കാവ്യയോ മാധവിക്കുട്ടിയോ

മറ്റു ചിലര്‍ക്കൊരു കോമാളിയോ

എങ്കിലും ഞാന്‍ ഞാനല്ലാതാകുന്നില്ലല്ലോ

ഞാനെന്ന വാക്കിലാണെന്‍റെ അസ്തിത്വം

നിന്‍റെ ജല്പനങ്ങള്‍ കൊണ്ടതിന്‍റെ

അടിവേരിളകിയെങ്കില്‍ ---അവിടെ

മരിച്ചു ഈ ഞാന്‍ എന്ന സ്വത്വം!


Thursday, September 12, 2013

ഓര്‍മ്മക്കെട്ടുകള്‍മനസ്സിന്‍റെ നിശബ്ദ ചലനങ്ങള്‍ക്കിടയിലടര്‍ന്നു
വീഴ്ന്നൊരു ചുടുബാഷ്പമെന്‍
നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തി ഞാനടക്കം പറയുമ്പോള്‍
തെളിഞ്ഞു നിന്നൂ നിന്‍ നിഴല്‍ രൂപം.

ആ നിഴലിനെ പിന്‍ചെന്നെന്‍ ചേതോവികാര
വീചികളിലെവിടെയോ ചെന്നുടക്കി നിന്നൂ
ഓര്‍മ്മതന്‍ മണിച്ചിപ്പിക്കുള്ളില്‍
കിലുങ്ങും മഞ്ചാടികുരുക്കളോന്നില്‍

അറിയാതെന്‍ വിരലോടിചെന്നെടുത്ത
മാത്രയിലറിഞ്ഞു ഞാനതിന്‍ സ്പന്ദനങ്ങള്‍
അവയ്ക്കിന്നും പ്രണയത്തിന്‍ സുഗന്ധമുണ്ടെന്നോ?
അവയ്ക്കിന്നും നോവിന്‍ മുറിപ്പാടുണ്ടെന്നോ?

ഓര്‍മ്മക്കെട്ടുകളോന്നൊന്നായ്‌
അഴിച്ചെടുത്തു ഞാനാ തീന്മേശമേല്‍
നിരത്തിയപ്പോള്‍ കണ്ടൂ ആ പാനാപാത്രം
തുളുമ്പും പ്രേമത്തിന്‍ മധുകണങ്ങള്‍

കാല്പനികതയുടെ സ്വര്‍ണ്ണചാമരതേരില
ന്നു നീയെന്‍ ചാരത്തണഞ്ഞ നേരം
മങ്ങിയ വെട്ടത്തില്‍ നീയാ പാനപാത്രമെന്‍
ചുണ്ടോടടുപ്പിച്ചപ്പോള്‍ ഉണ്ടായ ഉന്മത്തലഹരിയില്‍
ദൂരെ മാനത്തെ താരകള്‍ കണ്ണ് ചിമ്മി

മണ്‍ മറഞ്ഞ ഓര്‍മ്മകളില്‍ നിന്ന് ഞാന്‍
ഞെട്ടിയുണര്‍ന്നപ്പോള്‍ നീ നിഴലായ്‌ മാറിയിരുന്നു.
എന്നിലെ നിന്നെ മുഴുമിപ്പിക്കാതെ
നീ നടന്നകലുംമ്പോഴും

ഇനിയും എഴുതി തീരാത്ത കാവ്യം പോലെ നിന്‍റെ
മധുര സ്മരണകള്‍ എന്നില്‍ പുതുജീവനെകുന്നുSaturday, September 7, 2013

നിഴല്‍...!
ഇതുവരെ കേള്‍ക്കാത്തൊരീണം കേട്ടു ഞാന്‍ 
ഇതുവരെ പാടാത്തൊരു പാട്ടൊന്നു മൂളി ഞാന്‍
പാടിപ്പതിഞ്ഞ ഗാനങ്ങളില്‍ ഒന്നിലുപോലും
നിന്ടെ താരാട്ടിനിമ്പം ഞാന്‍ കേട്ടതില്ല

കാത്തിരുന്നു കിട്ടിയൊരു പുണ്യമാണിന്നു നീ..
എന്‍ സ്വപ്നങ്ങളില്‍ പാറി പറക്കുന്ന ശലഭമാണ് നീ..
നിനയ്ക്കാതെ കൈവന്ന നിധിയാണ്‌ നീ..
എന്‍ ഹൃദയതന്ത്രികളില്‍ ഉതിരുന്ന രാഗമാണിന്നു നീ..

കണ്ടിട്ടും കാണാതെ പോയൊരു..
അറിഞ്ഞിട്ടും അറിയാതെ പോയൊരു..
സമയതികവില്‍ എന്‍ നിഴലായി വന്ന..
മുന്‍ജന്മ സുകൃതമാണിന്നു നീ...

Friday, September 6, 2013

മൂടുപടം..!
കാലത്തിന്‍റെ കുത്തൊഴുക്കില്‍പ്പെട്ട് ഞാനും നീന്തുകയാണ് .ഒരു കരപറ്റും എന്നുള്ള വിശ്വാസത്തില്‍. ലക്ഷ്യബോധമില്ലാതെ നടന്നിരുന്നപ്പോഴും അജ്ഞാതമായ ഒരു ശക്തി എന്നെ നയിച്ച്‌ കൊണ്ടിരുന്നു നേരായ വഴിയിലൂടെ ചരിക്കാന്‍.ആ ശക്തി എന്‍റെ ഉള്ളിന്‍റെ ഉള്ളിലെ വിശ്വാസവും സ്നേഹവും കരുണയും തന്നെയായിരുന്നു..ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നപ്പോഴും തളരാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചു..എല്ലാവരുമണിയും പോലൊരു മൂടുപടം ഞാനും ധരിച്ചിരുന്നു..എന്നിലെ എന്നെ മറച്ച് മറ്റുള്ളവരുടെ കണ്ണിലെ സന്തോഷം കാണാന്‍ ആയി ,സ്വയം അവരിലൊരാളായി ഞാന്‍ മാറിക്കൊണ്ടിരുന്നു.ഇത് കാലം എന്നെ കൊണ്ട് ആവശ്യപ്പെടുന്ന ഒരു മാറ്റമാണ്..ഇന്ന് എനിക്ക് ചുറ്റുമുള്ളവര്‍ എന്നെ പുകഴ്ത്തി പറയുമ്പോഴും, കുത്തുവാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുമ്പോഴും ,കളിയാക്കി ചിരിക്കുമ്പോഴും എനിക്ക് പരാതികള്‍ ഇല്ല.രാത്രിയുടെ നിശബ്ദ യാമങ്ങളില്‍ ഞാന്‍ വെച്ച ആ മൂടുപടം അഴിച്ചുവെക്കും..അപ്പോഴാണ്‌ ഞാന്‍ ഞാനായി തീരുന്നത്, എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ ഇഴുകിചേരുന്നത്, എന്‍റെ ഭാവനകള്‍ക്ക് ചിറകുകള്‍ മുളയ്ക്കുന്നത്..ആ ലോകത്തില്‍ എനിക്ക് എന്‍റെതായ കുഞ്ഞിഷ്ടങ്ങളുണ്ട്,കുട്ടിപിണക്കങ്ങളുണ്ട് ,ഞാന്‍ തീര്‍ത്ത ഒരു മനോഹരമായ വീടുമുണ്ട്..ആ വീട്ടില്‍ എന്‍റെ ഇഷ്ടങ്ങളാണ് ! അവിടെ ബന്ധനങ്ങളില്ല,കെട്ടുപാടുകളുമില്ല,കാത്തിരുപ്പുകളില്ല..എന്‍റെ രാജ്യത്തെ റാണിയാണ് ഞാന്‍ .

ക്ലോക്കില്‍ മണി അഞ്ചടിച്ചു..എനിക്കെന്‍റെ ലോകത്തില്‍ നിന്നും താഴെ ഇറങ്ങാന്‍ നേരം ആയിരിക്കുന്നു..തലേന്ന് കഴുകി ഉണക്കാന്‍ വെച്ച ആ മൂടുപടം ഞാന്‍ എടുത്തു വെച്ച് ,മുഖത്തൊരു പ്ലാസ്റ്റിക്‌ ചിരിയുമായി ഒരു ദിനം കൂടി...!ഇന്നീ ദിവസം ഞാന്‍ എത്രപേര്‍ക്ക് കറിവേപ്പിലയാവും,? എത്രപേര്‍ക്ക് കോമാളിയാവും? എത്രപേര്‍ക്ക് പാവയാവും ? എന്ന് പറയാനാവില്ല..കാരണം അമൂല്യമെന്നു കരുതിയിരുന്ന വിശ്വാസവും,കരുണയും,സ്നേഹവും എല്ലാം ഇന്ന് തട്ടുകടയില്‍ വില്‍ക്കുന്ന കൃത്രിമ വസ്തുക്കളായി മാറിക്കഴിഞ്ഞിരിക്കുന്നു...ആവശ്യമെങ്കില്‍ നമുക്കൊക്കെ അത് വാങ്ങിക്കാം . അതുകഴിഞ്ഞാല്‍ പിന്നെ അതിന്‍റെ സ്ഥാനം ചവറ്റുകുട്ടയില്‍ ആണ്..

ഇങ്ങനെ ഒക്കെ ഞാന്‍ പറയുമെങ്കിലും, ഞാന്‍ സുരക്ഷിതയാണ് .കാരണം,എനിക്കുമുണ്ടൊരു മൂടുപടം . ആരുമറിയാതെ പാവം ഞാന്‍ അതിനകത്ത്‌ ഒളിച്ചിരിപ്പുണ്ട്..നേരമിരുളാന്‍ ഇനി നാഴികകള്‍ മാത്രം....!Thursday, September 5, 2013

അക്ഷരങ്ങള്‍

സ്വന്തം ചെയ്തികള്‍ തിരിച്ചറിയാതെ

വിധിയെ പഴിക്കുന്ന കോമരങ്ങള്‍


ഉറഞ്ഞു തുള്ളുംമ്പോഴും വാക്കുകള്‍

വാളായി ചലിച്ചു കൊണ്ടേയിരുന്നു

ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വാക്കുകള്‍

മുള്ളുകള്‍ കൊണ്ടുണ്ടാക്കിയ മുറിപ്പാടുകള്‍

ചോരത്തുള്ളികളായ് കട്ടപിടിച്ചിരിക്കുന്നു

ചുരണ്ടി മാറ്റാന്‍ ഏറെ പണിപ്പെട്ടെങ്കിലും

കറ പുരണ്ട മനസ്സിനെ സാന്ത്വനിപ്പിക്കാന്‍

നീ തന്നെ അക്ഷരങ്ങളെ തേടി പോകണം.


Sunday, September 1, 2013

ദൃഷ്ടി

എനിക്കുമുണ്ടൊരു ദൃഷ്ടി
നിനക്കുമുണ്ടൊരു ദൃഷ്ടി

കണ്ണുള്ളവനൊരു ദൃഷ്ടി
കണ്ണില്ലാത്തവനൊരു ദൃഷ്ടി..!


സത്യത്തിന്‍  ദൃഷ്ടി
അകക്കണ്ണ് തീര്‍ക്കും,
ദൃഷ്ടികള്‍ക്കുമപ്പുറം ..!


ചേലയുടുത്തു മാലയണിഞ്ഞു 
വേലയ്ക്കു പോകും ഒരു സുന്ദരിയോ
ഇവള്‍ക്കുമുണ്ടൊരു മുഖ ദൃഷ്ടി !

ജനിച്ച നാള്‍ മുതല്‍ തുടങ്ങുന്നു
നിന്‍ ദോഷൈക ദൃഷ്ടികള്‍..
മരിക്കുമ്പോള്‍ അടക്കുമോ
ദൃഷ്ടിതന്‍ ദോഷങ്ങളെ...?Saturday, August 31, 2013

തിരിനാളം ..നിന്‍ മൌനത്തിന്‍ ഭാഷയോ
അതിലൂറും ചുടുബാഷ്പമോ
വണ്ടോട് ഞാനക്കാര്യം ഓതി
ചുണ്ടോടു അതൊപ്പിയെടുക്കുവാന്‍

നിന്‍ ഹൃത്തിലൂടൂര്‍ന്നൊരാ സ്നേഹം
സ്വന്തമാക്കുവാനേറെ മോഹം
മാണിക്യമായ് ഞാന്‍ കാത്തുവെച്ചോരു
വരണമാല്യമായ്‌ എന്‍ മാറിലണിയാന്‍

ആനന്ദമായ് ആത്മപീയൂഷമായ്‌
സാഫല്യമായ്‌ പ്രേമനൈവേദ്യമായ്‌
കണികൊന്നതന്‍ പൂമൊട്ടിനെ വരവേല്‍ക്കുവാന്‍
മണിശലഭങ്ങളായ് നാം കൂടണയവേ

നിനയ്ക്കാതെ വന്നയീ വിരഹം
തരും വിങ്ങലെന്‍ നെഞ്ചകത്തില്‍
പെയ്യാതെ പെയ്തയീ മഴയില്‍
വരും ഓര്‍മകള്‍ തന്‍ നിത്യവസന്തം

എന്തേയിത്ര വൈകി നീ..
എന്തേയിത്ര വൈകി നീ-
യെന്‍ ചാരത്തണയാന്‍ പ്രിയനേ
വിതുമ്പുമെന്‍ ഹൃദയത്തിന്‍ മണിനാദം

ഏറെ വൈകിയെന്നാലും നിനക്കായ്‌
ഞാന്‍ കൊളുത്തിയ തിരിനാളം
അണയ്ക്കാതെ ഞാന്‍ കാത്തിടാം
എന്‍ ശ്വാസം നിലയ്ക്കുവോളം..
 

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ